മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്
കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം വില നിയന്ത്രണം വന്നെങ്കിലും എൻ 95 മാസ്‌കിന് ഉൾപ്പെടെ അധിക വില ഈടാക്കുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 13 കേസുകളും മാസ്‌കുമായി ബന്ധപ്പെട്ടാണ്.
കോവിഡ് പ്രതിരോധ ഉൽപന്നങ്ങളുടെ അമിതവില, നിയമവിധേയമല്ലാത്ത പായ്ക്കേജുകളുടെ വിൽപ്പന, സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾക്ക് അധിക വില ഈടാക്കൽ തുടങ്ങിയവ കണ്ടെത്തുന്നതിനായി ജൂൺ ആദ്യവാരം 131 സ്ഥാപനങ്ങളിലാണ് ലീഗൽ മെട്രോളജി പരിശോധന നടത്തിയത്.
കോവിഡ് പടരുന്നതിനിടെ മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും, മറ്റ് അവശ്യ സാധനങ്ങളുടെയും വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് സ്‌ക്വാഡ് രൂപീകരിച്ചുള്ള പരിശോധന.
ജില്ലയിലെ വിവിധ റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ നാല് കേസുകളെടുത്തു. 50 കിലോഗ്രാം അരിയിൽ അഞ്ച് കിലോയുടെയും എട്ട് കിലോ അരിയിൽ മൂന്ന് കിലോയും തൂക്കം കുറച്ച് ഗുണഭോക്താവിന് നൽകിയതിന് രണ്ട് കേസുകളാണ് എടുത്തത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലയളവിലും ജില്ലയിൽ 14 റേഷൻ കടകൾക്കെതിരെ അളവിൽ കൃത്രിമം കാണിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
ഡെപ്യൂട്ടി കൺട്രോളർമാരായ പി. ശ്രീനിവാസ, എസ്.എസ്.അഭിലാഷ്, അസിസ്റ്റന്റ് കൺട്രോളർ കൃഷ്ണകുമാർ ടി.കെ, ഇൻസ്പെക്ടർമാരായ എം രതീഷ്, ശശികല കെ, രമ്യ കെ.എസ്, ജീവനക്കാരായ പവിത്രൻ, ശ്രീജിത്ത്, റോബർട്ട് പെര, ഷാജി, മുസ്തഫ ടി.കെ.പി, അജിത്ത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
No comments