Breaking News

മെസിയെ മറികടന്ന് ഛേത്രി ചരിത്ര നേട്ടത്തിൽ; അന്താരാഷ്ട്ര ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അവസാന പത്തിൽ


ഇന്നലെ ദോഹയിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി മറികടന്നത്.

ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ നായകന്റെ ആകെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി വര്‍ധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസിക്ക് ഇതുവരെ നേടാൻ കഴിഞ്ഞത്. ഇതോടെ നിലവില്‍ ഫുട്ബോള്‍ താരങ്ങളില്‍ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരനായി ഛേത്രി മാറി.


73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി ഇന്നലെ മറികടന്നു. നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 അന്താരാഷ്ട്ര ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. 2006ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇറാന്‍ താരം അലി ദേയ് ആണ് 109 ഗോളുകളോടെ പട്ടികയിൽ ഒന്നാമത്.

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ 10 താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിയെ മറികടന്ന് ഛേത്രി ഇടംനേടിക്കഴിഞ്ഞു. പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഛേത്രി. ആദ്യ പത്തില്‍ 75 ഗോളുമായി കുവൈത്തിന്റെ ബഷര്‍ അബ്ദുള്ളയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. മെസിക്ക് 12-ാം സ്ഥാനമാണുള്ളത്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ ഛേത്രിക്ക് പെലെയെ മറികടക്കാം.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ മത്സരത്തില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ ഇന്ത്യ ഏകപക്ഷീയമായ ജയം നേടുകയായിരുന്നു. ആദ്യ പകുതിയിൽ ബംഗ്ലാദേശിന്റെ ഡിഫൻസിനെ മറികടക്കാൻ ഇന്ത്യ പാടുപെട്ടെങ്കിലും രണ്ടാം പകുതിയിൽ ബംഗ്ലാദേശിന്റെ പ്രതിരോധ മതിൽ തകർത്തുകൊണ്ട് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കി. മത്സരം ജയിച്ചതോടെ ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു.

ആക്രമണത്തിന് മുൻതൂക്കം നൽകുന്ന ഒരു ടീമിനെയാണ് പരിശീലകനായ ഇഗോർ സ്റ്റീമാച്ച് ഇന്നലെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഏഷ്യയിലെ വമ്പന്മാരായ ഖത്തറിനെതിരെ ആദ്യ 20 മിനുട്ടുകൾക്കുള്ളിൽ തന്നെ 10 പേരുമായി ചുരുങ്ങിയിട്ടും അവർക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയത്തിൻ്റെ ലക്ഷണങ്ങൾ ഈ കളിയിൽ മുഴുവൻ പ്രകടമായിരുന്നു. മത്സരത്തിലെ 79-ാം മിനിട്ടിലാണ് ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിലായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ.

No comments