മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ രണ്ടാനച്ഛൻ മരിച്ചു
തിരുവനന്തപുരം: കല്ലറ പാങ്ങോട് മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ രണ്ടാനച്ഛൻ മരിച്ചു. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതി ഷൈജുവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു.
_ജൂൺ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-ന് ഉച്ചകഴിഞ്ഞ് വീടിന് സമീപത്തെ സ്ഥലത്ത് വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇത് അടിപിടിയിൽ കലാശിച്ചു. ലിജുവിനെ ഷൈജു തല പിടിച്ച് തറയിൽ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ ലിജു അബോധാവസ്ഥയിലാവുകയും ചെയ്തു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ലിജുവിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ലിജു മരിക്കുകയായിരുന്നു.
ലിജുവിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ ഷൈജുവിനെ വെള്ളിയാഴ്ച രാത്രിയോടെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ശനിയാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments