യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ജില്ലയിൽ മറ്റൊരു യുവതിയെ കൂടി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിലും ഭര്‍ത്തൃപീഡനമെന്നാണ് പരാതി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഭർത്താവിൽ നിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തൻകുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 30 വയസ്സായിരുന്നു.
കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.
സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്ന് ഷാഹിദ കമൽ പറഞ്ഞു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉന്നയിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കും.
ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെ വിജിതയെ പുറത്തെടുത്തുവെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷ് ഒളിവിലാണ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. രതീഷ് സ്ഥിരമായി വിജിതയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് മകൻ അർജുൻ പറഞ്ഞു. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിത എസ് ഐ സരിത, എ എസ് ഐ ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
No comments