പഞ്ചായത്ത് മെമ്പറായിട്ടും പതിവ് തെറ്റിക്കാതെ പാടത്ത് പണിക്കിറങ്ങി ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ ഖാദർ
ബളാൽ : ഒരേക്കർ നെൽ പാടത്ത് വിരിപ്പ് കൃഷിക്കായി ഞാറ് നടുന്ന തിരക്കിലാണ് ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി. അബ്ദുൽ ഖാദർ.
നെൽകൃഷി അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന മലയോരത്ത് കുടുംബപരമായി കൊണ്ടു നടക്കുന്ന നെൽവയലിൽ വർഷങ്ങളായി അബ്‌ദുൾ ഖാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജന പ്രതിനിധിയായിട്ടും ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ശ്രേയസ് നെൽവിത്ത് ഉപയോഗിച്ചാണ് ഇക്കുറി അബ്ദുൽ ഖാദർ കൃഷി ഇറക്കിയിരിക്കുന്നത്.ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി.ഒരു കാലത്ത് ഹെക്റ്റർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ ലാഭനഷ്ടങ്ങൾ കണക്കാക്കാതെ വർഷങ്ങളായി സ്ഥിരം നെൽകൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ ഖാദർ.
പാരമ്പര്യ നെൽകൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൾ ഖാദർ അടുത്ത കാലത്താണ് യന്ത്രവൽകൃത കൃഷിരീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പാരമ്പര്യ രീതിയിൽ തന്നെയാണ്. സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ടാകും.
ഇത്തവണ കോവിഡ് മൂലം തൊഴിലാളികളെ ലഭ്യമല്ലാത്തതിനാൽ പ്രതിസന്ധിയിലാണെന്ന് അബ്ദുൽ കാദർ പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ ഇത്തവണത്തെ നെൽകൃഷിയുടെ ഉദ്ഘാടനം വയലിൽ ഇറങ്ങി ഞാറ് നട്ടു കൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു.
വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ. വൈസ് പ്രസിഡന്റ് എം. രാധാമണി. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റിയൻ എന്നിവരും വയലിൽ ഇറങ്ങി ഞാറ് നട്ടു.
No comments