Breaking News

കോവിഡ് മൂലം ദുരിതത്തിലായ കപ്പ കർഷകരെ സഹായിക്കാൻ ബളാൽ പഞ്ചായത്ത്‌ ആരംഭിച്ച കപ്പ ചലഞ്ചിൽ ആദ്യദിനം വിറ്റു തീർന്നത് ആയിരം കിലോ പച്ചകപ്പ



 


വെള്ളരിക്കുണ്ട് : കോവിഡ് മൂലം വിറ്റഴിക്കാൻ കഴിയാതെ കിടന്ന കപ്പ കർഷകരുടെ കപ്പവിറ്റഴിക്കാൻ വേണ്ടി ബളാൽ പഞ്ചായത്തും കൃഷി ഭവനും നടപ്പാക്കിയ കപ്പ ചലഞ്ചിൽ ആദ്യ ദിനം വിറ്റു തീർന്നത് ആയിരം കിലോ പച്ചകപ്പ.


ബളാൽ പഞ്ചായത്തിലെ കൃഷി ഭവനിൽ രജിസ്റ്റർ ചെയ്ത കപ്പകർഷകരുടെ 30 ടണ്ണോളം  വരുന്ന പച്ചക്കപ്പയാണ് കോവിഡ് മൂലം വിളവെടുക്കാതെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കിടക്കുന്നത്.


ഇതിൽ ഭക്ഷ്യ യോഗ്യമായ അഞ്ചു ടൺ  കപ്പയാണ് കപ്പ ചലഞ്ചിൽ കൂടി വിറ്റു തീർക്കാൻ പഞ്ചായത്തും കൃഷി ഭവനും തീരുമാനിച്ചത്.

ഇതിന് കുടുംബശ്രീ സി. ഡി. എസിന്റെ കൂടി സഹായം തേടി.പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ അലക്സ് നെടിയകാലയിൽ ഒരു ടൺ കപ്പ തന്റെ വാർഡിൽ വിറ്റു തീർത്ത്‌ കർഷകരെ സഹായിക്കാം എന്ന തീരുമാനവുമായി ആദ്യചലഞ്ച് ഏറ്റെടുത്ത്‌ മുന്നോട്ട് വന്നു.


കർഷകരിൽ നിന്നും കപ്പ ശേഖരിച്ച് അഞ്ചു കിലോ തൂക്കം വരുന്ന പായ്ക്കറ്റുകൾ ആക്കിയായിരുന്നു വിതരണം.


അഞ്ചു കിലോപച്ചകപ്പയ്ക്ക് 60 രൂപ വില തോതിൽ ആയിരം ടൺ കപ്പ  ആറാം വാർഡിൽ തന്നെ  കുടുംബശ്രീ അംഗങ്ങൾ മുഖേന വിറ്റഴിക്കുകയും ചെയ്തു.

അടുത്ത ദിവസം മുതൽ മറ്റു വാർഡുകളിലും  കപ്പവിൽപ്പന നടക്കും.

കർഷകർ നേരിട്ട് തന്നെ അവശ്യ ക്കാർക്ക് അവരുടെ വീടുകളിൽ കപ്പ പായ്ക്കറ്റുകൾ എത്തിച്ചു നൽകും.പഞ്ചായത്തിലെ കപ്പകർഷകരെ സഹായിക്കുവാൻ ആരംഭിച്ച കപ്പചലഞ്ച് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ അധ്യക്ഷത വഹിച്ചു.


പഞ്ചായത്ത്‌ അംഗങ്ങൾ ആയ ജെസ്സി ടോമി, ബിൻസി ജയിൻ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റിയൻ. കുടുംബശ്രീ ചെയർപേഴ്സൺ ജാൻസി ടോമി എന്നിവർ പ്രസംഗിച്ചു.

No comments