Breaking News

Euro Cup | തുർക്കിയെ തകർത്ത് യൂറോ പടയോട്ടം തുടങ്ങി ഇറ്റലി ; വിജയം മൂന്ന് ഗോളിന്


യൂറോ കപ്പിലെ ഉദ്ഘടന മത്സരത്തിൽ തകർപ്പൻ ജയവുമായി ഇറ്റലി. ഗ്രൂപ്പ് എയിൽ റോമിൽ നടന്ന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് അസൂറിപ്പട ടൂർണമെന്റിലെ ആദ്യത്തെ ചുവടുവയ്പ്പ് ഗംഭീരമാക്കിയത്. ടൂർണമെന്റിലെ കറുത്ത കുതിരകളായ തുർക്കിക്കെതിരെ തീർത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ വിജയം. മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ഇറ്റലിക്കായി സീറോ ഇമ്മൊബിലെ, ലോറെൻസോ ഇൻസിനി എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിലെ മറ്റൊരു ഗോൾ തുർക്കി താരം മെറി ഡെമിറാലിന്റെ വക സെല്ഫ് ഗോൾ ആയിരുന്നു.

ഇറ്റലി പരിശീലകനായ റോബർട്ടോ മാൻചീനിക്ക് കീഴിൽ ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇത്. കഴിഞ്ഞ 28 മത്സരങ്ങളിൽ ഇറ്റലി തോൽവിയറിഞ്ഞിട്ടില്ല. പ്രതിരോധത്തിന്റെ ആശാന്മാരായ ഇറ്റലി ഇന്നലെ കാഴ്ചവച്ചത് മനോഹരമായ ആക്രമണ ഫുടബോൾ ആയിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇറ്റലി തുർക്കിയെ ഒരു ഘട്ടത്തിൽ പോലും കളിയുടെ നിയന്ത്രണം കയ്യിലെടുക്കാൻ സമ്മതിച്ചതുമില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കളിയിലെ മൂന്ന് ഗോളുകളും പിറന്നത്.

തങ്ങളെ ഗോൾ നേടാൻ അനുവദിക്കാതെ പ്രതിരോധക്കോട്ട തീർത്ത് നിന്ന തുർക്കിയുടെ ദാനമായി കിട്ടിയ ഗോളിലാണ് ഇറ്റലി തങ്ങളുടെ അക്കൗണ്ട് തുറന്നത്. 53 ആം മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങ്ങുലൂടെ കുതിച്ചെത്തിയ ബെറാർഡിയുടെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. ഇതോടെ ആക്രമണത്തിന് മൂർച്ച കൂട്ടിയ അസൂറികൾക്ക് ഗോൾ നിഷേധിച്ചത് തുർക്കി ഗോളി കാകിറിന്റെ തകർപ്പൻ രക്ഷപ്പെടുത്തലുകൾ ആയിരുന്നു. എന്നാൽ, ഇറ്റലിയുടെ മുന്നേറ്റം അധിക നേരം ചെറുക്കാൻ തുർക്കി ഗോളിക്ക് കഴിഞ്ഞില്ല. 66ആം മിനിറ്റിൽ ഇമ്മൊബിലെയിലൂടെ ഇറ്റലി തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ഇറ്റലി താരം സ്പിനാസോള എടുത്ത ഷോട്ട് തുർക്കി ഗോളി കുത്തിയകറ്റി എങ്കിലും റീബൗണ്ട് ചെന്ന് വീണത് ഇമ്മൊബിലെയ്ക്ക് മുന്നിലായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം എടുത്ത ഷോട്ട് തുർക്കി വല തുളച്ച് കയറുകയായിരുന്നു. 79ആം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇറ്റലി തങ്ങളുടെ മൂന്നാം ഗോൾ നേടിയത്. ഇമ്മൊബിലെ നടത്തിയ മുന്നേറ്റത്തിൽ താരത്തിന്റെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനി പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കൃത്യം പായിച്ച് ഇറ്റലിയുടെ വിജയം ഒന്നുകൂടി ആധികാരികമാക്കുകയായിരുന്നു.


മത്സരത്തിൽ ആക്രമിച്ചു കളിച്ച ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത് 18ആം മിനിറ്റിലാണ് പക്ഷേ ലോറന്‍സോ ഇന്‍സിനി എടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. പിന്നീട് 22ആം മിനിറ്റിൽ ഗോള്‍കീപ്പര്‍ കാകിര്‍ തുര്‍ക്കിയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറില്‍ നിന്ന് ജോര്‍ജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡര്‍ അദ്ദേഹം തട്ടി അകറ്റുകയായിരുന്നു. ഇതിനിടെ മറുവശത്ത് 35ആം മിനിറ്റില്‍ തുര്‍ക്കിക്കും അവസരം ലഭിച്ചു. പക്ഷെ തുർക്കി സ്‌ട്രൈക്കർ ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞിടുകയായിരുന്നു. ഇതിനിറെ ആദ്യ പകുതിയിൽ തുർക്കി താരങ്ങൾക്കെതിരെ ഹാൻഡ് ബോൾ അപ്പീലുകൾ ഉയർന്നെങ്കിലും റഫറി നിഷേധിക്കുകയായിരുന്നു. എന്നാൽ പിന്നീട് തുർക്കിക്ക് മത്സരത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. മധ്യ നിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്ത് എത്താതെ വന്നതോടെ അവർക്ക് ഗോളുകൾ നേടാനും സാധിച്ചില്ല.

നേരത്തെ, അരമണിക്കൂറോളം നീണ്ട വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോടെയാണ് യൂറോയ്ക്കു അരങ്ങുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്നു നിശ്ചിത ശതമാനം കാണികള്‍ക്കു മാത്രമേ സ്‌റ്റേഡിയത്തിലേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ.

No comments