Breaking News

കലാകാരൻമാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: നാടക് കാസർഗോഡ് ജില്ലാ കമ്മിറ്റി സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകി


കാസർഗോഡ്: നാടകം ഉൾപ്പെടെയുള്ള പെർഫോമിംഗ് ആർട്ടിസ്റ്റുകൾക്ക് കോവിഡ് കാല പ്രത്യേക പുനരധിവാസ  പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാടക് കാസർഗോഡ് ജില്ല കമ്മിറ്റി സംസ്കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.നാടകത്തോടൊപ്പം തെയ്യം,പൂരക്കളി,  നാടൻ പാട്ട് തുടങ്ങി നിരവധി അനുഷ്ഠാന- നാടോടി കലാ രൂപങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കലാ സമൂഹത്തിന്  പ്രത്യേക സാമ്പത്തിക  പാക്കേജ് അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.അമേച്വർ -പ്രൊഫഷണൽ നാടക മേഖലയ്ക്ക് മാത്രമായി പ്രത്യേക സാമ്പത്തിക പാക്കേജും സർക്കാരിൻ്റെ വിവിധ സ്ഥാപനങ്ങൾ വഴി അവതരണ സാധ്യത ഉണ്ടാക്കാൻ കഴിയുന്ന പ്രവർത്തന പദ്ധതിയും ആവിഷ്കരിക്കണം.

അന്യം നിൽക്കുന്ന അനുഷ്ഠാന നാടോടി കലകളെ സംരക്ഷിത കലകളായി  പ്രഖ്യാപിക്കാനും കലാകാര ക്ഷേമനിധിയിൽ കെട്ടിക്കിടക്കുന്ന  അപേക്ഷകൾ പരിഗണിച്ച് അർഹരായവർക്ക് അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു.   


കഴിഞ്ഞ 15 മാസമായി യാതൊരു തരത്തിലും സ്വന്തം ജീവിതാവശ്യത്തിനോ കുടുംബത്തെ സഹായിക്കാനോ ഒരു വരുമാനവും ഉണ്ടാക്കാൻ കഴിയാത്ത കലാകാര സമൂഹം വലിയൊരു അപകടാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കടം കയറി ജീവിതം വഴിമുട്ടി നട്ടം തിരിയുന്നവരും ആത്മഹത്യയെ അഭയം പ്രാപിച്ചവരും നിരവധിയാണ്. ഈ സാഹചര്യത്തിൽ  ഈ മേഖലയെ നിലനിർത്താൻ  ആവശ്യമായ കാര്യങ്ങൾ കരുതലോടെ ചെയ്യണമെന്നും സാമ്പത്തികമോ സാമുഹ്യമോ ആയ യാതൊരു സുരക്ഷയും ഇല്ലാത്ത അവതരണ കലാസമുഹത്തെ രക്ഷിക്കാൻ ക്രിയാത്മാകമായ പദ്ധതികൾ മുന്നോട്ട് വെക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.നാടക് ജില്ല സെക്രട്ടറി പി വി അനുമോദ് ,സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ മാണിയാട്ട് എന്നിവരാണ് മന്ത്രിയെ  കണ്ട് നിവേദനം നൽകിയത്.

No comments