കല്യാണത്തിന് 20 പേർ, ബെവ്‌കോയ്ക്ക് മുന്നിൽ കൂട്ടയിടി; സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. എക്സൈസ് കമ്മിഷണറും ബെവ്കോ എംഡിയും ഓൺലൈൻ മുഖാന്തരം കോടതിക്ക് മുന്നിൽ ഹാജരായിരുന്നു.
കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ മുന്നിലുളള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് പേർ മദ്യശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ബെവ്കോ ഔട്ട്ലെറ്റുകൾത്ത് മുന്നിൽ ക്യൂനിൽക്കുകയാണെങ്കിൽ രോഗവ്യാപനം ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് അഞ്ഞൂറോളം പേരാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ ലോക്ഡൗണിന് ശേഷം ബെവ്കോ തുറന്നപ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനുളള സംവിധാനം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു സംവിധാനവുമില്ല. സർക്കാർ ഇക്കാര്യത്തിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്. പരമാവധി തിരക്ക് ഒഴിവാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ കോടതി ഈ വാദം തള്ളിക്കളഞ്ഞു. പത്തുദിവസത്തിനകം ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് എക്സൈസ് കമ്മിഷണർക്കും ബെവ്കോ എംഡിക്കും കോടതി നിർദേശം നൽകിയിരിക്കുന്നത്.
No comments