Breaking News

കച്ചവടത്തിനിടയിലും കൃഷിയെ കൈവിട്ടില്ല.. വെള്ളരിക്കുണ്ടിലെ വ്യാപാരി ദമ്പതികളുടെ മത്സ്യകൃഷിയിൽ നൂറ്മേനി വിളവ്




വെള്ളരിക്കുണ്ട് : കൃഷിയും കച്ചവടവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് വെള്ളരിക്കുണ്ടിലെ വ്യാപാരി ദമ്പതികളായ പി.എം ബേബിയും ഭാര്യ ജെസ്സിയും. ഇവർ ഒരുക്കിയ മത്സ്യ കുളത്തിൽ വിളവെടുക്കാൻ പാകമായത് 12 പന്ത്രണ്ട് കിന്റൽ മത്സ്യം.
പി. എം ബേബിയും ഭാര്യ ജെസിയും ഏഴ് മാസം മുമ്പാണ് ബളാൽ അരീക്കരയിലെ 5 ഏക്കർ കൃഷിയിടത്തിൻ്റെ നടുവിലായി 30 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 3.1/2 മീറ്റർ ആഴത്തിലുമുള്ള കുളം നിർമ്മിച്ച് മത്സ്യകൃഷി ആരംഭിച്ചത്. മൊത്തം 3.50 ലക്ഷം രൂപ മത്സ്യകൃഷിക്കായി ചിലവായെന്ന് ബേബി പറഞ്ഞു.
ചിത്രലാട ഇനത്തിൽപ്പെട്ട 3000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മീൻതീറ്റയ്ക്ക് പുറമെ പച്ചിലകളും മറ്റുമാണ് തീറ്റയായി കൊടുത്തത്. മത്സ്യകുളത്തിലെ വളക്കൂറുള്ള ജലം മറ്റ് കാർഷിക വിളകൾക്ക് ഉപയോഗിക്കുന്നതിനാൽ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് ബേബി പറഞ്ഞു.
ലോക്ഡൗണിൽ കടയടച്ച് വീട്ടിലിരിക്കാതെ ഈ ദമ്പതികൾ പൂർണ്ണമനസോടെ കൃഷിയിലേക്ക് ഇറങ്ങിയതിൻ്റെ ഫലമായി ഇന്നിപ്പോൾ നൂറ്മേനി വിളവ് കിട്ടി.
ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും പരിപൂർണ്ണ പിന്തുണയും സഹായവും മത്സ്യകൃഷി വിജയിപ്പിച്ചെടുക്കാൻ മുതൽക്കൂട്ടായെന്ന് ബേബിയും ജെസിയും പറഞ്ഞു.
ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം മത്സ്യകൃഷി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.
വ്യാപാരത്തിനിടയിലും കാർഷിക മേഖലയിലേക്ക് കടന്ന് അതിൽ നൂറ് മേനി വിജയം കൊയ്ത ബേബിയുടെയും ജെസ്സിയുടെയും ജീവിതം വ്യാപാരി സമൂഹത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വാർഡ് മെമ്പർ പി. പത്മാവതി അധ്യക്ഷതവഹിച്ചു.
വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ജോൺസൺ അന്ത്യംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ബളാൽ കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ,
പറമ്പ പള്ളിവികാരി ഫാദർ ജോസഫ് കളപ്പുര, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.അബ്ദുൽ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ, സെക്രട്ടറി തോമസ് ചെറിയാൻ, എം.ജെ ലോറൻസ്, രാഘവൻ അരിങ്കല്ല് തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ വിൽപ്പന കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യനിൽ നിന്നും ഫാദർ ജോൺസൻ അന്ത്യംങ്കുളം ഏറ്റുവാങ്ങി
വിളവെടുത്ത ആദ്യദിനം തന്നെ ഒരു ക്വിന്റൽ മത്സ്യം വിറ്റു തീർക്കാനായെന്ന് ബേബി പറഞ്ഞു.
കിലോയ്ക്ക് 200 രൂപയാണ് വില.


വി.കെ ടവറിൽ വെള്ളരിക്കുണ്ട് ട്രേഡിംഗ് സ്ഥാപനം നടത്തുന്ന ബേബി,
ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ ജില്ലാ ട്രഷററും, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് അംഗവുമാണ്, ഭാര്യ ജെസ്സിബേബി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് മുൻ വൈസ് പ്രസിഡണ്ടായിരുന്നു.

ചന്ദ്രു വെള്ളരിക്കുണ്ട്

No comments