ക്യൂബൻ വയലിൽ ഏറുമാടം ഒരുക്കി നാടിന് കാവലായി കയ്യൂരിലെ യുവാക്കൾ
ചീമേനി: വിപ്ലവഭൂമിയായ കയ്യൂരിലെ ഒരു കൂട്ടം യുവാക്കൾ കൂക്കോട്ടെ ക്യൂബൻ വയലിലെ ഈ ഏറുമാടത്തിലാണ്. കാടും ആനശല്യവുമൊന്നും ഉണ്ടായിട്ടല്ല, ഈ കൊവിഡ് മഹാമാരി കാലത്ത് എന്നും ഏറുമാടത്തിൽ കൂടിച്ചേർന്ന് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന നാടിൻ്റെ കാവലും രക്ഷകരുമായി മാറുകയാണ് കയ്യൂരിലെ ഈ യുവസംഘം. നാടിൻ്റെ സങ്കടത്തിലും സന്തോഷത്തിലും ഒത്തുചേരുന്നവരാണ് ക്യൂബൻ വയലിലെ കൂട്ടുകാർ. കൂക്കോട്ടെ റോഡുകളിലൂടെ ബൈക്കുകളിൽ ചെത്തിപ്പറക്കുന്നവരും നാട്ടിൽ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരും ഈ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. കോവിഡ് പ്രതിസന്ധി തീർന്നാൽ കയ്യൂര്‍ കൂക്കോട്ടെ ഈ വയല്‍ക്കൂടാരം കാണാന്‍ സഞ്ചാരികളും എത്തുമെന്ന പ്രതീക്ഷയിലാണ് യുവാക്കളുടെ കൂട്ടായ്മ.കോടികൾ ചിലവഴിച്ചു പണിത പാലായി ഷട്ടര്‍ കം ബ്രിഡ്ജ് കൂടി വന്നതോടെ ഏറുമാടത്തിന്റെ നാട്ടുഭംഗി കാണാന്‍ ഏറെയാളുകള്‍ എത്തുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടിയ കയ്യൂരെന്ന ഗ്രാമത്തിന്റെ വയലുകളും തോടുകളും കൃഷിയിടങ്ങളും അടങ്ങുന്ന ദൃശ്യഭംഗി ആരെയും ആകര്‍ഷിക്കും. ഇപ്പോൾ പ്രാദേശിക സഞ്ചാരികൾ മാത്രമാണ് എത്തുന്നത്. നീലേശ്വരത്തുനിന്നും പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്, കയ്യൂർ അരയാക്കടവ് രക്തസാക്ഷി സ്തൂപം, കൂക്കോട്ടെ പ്രകൃതിഭംഗി എന്നിവ നുകർന്ന് ചീമേനിയിൽ എത്താമെന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. തേജസ്വിനി പുഴയോരവും കവുങ്ങിന്‍ തോട്ടവും വയലുകളും ഇടകലര്‍ന്ന കൂക്കോട്ടെ ആണിതോടിന് കുറുകെയാണ് ഏറുമാടം സ്ഥിതി ചെയ്യുന്നത്. ക്യൂബന്‍ വയലിലെ കൂട്ടുകാർ ഒരു മാസത്തോളം നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് ഏറുമാടം നിര്‍മിച്ചത്. എല്ലാവര്‍ഷവും ഏറുമാടം നിര്‍മിക്കാറുണ്ടെങ്കിലും ഇത്തവണ കൂടുതൽ മോഡികൂട്ടി. മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ്, ഓല എന്നിവ ഉപയോഗിച്ചായിരുന്നു ഏറുമാടം നിര്‍മിച്ചത്. അധികം വൈകാതെ തന്നെ ഏറുമാടം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇവിടെയുള്ള സി. അഭിനന്ദ്, എം. രോഹിത്, ആദർശ്, അഭിനന്ദ് സുരേഷ്, ജയദീപ് മിഥുന്‍, അഭിനവ്, സായന്ത്, മധുരാജ് തുടങ്ങി പത്തോളം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഏറുമാടത്തിന്റെ അണിയറശില്പികൾ. വയൽപച്ചപ്പും കവുങ്ങിൻ തോട്ടവും നിരന്നുനിൽക്കുന്ന കയ്യൂർ ഗ്രാമത്തിൽ ക്യൂബൻ വയലിലെ ഏറുമാടവും ആകർഷകമാവുകയാണ്.
No comments