Breaking News

മുട്ടിൽ മരംമുറി : വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് ഇ ചന്ദ്രശേഖരൻ

 




2020 ഒക്ടോബര്‍ 24ന്റെ വിവാദ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് തന്നെ റവന്യു  വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കിയതില്‍ സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍. ഉത്തരവ് മറയാക്കി മരംകൊള്ള നടന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ മുന്നറിയിപ്പ് അവഗണിച്ചതിന്റെ അരഡസനിലധികം റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇതെല്ലാം തന്നെ റവന്യു വകുപ്പ് കയ്യാളുന്ന സിപിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വിവാദ ഉത്തരവിറക്കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടിയപ്പോള്‍ വയനാട് ജില്ലാ കളക്ടര്‍ മരംകൊള്ളയ്ക്കുള്ള സാധ്യത ചൂണ്ടിക്കാണിച്ചങ്കിലും അവഗണിച്ചു.

ഉത്തരവിറക്കുന്നതിന് മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വേണ്ടി റവന്യു അണ്ടര്‍ സെക്രട്ടറി ഗിരിജ അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി കത്ത് അയച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും നിയമോപദേശം നല്‍കാന്‍ എജി തയ്യാറാകാതെ വന്നതോടെ ഉത്തരവ് ഇറക്കി. എന്നാലിപ്പോള്‍ അവസാനമായി വന്നിരിക്കുന്ന റവന്യു അസിസ്റ്റന്റ് സ്മിത കെ.എസിന്റെ റിപ്പോര്‍ട്ട്  സിപിഐയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതാണ്.

മരംകൊള്ളയ്ക്ക് വഴിയൊരുങ്ങുമെന്ന സ്മിതയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ട് വിവാദ ഉത്തരവിറക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഉത്തരവ് ദുരൂപയോഗം ചെയ്‌തെന്ന് ഇ. ചന്ദ്രശേഖരന്‍ സമ്മതിക്കുന്നു.

എ. ജയതിലകിന്റെ വിവാദ ഉത്തരവില്‍ അടിമുടി ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് തുടക്കം മുതലുണ്ടായത്. എന്നാല്‍ റവന്യുവകുപ്പ് കയ്യാളിയ സിപിഐയുടെ പങ്ക് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്മിതയുടെ റിപ്പോര്‍ട്ടനുസരിച്ചാണെങ്കില്‍ വനം-റവന്യു നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് റവന്യു മന്ത്രി ഇടപെട്ട് കടുംവെട്ടിന് നേതൃത്വം നല്‍കിയത്. സിപിഐയുടെ നിര്‍ദേശപ്രകാരമാണ് ഇ. ചന്ദ്രശേഖരന്‍ ഇങ്ങനെയൊരു ഉത്തരവുണ്ടാക്കിയതെന്നും കാനം രാജേന്ദ്രന്‍ മറുപടി പറയണമെന്നും കെ. മുരളീധരന്‍ എം.പി. ആവശ്യപ്പെട്ടു.

No comments