Breaking News

കോവിഡ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ പ്രഹസനം: സ്വന്തക്കാർക്കും ബന്ധുക്കൾക്കും നൽകി പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി ആക്ഷേപം

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ് വാക്‌സിന്‍ നൽകുന്നത് മെമ്പര്‍മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമെന്ന് വ്യാപക ആക്ഷേപം. സ്പോട്ട് രജിസ്ട്രേഷനായി  മണിക്കൂറുകളോളം ക്യൂ നിന്നവര്‍ വെറും കൈയോടെ തിരിച്ച് പോയി. പൂടംകല്ല് താലൂക്ക് ആശുപത്രി പരിധിയില്‍ വരുന്നവര്‍ക്കുള്ളവര്‍ക്ക് രാജപുരം പാരീഷ് ഹാളില്‍ വെച്ച് സ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ വഴി നല്‍കുന്ന വാക്‌സിന്‍ വിതരണമാണ് കള്ളാര്‍ പഞ്ചായത്തിലെ മെമ്പര്‍മാരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നല്‍കിയെന്ന ആക്ഷേപം ഉയർന്നത്. ഇന്ന് പാരീഷ് ഹാളില്‍ വെച്ച് സ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ വഴി നല്‍കുന്ന വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ അഞ്ച് മണിക്ക് വന്ന് ക്യൂ നിന്നവര്‍ പകല്‍ 10 മണി വരെ നിന്നിട്ടും ആരും തിരിഞ്ഞ് നോക്കുകയോ രജിസ്ട്രേഷന്‍ നടത്തുകയോ ചെയ്തില്ല. പിന്നീട് ക്യൂ നിന്നവര്‍ ബഹളം വെച്ചതോടെ പൊലീസ് എത്തി സമാധാനപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് രാവിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുന്ന 100 പേര്‍ക്ക് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ വാക്‌സിന്‍ നല്‍കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും പഞ്ചായത്ത് മെമ്പര്‍മാരുടെ അവരുടെ വേണ്ടപ്പെട്ടവർക്ക് തലേദിവസം തന്നെ ടോക്കണ്‍ നല്‍കി വാക്‌സിന്‍ നല്‍കിയെന്നും എന്നാല്‍ അതിരാവിലെ എത്തിയവര്‍ വാക്‌സിന്‍ ലഭിക്കാതെ തിരിച്ച് പോകേണ്ട ഗതികേടാണ് ഉണ്ടായതെന്നും ആളുകൾ ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യ വകുപ്പിലെ ചില ജീവനക്കാരുടെ ബന്ധുക്കള്‍ക്കും ഒരു രജിസ്‌ട്രേഷനും ഇല്ലാതെ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ വാക്‌സിന്‍ എടുക്കാന്‍ എത്താതെ വന്നാല്‍ ക്യൂ നില്‍ക്കുന്നവരെ പോലും പരിഗണിക്കാതെ  മെമ്പര്‍മാരുടെ ഇഷ്ടക്കാരെ വിളിച്ച് വരുത്തി വാക്‌സിന്‍ കൊടുക്കുന്ന സ്ഥിതിയാണ് കള്ളാര്‍ പഞ്ചായത്തില്‍ ഉള്ളത്. വാക്‌സിന്‍ ലഭ്യത അനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കേന്ദ്രത്തില്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും രാഷ്ട്രീയം നോക്കാതെ വാക്‌സിന്‍ നല്‍കണമെന്ന് സിപിഐഎം പനത്തടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

No comments