Breaking News

ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ്


കാസർകോട് ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ്-19 സ്‌പെഷൻ ഓഫീസർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌പെഷൻ ഓഫീസർ ഇക്കാര്യം അറിയിച്ചത്.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം അടുത്ത തിങ്കളാഴ്ചയോടെ 42ൽനിന്ന് 72 ആയി ഉയർത്തും. ഇതിന് ജീവനക്കാരുടെ കുറവുണ്ട്. 66 ലാബ് ടെക്‌നീഷ്യൻസിനെതും 38 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും തെരഞ്ഞെടുത്ത് തിങ്കളാഴ്ചയോടെ ഇവ പ്രവർത്തനം തുടങ്ങും. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനുകളിലും തലപ്പാടി ചെക്ക് പോസ്റ്റിലും പ്രത്യേക പരിശോധനാ കേന്ദ്രം സ്ഥാപിക്കും. തീരദേശമേഖലയിൽ ഒമ്പതോളം കേന്ദ്രങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കും. പഞ്ചായത്തുകളിൽ പരിശോധന നടത്തുന്നതിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തും. ജില്ലയിൽ നിലവിൽ ശരാശരി 5000 പരിശോധനയാണ് ആഴ്ചയിൽ നടക്കുന്നത്. അത് ഏഴായിരമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. ആ ലക്ഷ്യമാണ് ഉയർത്തുന്നത്.

ജില്ലാ തലത്തിൽ കോവിഡ് കോൾ സെൻറർ രൂപീകരിക്കും. ഇതിന് മാത്രമായി 10 ഫോൺ നമ്പറുകൾ ഉണ്ടാവും. കുറഞ്ഞത് 30 ജീവനക്കാരുണ്ടാവും. ഓരോ പഞ്ചായത്തിലും രോഗികളും നിരീക്ഷണത്തിലുള്ളവരും ക്വാറൻൈറൻ ലംഘിക്കപ്പെടുന്നില്ലെന്ന് കോൾ സെൻറർ മുഖേന ജില്ലാതലത്തിൽ നിരീക്ഷിച്ച് ഉറപ്പാക്കും. സെക്ടറൽ മജിസ്‌ട്രേറ്റുമാർ സ്ഥിരമായി ഫീൽഡിൽ പോവുന്നുണ്ടെന്ന് ഉറപ്പാക്കും. അവരുടെ റിപ്പോർട്ടുകൾ നിരീക്ഷിക്കും. ഓരോ പഞ്ചായത്തിനും നൽകിയ ടെസ്റ്റിംഗ് ലക്ഷ്യം നേടുന്നുണ്ടെന്ന് നിരീക്ഷിക്കും. ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി സഹകരിച്ചാവും കാൾ സെൻറർ പ്രവർത്തിക്കുക.

സി, ഡി കാറ്റഗറികളിലെ പഞ്ചായത്തുകൾക്കായി മാസ് ആക്ഷൻ ആസൂത്രണം ചെയ്യുന്നുണ്ട്. സി, ഡി കാറ്റഗറികളിലുള്ള പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം ഇരട്ടിയാക്കാനും അവിടെ പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചു.

ബ്ലോക്ക് നോഡൽ ഓഫീസർ, തഹസിൽദാർ, സെക്ടറൽ മജിസ്‌ട്രേറ്റ്, അവരുടെ സൂപ്പർവൈസറി ഓഫീസർ, പോലീസ് ടീം, ടെസ്റ്റിംഗ് വാഹനം തുടങ്ങിയ ഏഴ് വാഹനങ്ങൾ അടങ്ങിയ സംഘം പഞ്ചായത്തുകളിൽ സന്ദർശിക്കും. ഇത് അടുത്ത ദിവസം ആരംഭിക്കും. ഏറ്റവും മോശം പ്രകടനം നടത്തുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിൽ ഈ സംഘം അടുത്ത ദിവസങ്ങളിൽ സന്ദർശനം നടത്തും.

അതിഥി തൊഴിലാളികൾക്കിടയിൽ ചില സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വലിയ തോതിൽ പോസിറ്റീവാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ കരാറുകാർ നിർബന്ധമായും പരിശോധന നടത്തിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർക്ക് നിർദേശനം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ജീവനക്കാരും ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് ഉറപ്പാക്കും. മുൻനിര പ്രവർത്തകരെ കൂടുതലായി പരിശോധിക്കും.

വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, രാജപുരം, ആദൂർ തുടങ്ങിയ എസ്.ടി കോളനികളിൽ താമസ സൗകര്യം കുറവായ ഇടങ്ങളിലുള്ളവർ പോസിറ്റീവായാൽ അവരെ ഡോമിസിലിയറി സെൻററുകളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ജില്ലയിലെ 777 വാർഡുകളിലും ആർആർടികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

ചില പഞ്ചായത്തുകളിൽ കോവിഡ് പരിശോധന വളരെ മോശമായാണ് കാണുന്നത്. ജനങ്ങളുടെ സഹകരണം കുറവാണ്. ടെസ്റ്റ് നടത്തി പോസിറ്റീവായ ആളുകളെ കണ്ടുപിടിക്കാതെ, അവരെ ക്വാറൻറീനിലേക്ക് വിടാതെ നിന്നാൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനോ സാധാരണ നിലയിലുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനോ സാരമായ തടസ്സമുണ്ടാവും.

ടെസ്റ്റ് ലക്ഷ്യ പ്രകാരം നടക്കുന്നില്ലെങ്കിൽ ടി.പി.ആർ കൂടും. അവ സി, ഡി കാറ്റഗറിയിൽ തന്നെ തുടരും. ഡി കാറ്റഗറിയിൽ സമ്പൂർണ അടച്ചിടൽ കർശനമായി നടപ്പിലാക്കും. അതിനാൽ ടെസ്റ്റിന് പരമാവധി സഹകരിച്ച് ടിപിആർ പരമാവധി കുറയ്ക്കാൻ പൊതുജനങ്ങൾ തയ്യാറാവണം. അങ്ങിനെ എ കാറ്റഗറിയിലേക്ക് വന്നാൽ മാത്രമേ എല്ലാവർക്കും വ്യാപാര, വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ. ടെസ്റ്റിനോട് എതിരായ സമീപനം കാണിച്ചാൽ ടിപിആർ കൂടി ഡി കാറ്റഗറിയിൽ വരികയാവും ഉണ്ടാവുക. പിന്നെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

No comments