Breaking News

സണ്ണിയും, ശിഹാബും മുന്നിട്ടിറങ്ങി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ ബളാൽ കല്ലഞ്ചിറയിലെ ബെന്നിയുടെ കുടുംബത്തിന് കൈത്താങ്ങായി


വെള്ളരിക്കുണ്ട്: ജീവകാരുണ്യ പ്രവർത്തനത്തിൽ  മാതൃകയായി ബളാൽ കല്ലഞ്ചിറയിലെ കോൺഗ്രസ്‌ നേതാക്കളായ കല്ലുവേലിൽ സണ്ണിയും ഷിഹാബ് കല്ലഞ്ചിറയും. വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായ വെള്ളരിക്കുണ്ട് ഷാപ്പിലെ ജീവനക്കാരനും ഐ.എൻ.ടി.യു.സി പ്രവർത്തകനുമായ ബെന്നി  ഗുരുതര പരുക്കുകളോടെ കണ്ണൂർ ജിം കെയർ ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചിലവായി. ജോലിക്ക് പോകാൻ കഴിയാതെ ബെന്നിക്ക് ആകെയുള്ള വരുമാനമാർഗവും നിലച്ചു.  കടുത്ത സാമ്പത്തിക പ്രയാസത്തിൽ കൂടിയാണ് കുടുംബം കടന്നു പോകുന്നത്. കൂടാതെ സാമ്പത്തിക ബാധ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ  സാമ്പത്തിക പ്രയാസങ്ങൾ തിരിച്ചറിഞ്ഞ പൊതുപ്രവർത്തകരും പ്രദേശവാസികൾ കൂടിയായ സണ്ണിയും ഷിഹാബും ആ കുടുംബത്തിന് കൈത്താങ്ങേകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇവർ മുൻകൈയെടുത്ത് സ്വരൂപിച്ച ഒരുലക്ഷത്തി നാല്പതിനായിരത്തോളം രൂപ ബെന്നിയുടെ വീട്ടിലെത്തി കുടുംബത്തെ ഏൽപിച്ചു. ഏറെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന ബെന്നിയുടെ കുടുംബത്തിന് ആ സഹായം വലിയൊരു ആശ്വാസമായി മാറി.

No comments