Breaking News

ഇൻഫോസിസ് 35,000 ബിരുദധാരികൾക്ക് നിയമനം നൽകും; ലാഭത്തിലും വൻ കുതിച്ചുചാട്ടം




2022 സാമ്പത്തികവർഷത്തിൽ മാത്രം ആഗോളതലത്തിൽ 35,000 കോളേജ് ബിരുദധാരികൾക്ക് നിയമനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇൻഫോസിസ്. ജൂണിൽ അവസാനിച്ച പാദത്തിൽ ഇൻഫോസിസിലെ ആകെ ജീവനക്കാരുടെ എണ്ണം 2.67 ലക്ഷം ആണ്. മാർച്ചിലാകട്ടെ, ആകെ ജീവനക്കാരുടെ എണ്ണം 2.59 ലക്ഷം ആയിരുന്നു.

'ഡിജിറ്റൽ രംഗത്ത് പ്രതിഭാധനരുടെ ആവശ്യം വർദ്ധിക്കുന്നത് അനുസരിച്ച് ജീവനക്കാരുടെ കൊഴിഞ്ഞു പോകലും ഉയരുന്നത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തിൽ 2022 സാമ്പത്തികവർഷത്തിൽ 35,000 കോളേജ് ബിരുദധാരികൾക്ക് നിയമനം നൽകിക്കൊണ്ട് ഈ രംഗത്ത് ഉയർന്നു വരുന്ന ജീവനക്കാരുടെ ആവശ്യം നിറവേറ്റാനാണ് ഞങ്ങൾ ആലോചിക്കുന്നത്' - ഇൻഫോസോസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു.

ഇൻഫോസിസിലെ ഐ ടി സേവനങ്ങളിൽ സ്വമേധയാ കൊഴിഞ്ഞു പോയവരുടെ നിരക്ക് മാർച്ചിനെ അപേക്ഷിച്ച് ജൂണിൽ 13.9 ശതമാനമായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഈ നിരക്ക് 10.9 ശതമാനം ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ജൂൺ മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ വർഷം ജൂണിൽ അട്രിഷൻ നിരക്ക് 15.6 ശതമാനം ആയിരുന്നു. കരിയർ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നിരവധി ഇടപെടലുകൾ ജീവനക്കാരുടെ താത്പര്യാർത്ഥം ആരംഭിച്ചതായും പ്രവീൺ റാവു അറിയിച്ചു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് കഴിഞ്ഞ പാദത്തിൽ ഉണ്ടായ ലാഭത്തിൽ 22.7 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ജൂൺ 30 വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ അറ്റാദായം 5,195 കോടിയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17.9 ശതമാനം ഉയർന്ന് 27,896 കോടി രൂപയായി മാറി.

ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ, ക്രിപ്റ്റോ പ്ലാറ്റ്‌ഫോമുകൾ, സൈബർ സുരക്ഷ തുടങ്ങി വിവിധ തലങ്ങളിൽ വ്യാപിക്കുന്ന സേവനങ്ങൾക്കായി ആഗോള കമ്പനികൾ നിക്ഷേപം വർദ്ധിക്കുന്ന നിലപാട് സ്വീകരിച്ചത് ഇന്ത്യയിലെ ഐ ടി സർവീസ് കമ്പനികൾക്ക് ഗുണം ചെയ്തിട്ടുണ്ട്.

ഇൻഫോസിസിന്റെ എതിരാളികളായ ടി സി എസ്, കോളേജ് ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 40,000 പുതുമുഖങ്ങൾക്ക് നിയമനം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ലക്ഷത്തിലേറെ ജീവനക്കാരുമായി സ്വകാര്യമേഖലയിൽ ഏറ്റവും വലിയ തൊഴിലുടമ എന്ന സ്ഥാനം നിലനിർത്തുന്ന ടി സി എസ് കഴിഞ്ഞ വർഷവും 40,000 ബിരുദധാരികൾക്ക് നിയമനം നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയായ ടി സി എസിന്റെ പാദലാഭത്തിൽ 29 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ക്ലൗഡ് സേവനങ്ങൾക്കുള്ള ആവശ്യം വലിയ തോതിൽ വർദ്ധിച്ചതും അവരുടെ പ്രധാന മേഖലകളായ ബാങ്കിങ്, ഫിനാൻസ് ബിസിനസ് എന്നിവയിൽ ശക്തമായ വളർച്ച ഉണ്ടായതുമാണ് ഈ നേട്ടത്തിന് കാരണമായത്.

No comments