Breaking News

എറണാകുളം-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം: അപായ ചങ്ങല വലിച്ചു, പ്രതി ഓടി രക്ഷപെട്ടു


കോഴിക്കോട്: എറണാകുളം-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സഹയാത്രികനിൽ നിന്നാണ് പീഡന ശ്രമമുണ്ടായത്. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപെട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

43 കാരിയായ ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്യുന്ന ഇവർ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാർട്ട്‌മെന്റിൽ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചത്.


മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരിൽനിന്ന് കയറിയതുമുതൽ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു. ഈ സമയം മറ്റൊരു കുടുംബവും ഇതേ കമ്പാർട്ടുമെന്റിലുണ്ടായിരുന്നു. തൃശൂർ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.


യുവതി ബഹളം വെച്ചതിനെത്തുടർന്ന് കുടുംബം ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ചാടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട് റെയിൽവേ പോലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.


No comments