Breaking News

വളയിട്ട കൈകളിൽ തോക്കുമേന്തി രാജ്യത്തിന് കാവൽ നിൽക്കാൻ ചായ്യോത്തെ ടി.ജസീല; ഇനി ലക്ഷ്യം എൻ എസ് ജി കമാൻഡോ

നീലേശ്വരം: ഒറ്റയ്ക്കു പൊരുതിയാണു മറിയം മകൾ ജസീലയെ പഠിപ്പിച്ചത്. തന്റെ മകൾ ഇന്നു രാജ്യത്തിന്റെ അതിർത്തി കാക്കുന്ന കാസർകോടുകാരിയായ ആദ്യ സൈനിക പെൺകുട്ടിയാണെന്ന് ഈ ഉമ്മ അഭിമാനത്തോടെ പറയുന്നു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ 3 വർഷമായി അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അംഗമാണു നീലേശ്വരം ചായ്യോത്തെ ടി.ജസീല. ജോലി ലഭിച്ച ശേഷം ഇത്തവണ പെരുന്നാൾ ദിനത്തിൽ ഉമ്മയ്ക്കൊപ്പം ജസീല നാട്ടിലുണ്ട്.


അതിജീവനത്തിന്റെ വലിയ കഥകളാണു ജസീലയുടെയും ഉമ്മ മറിയത്തിന്റെയും. മലപ്പുറം വളാഞ്ചേരിയിൽ നിന്നു മരം വ്യാപാരിയായ ഭർത്താവിനോടൊപ്പം 30 വർഷം മുൻപു കാലിച്ചാനടുക്കം വളാപ്പാടിയിൽ സ്ഥലം വാങ്ങി വീടു വച്ചു താമസം തുടങ്ങിയതാണു മറിയം. ഇതിനിടെ ഭർത്താവിനെ നഷ്ടമായതോടെ തന്റെയും 2 മക്കളുടെയും ജീവിതം ഇരുളടഞ്ഞതാവുമോ എന്ന ഭയമായി ഈ ഉമ്മയ്ക്ക്. പക്ഷേ കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് ഉമ്മയും മക്കളും ജീവിതം തിരികെപ്പിടിച്ചു. മക്കളായ സബീനയും ജസീലയും പ്രതിസന്ധികളിൽ കരുത്തായി മറിയത്തോടൊപ്പം നിന്നു.നീലേശ്വരത്തെ റോസമ്മ എന്ന അധ്യാപികയുടെ വീട്ടിൽ കിട്ടിയ ജോലി തൽക്കാലം താങ്ങായി. മൂത്തമകളുടെ വിവാഹത്തിനായി വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നെ വാടക വീട്ടിലായി ജീവിതം. സാമ്പത്തിക സ്ഥിതി  മോശമായതിനാൽ ബിഎ സോഷ്യോളജിയിൽ ആദ്യ ഒന്നര വർഷത്തിനു ശേഷം  ജസീല പഠനം ഉപേക്ഷിച്ചു സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്കു കയറി. തയ്യൽക്കട, കംപ്യൂട്ടർ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലായിരുന്നു ജോലി. ഇതിനിടെ റോസമ്മ ടീച്ചറും മകൻ വില്ലേജ് ഓഫിസർ അനിൽ വർഗീസും ഇടപെട്ടു മിച്ചഭൂമിക്കു അപേക്ഷ നൽകാൻ ഉപദേശിച്ചു.  ഇങ്ങനെ കിട്ടിയ ഭൂമിയിൽ വീടു വയ്ക്കാൻ അനിൽ വർഗീസും കുടുംബവും നാട്ടുകാരും ഒപ്പം നിന്നു.


അടുത്ത സുഹൃത്ത് ശ്രുതി ജയൻ 2015ൽ ഓൺലൈനിൽ നൽകിയ അപേക്ഷയാണു ജസീലയെ ബിഎസ്എഫിലെത്തിച്ചത്. തൃശൂരിലായിരുന്നു കായികക്ഷമതാ പരീക്ഷ. എഴുത്തു പരീക്ഷയിൽ 6–ാം റാങ്ക്. പരിശീലനം കഴിഞ്ഞു പഞ്ചാബിലായിരുന്നു പാസിങ് ഔട്ട് പരേഡ്. മറിയം ആദ്യമായി വിമാനം കയറിയതു മകളുടെ പാസിങ് ഔട്ട് പരേഡ് കാണാനാണ്. 2017ൽ‌  ബംഗ്ലാദേശ് അതിർത്തിയിലാണു ജസീലയ്ക്ക് ആദ്യ സൈനിക നിയമനം കിട്ടിയത്. അതിർത്തിയിൽ കാവൽ നിൽക്കുന്നതിനിടെ ഇന്ത്യയുടെ കമ്പിവേലിക്കിടയിലൂടെ ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാൻ ശ്രമിച്ച സ്ത്രീയെ ആദ്യ മാസത്തിൽ തന്നെ സാഹസികമായി പിന്തുടർന്നു പിടികൂടിയതിനു നേടിയ റിവാർഡ് കന്നിക്കാരിക്കുള്ള അംഗീകാരമായി.


സേനയിലുള്ളതു പോലെയുള്ള സുരക്ഷിതത്വവും കരുതലും മറ്റെവിടെയും പെൺകുട്ടികൾക്കു ലഭിക്കില്ലെന്നു ജസീല പറയുന്നു. കമാൻഡോ ആവുകയാണ് അടുത്ത ലക്ഷ്യം. ജാർഖണ്ഡിലെ ഹസാരി ബാഗിലാണു കമാൻഡോ പരിശീലനം. കോവിഡ് കാലമായതിനാൽ അത് നീട്ടിവച്ചു. നാഷനൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലെത്താനുള്ള ആഗ്രഹമാണു ജസീലയ്ക്ക്. ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു പടിപടിയായി ഇനിയും മുന്നേറാനുള്ള മകളുടെ മോഹം സഫലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മറിയം. Malayoram flash

No comments