Breaking News

കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകൾ അടിയന്തരമായി തുറക്കാൻ നിർദ്ദേശം; പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം


ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ കോളേജുകളും അടിയന്തരമായി തുറക്കാൻ കർണാടക സർക്കാർ വെള്ളിയാഴ്ച നിർദ്ദേശം നൽകി. “സംസ്ഥാനത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ, ആയുഷ്, മറ്റ് അനുബന്ധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടൻ തന്നെ തുറക്കാനാണ് സർക്കാരിന്റെ തീരുമാനം” എന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്ക് കോളേജുകളിൽ ഹാജരാകുന്നതിന്‌ മുമ്പ് വാക്സിനേഷൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ-മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി തന്നെ തുറക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ അനുമതി നൽകിയതായി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. സർക്കാർ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മാത്രമേ കോളേജുകളിലും സ്ഥാപനങ്ങളിലും ഹാജരാകാൻ അനുവാദമുള്ളുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


കോളേജുകളും സ്ഥാപനങ്ങളും കോവിഡ് രോഗവുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

No comments