Breaking News

കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണവേട്ട, കാസർഗോഡ് സ്വദേശിയടക്കം മൂന്ന് പേർ അറസ്റ്റിൽ


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1 കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. മൂന്ന് കിലോയോളം സ്വർണമാണ് ഇവർ അനധികൃതമായി കടത്താൻ ശ്രമിച്ചത്.


വടകര സ്വദേശി മുസ്തഫ, കാസർകോട് ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുഖ്മാൻ എന്നിവരെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്. പാന്റിലും സോക്‌സിലും അടിവസ്ത്രത്തിലും പ്രത്യേക അറയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.


മുസ്തഫയിൽ നിന്നും 1320 ഗ്രാം സ്വർണമാണ് പിടികൂടിയത്. സോക്‌സിനുള്ളിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഷാഫിയിൽ നിന്നും 1030 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ലുക്മാൻ 1086 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.


വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകമായതോടെ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും 60 ലക്ഷത്തിലധികം വിലയുള്ള 1,145 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു.


No comments