Breaking News

തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ മാതൃക തീർത്ത് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കൂവ്വാറ്റി ഗവ:യു.പി സ്‌കൂൾ സമഗ്ര വികസന പാതയിൽ


കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗിച്ച് ഒട്ടനവധി പദ്ധതികള്‍ക്ക് ഗ്രാമപഞ്ചായത്ത് രൂപരേഖ തയ്യാറാക്കി, അതില്‍ ഏറ്റവും ശ്രദ്ധേയമായ മാതൃ പദ്ധതിയാണ് ഗവ:യു.പി സ്‌കൂളിന്റെ സമഗ്ര വികസനപദ്ധതി. തൊഴിലുറപ്പിലൂടെ സാധ്യമാകുന്ന എല്ലാ വികസനങ്ങളും മറ്റ് വികസന സ്രോതസ്സുകൾ മുഖേനയുള്ള ഫണ്ടുകളും ആർജിച്ച്,  വരുന്ന 4 വർഷത്തിനകം സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി.

സ്‌കൂളിന്റെ അഞ്ചേക്കറോളം വരുന്ന സ്ഥലം മതിലുകെട്ടി സംരക്ഷിക്കുക, ആധുനിക രീതിയില്‍ കളിസ്ഥലം നിര്‍മ്മിക്കുക, പാര്‍ക്ക് നിര്‍മ്മിക്കുക,  ഭക്ഷണശാലയും ഭോജന ശാലയും നിര്‍മ്മിക്കുക, സുഗതകുമാരി സ്മൃതി വനം നിര്‍മ്മിക്കുക,

നടപ്പാത നിർമിക്കുക, കമ്പോസ്റ്റ് - സോക്ക്പിറ്റ് നിർമിക്കുക, ഡ്രയിനേജ് സംവിധാനമൊരുക്കുക, ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക, ആധുനിക രീതിയിലുള്ള ശൗചാലയം ,

കിണർ റീചാർജ് സംവിധാനം എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്ര വികസന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.

ഇതിന്റെ ആദ്യ പ്രവര്‍ത്തി എന്ന നിലയില്‍ ഭൂവികസന പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജമ്മ ബെന്നി അദ്ധ്യക്ഷം വഹിച്ചു, ജോയിന്റ് ബിഡിഒ സന്തോഷ് കുമാര്‍ എ.വി , വി.ഇ.ഒ ജേക്കബ് ഉലഹന്നാൻ , എൻ.ആർ.ഇ.ജി.എ എൻജിനിയർ കെ.വി സരുണ്‍ കുമാർ, ഹെഡ്മാസ്റ്റര്‍ പത്മാക്ഷന്‍ , സുരേന്ദ്രന്‍  എം, എസ് കെ ചന്ദ്രന്‍, സി.വി ഗോപകുമാര്‍,രാജന്‍ ,ഷീല, സീന, സുമ ടീച്ചര്‍ എന്നിവർ സംസാരിച്ചു.

No comments