Breaking News

'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതിക്ക് സമാരംഭമായി 'ലിറ്റിൽ ഇന്ത്യ' കാസർകോടിന്റെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ: മന്ത്രി മുഹമ്മദ് റിയാസ്


കാസർകോടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി ബേക്കൽ ലളിത് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബഹുഭാഷാ സംസ്‌കൃതിയും സാംസ്‌കാരിക വൈവിധ്യവും കൊണ്ട് സമ്പന്നമായ കാസർകോട് ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ജനസമൂഹമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു വൈവിധ്യം മറ്റൊരു നാടിനും അവകാശപ്പെടാനാവില്ല. അതുകൊണ്ടാണ് ഈ പദ്ധതി 'ലിറ്റിൽ ഇന്ത്യ കാസർകോട്' എന്നറിയപ്പെടുന്നത്. ഭാഷ ഒരു ജനതയുടെ സംസ്‌കാരമാണ്. 12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ജനതയുടെ സാംസ്‌കാരിക വൈവിധ്യം എത്രത്തോളം വ്യത്യസ്തമായിരിക്കും. അതിന് എല്ലാ നിലയിലും അനുയോജ്യമാണ് ഈ പദ്ധതി. കാസർകോടിന്റെ തനതായ പ്രകൃതി സൗന്ദര്യവും ചരിത്രവും സംസ്‌കാരവും ഇഴ ചേർന്ന രീതിയിൽ പ്രാദേശിക ജനതയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വികസനമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ ടൂറിസം കേന്ദ്രങ്ങളെ അത്യാകർഷകമാക്കാൻ നമുക്ക് സാധിക്കും. കാസർകോടിനെ ദേശീയ, അന്തർദേശീയ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്-മന്ത്രി പറഞ്ഞു.

ചടങ്ങിൽ സിഎച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. എംഎൽഎമാരായ എം. രാജഗോപാലൻ, എകെഎം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെവി സുജാത, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കുമാരൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഡിടിപിസി സെക്രട്ടറി ബിജുരാഘവൻ നന്ദിയും പറഞ്ഞു.


 കാസർകോട്: ഇന്ത്യയുടെ കൊച്ചുപതിപ്പ്, കേരളത്തിന്റെ കവാടം


ഇന്ത്യയെ അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇനി കാസർകോട്ടയ്ക്ക് വണ്ടി കയറാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആചാരങ്ങളും സംസ്‌കാരങ്ങളുമെല്ലാം കാസർകോട്ട് നിന്ന് അനുഭവ വേദ്യമാകുന്നതിനൊപ്പം ലോകത്തിന് മുന്നിൽ കാസർകോടൻ പെരുമയുടെ അനന്ത സാധ്യതകൾ കൂടി  തുറന്നു കാണിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് 'ലിറ്റിൽ ഇന്ത്യ കാസർകോട്. ലിറ്റിൽ ഇന്ത്യ കാസർകോട്-ദൈവത്തിന്റെ സ്വന്തം രാജ്യത്തിലേക്കുള്ള കവാടം (Little India - Kasaragod, The Gateway to God's Own Country) എന്ന ബ്രാൻഡിങ്ങിലൂടെ ജില്ലയിലെ ടൂറിസം സാധ്യതകൾ ദേശീയ അന്തരദേശീയ തലത്തിലേക്ക് പ്രചരിപ്പിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ കാസർകോട്ടുകാരുടെയും സഹകരണത്തോടെയുമാണ് കാസർകോടിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുക.

കൃത്യമായ അസ്തിത്വം അവകാശപ്പെടുന്ന 12 ഓളം ഭാഷകൾ ഉൾപ്പെടെ 30 ഓളം പ്രാദേശീക ഭാഷകൾ സംസാരിക്കുന്ന കാസർകോട്ടുകാർ ദേശീയോത്സവമായ ഓണത്തിനൊപ്പം ഈദ്, ക്രിസ്മസ്, തുടങ്ങി നവരാത്രിയും ഹോളിയും ഗണേശോത്സവവും ഉഗാദിയും ദീപാവലിയും ഗോണ്ടോൽ പൂജയും നാഗപഞ്ചമിയുമടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും ഘോഷിക്കുന്നുവെന്നതാണ് ലിറ്റിൽ ഇന്ത്യ കാസർകോട് എന്ന ബ്രാൻഡിങ്ങിന് പിന്നിൽ.

ബേക്കൽ കോട്ടയ്ക്ക് പുറമേ 10 ഓളം കോട്ടകൾ ജില്ലയിലുണ്ട്. ചരിത്ര പ്രാധാന്യമുള്ള അനന്തപുരം തടാക ക്ഷേത്രം, മാലിക് ദീനാർ പള്ളി, ബേള ചർച്ച്, ഗോഥിക്ക് റോമൻ വാസ്തുകലയിൽ നിർമ്മിച്ച 100 വർഷത്തിനടുത്ത് പഴക്കമുള്ള കയ്യാർ ചർച്ച്, തായലങ്ങാടി വ്യാകുല മാതാവിന്റെ പള്ളി, മഞ്ചേശ്വരത്തെ ജൈന ബസതികൾ, പഞ്ചപാണ്ഡവരിലെ അർജുനൻ സ്ഥാപിച്ചുവെന്ന ഐതിഹ്യമുള്ള ആദൂർ ശിവക്ഷേത്രം, നീലേശ്വരം, മായിപ്പാടി രാജകൊട്ടാരം, തറവാടുകൾ, ഇല്ലങ്ങൾ തുടങ്ങി ജില്ലയിലെ സാംസ്‌കാരികവും ചരിത്രപ്രധാനമായതുമായ സാധ്യതകൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുകയാണ് ലിറ്റിൽ ഇന്ത്യ കാസർകോടിലൂടെ ലക്ഷ്യമിടുന്നത്. അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഈ മണ്ണിലാണ് യക്ഷഗാനം പിറന്നുവീണത്. മംഗലം കളി പോലുള്ള മറ്റ് നാടൻ കലകൾ കൊണ്ടും സമ്പന്നമാണിവിടം.

കാസർക്കോട്ടെ നവരാത്രി വേഷങ്ങളും പുലിക്കളികളും സീസണൽ പാക്കേജുകളിലൂടെ ലോക സഞ്ചാരികൾക്കായി അവതരിപ്പിക്കാനാവും. ഋതുക്കൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയ സവിശേഷമായ ജീവിത രീതികളും ആഘോഷങ്ങളും ശ്രദ്ധേയമാണ്. തെയ്യവും ഭരണി ഉത്സവങ്ങളും ഉറൂസുകളും ഉൽസവകാല പാക്കേജിലൂടെ പ്രമോട്ട് ചെയ്യുന്നത് വഴി ലോക്കൽ ഗൈഡുകൾ, ഹോം സ്റ്റേകൾ, ടാക്‌സി യാത്ര സംബന്ധമായ കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ പല മേഖലകളിൽ പരോക്ഷമായി തന്നെ അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും.  ഒട്ടും പിന്നിലല്ല എന്ന അവബോധം കാസർകോട്ടെ ജനങ്ങൾക്കിടയിൽ വളർത്താൻ ഇങ്ങനെയൊരു ബ്രാൻഡിംഗിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

No comments