Breaking News

SBI സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇനി ഓൺലൈനായി തിരുത്താം; വിശദാംശങ്ങൾ അറിയാം


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ഇനി ബ്രാഞ്ചിലേക്ക് നേരിട്ട് ചെല്ലാതെ തന്നെ തങ്ങളുടെ അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ കഴിയും. എസ് ബി ഐയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ഓൺലൈൻ ആയി മൊബൈൽ നമ്പർ തിരുത്താവുന്നതാണ്.

ബാങ്കുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഓൺലൈൻ പണമിടപാടുകൾ മാത്രമല്ല നടത്താൻ കഴിയുക. നിങ്ങളുടെ ബാങ്ക് ബാലൻസ് അറിയാനും പ്രധാനപ്പെട്ട അറിയിപ്പുകൾ എസ് എം എസായി ലഭിക്കാനും അത് ഉപകരിക്കും. യു പി ഐ സൗകര്യം ഉപയോഗിക്കണമെങ്കിലും മൊബൈൽ നമ്പർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങൾ അടുത്തിടെ മൊബൈൽ നമ്പർ മാറ്റിയ ആളാണെങ്കിൽ ഇനി എസ് ബി ഐയുടെ ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ബാങ്കുമായി രജിസ്റ്റർ ചെയ്ത പഴയ നമ്പർ തിരുത്തി പുതിയത് ചേർക്കാവുന്നതാണ്.

എസ് ബി ഐയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഓൺലൈൻ ആയി തിരുത്തുന്നത് എങ്ങനെ?


നിങ്ങൾ എസ് ബി ഐയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്ന ആളാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്നു കൊണ്ട് വളരെ എളുപ്പത്തിൽ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാവുന്നതാണ്.

- നിങ്ങളുടെ നെറ്റ് ബാങ്കിങ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈൻ എസ് ബി ഐയിൽ ലോഗ് ഇൻ ചെയ്യുക (https://retail.onlinesbi.com/retail/login.htm)

- 'മൈ അക്കൗണ്ട് & പ്രൊഫൈൽ' എന്ന വിഭാഗത്തിൽ നിന്ന് പ്രൊഫൈൽ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

- 'പേഴ്‌സണൽ ഡീറ്റെയിൽസ്/മൊബൈൽ' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

- തുടർന്ന് 'ക്വിക്ക് കോൺടാക്റ്റ്' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

- നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ഒ ടി പി സൃഷ്ടിക്കുക.

- ബാങ്കുമായി രജിസ്റ്റർ ചെയ്ത പഴയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ ടി പി നൽകി സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

- അപ്പോൾ, 'നിങ്ങളുടെ മൊബൈൽ നമ്പറായ xxxxxxxxxx പരിശോധിച്ച് ഉറപ്പു വരുത്തുക' എന്ന പോപ്പ് സന്ദേശം നിങ്ങൾക്ക് ലഭിക്കും. 'OK' അമർത്തുക.

- നിങ്ങൾ പുതിയൊരു പേജിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് താഴെ ചേർത്തിരിക്കുന്ന മൂന്ന് മാർഗങ്ങളിലൂടെ മൊബൈൽ നമ്പർ തിരുത്താനുള്ള അപേക്ഷയ്ക്ക് അനുമതി നേടാൻ കഴിയും.

1) പഴയതും പുതിയതുമായ രണ്ടു നമ്പറുകളിലും ഒ ടി പി സൃഷ്ടിച്ചുകൊണ്ട്.

2) ഐ ആർ എ ടി എ: ഇന്റർനെറ്റ് ബാങ്കിങ് റിക്വസ്റ്റ് അപ്പ്രൂവൽ ത്രൂ എ ടി എം.

3) കോൺടാക്റ്റ് സെന്റർ മുഖാന്തിരമുള്ള അനുമതി.

No comments