Breaking News

"സംരക്ഷിക്കുക ഞങ്ങളെയും" മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടും പരപ്പയിലും ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് അസോസിയേഷന്‍ പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പയിലും വെള്ളരിക്കുണ്ടിലും ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ പത്മനാഭന്‍ അദ്ധ്യക്ഷനായി. 

വെള്ളരിക്കുണ്ടിൽ നടന്ന സമരം ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പി.എം മൂസ അധ്യക്ഷനായി. മുണ്ടോത്ത് ബാലകൃഷ്ണൻ സ്വാഗതവും എം.കെ ആൻഡ്രൂസ് നന്ദിയും പറഞ്ഞു


വാക്‌സിന്‍ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് കൊണ്ട് പൊതു പരിപാടികള്‍ അനുവദിക്കുക, പന്തല്‍, അലങ്കാരം, ലൈറ്റ് & സൗണ്ട് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുക, പട്ടിണിയിലായ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ്പ അനുവദിക്കുക, വാഹനങ്ങള്‍ക്ക് നികുതി ഇളവും വായ്പ്പകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടന്നത്. മേഖലാ ജനറൽ സെക്രട്ടറി പി.പി ദാമോധരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് വിജയന്‍ കോട്ടക്കല്‍, ഷിബി കോശി എന്നിവര്‍ സംസാരിച്ചു.

No comments