കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വെസ്റ്റ്എളേരി ചീർക്കയത്ത് വീട് തകർന്നു
വെള്ളരിക്കുണ്ട് : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് ചീർക്കയത്തെ പാറക്കാട്ട് കുഞ്ഞിരാമന്റെ വീട് പൂർണ്ണമായും തകർന്നു.
സംഭവ സമയത്ത് വീട്ടിനകത്ത് ഉണ്ടായിരുന്ന കുഞ്ഞിരാമന്റെ മക്കൾക്ക് പരിക്ക് പറ്റി.
കഴിഞ്ഞ ദിവസം രാത്രി 9മണിയോടെ യാണ് അപകടം.
ശക്തമായ കാറ്റിലും മഴയിലും കുഞ്ഞിരാമന്റെ വീട്ടു മുറ്റത്തെ തെങ്ങ് കടപുഴകി ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ വീടിന് മുകളിൽ പതിക്കുകയായിരുന്നു.
ഈ സമയം വീടിനുള്ളിലെ കിടപ്പ് മുറിയിൽ ഉണ്ടായിരുന്ന കുഞ്ഞിരാമന്റെ മകൻ അജയൻ( 32) മകൾ അഞ്ജലി(24) എന്നിവരുടെ ദേഹത്ത് ഷീറ്റ് ഉൾപ്പെടെ ഉള്ളവ പൊട്ടി വീണ് പരിക്കേറ്റു. ഇവരെ സമീപവാസികൾ ചേർന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
അജയന്റെ പുറത്തും അഞ്ജലിയുടെ മുഖത്തുമാണ് പരിക്ക്.കുഞ്ഞിരാമനും ഭാര്യ കല്യാണിയും സംഭവ സമയം വീടിന്റെ മുൻഭാഗത്തെ വരാന്തയിൽ ആയതിനാൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
കുഞ്ഞിരാമന്റെ വീടിന് മുകളിൽ വീണ തെങ്ങ് വാർഡ് മെമ്പർ കെ.കെ. തങ്കച്ചന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ മുറിച്ചു നീക്കി.തെങ്ങ് വീണ് പൊട്ടി പൊളിഞ്ഞ വീടിന്റെ മേൽക്കൂര താൽകാലിക അറ്റകുറ്റ പണികളും നടത്തി.
No comments