Breaking News

വെസ്റ്റ്എളേരി കടുമേനിയിൽ നിർധന കുടുംബത്തിൽപെട്ട ഭിന്നശേഷിക്കാരൻ്റെ വീട് സാമൂഹ്യദ്രോഹികൾ മരം വീഴ്ത്തി തകർത്തതായി പരാതി


വെള്ളരിക്കുണ്ട്:നിർധന കുടുംബത്തിന്റെ വീട് സമീപത്തെ കവുങ്ങ് ബോധപൂർവം വീഴ്ത്തി തകർത്തതായി പരാതി. വെസ്റ്റ് എളേരി പഞ്ചായത്തിൽ തേനൂരിലെ ഭിന്നശേഷിക്കാരനായ മാവേലിക്കുനിയിൽ ഇസ്മയിലിന്റെ വീടാണ് സമീപത്തെ പറമ്പിലെ കവുങ്ങ് വീണ് തകർന്നത്. വീടിന്റെ ഒരുഭാഗത്തെ കഴുക്കോലും നൂറിലധികം ഓടുകളും ടെലിവിഷനും അടക്കം പൂർണമായും നശിച്ചു. മഴയിൽ വെള്ളം മുഴുവൻ വീടിനകത്തായോടെ ഈ കുടുംബം ഏറെ ദുരിതത്തിലായി. വികലാംഗനായ ഇസ്മയിൽ ലോക്ക്ഡൗൺ കാലത്ത് ദൂരയുള്ള ബന്ധുവീട്ടിലായതിനാൽ ഇയാളുടെ പ്രായമായ ഭാര്യ ആമിനയും മകൾ നബീസയും, ആമിനയുടെ മൂത്തമകളുടെ മക്കളായ വിദ്യാർഥികളായ ബീമയും മുഹമ്മദും മാത്രമാണ് ഇവിടെയുള്ളത്. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീടായതിനാൽ ഇവരുടെ ദുരവസ്ഥയും ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ജോൺ ബ്രിട്ടോയെ വിളിച്ച് വീട്ടിനകത്ത് മഴവെള്ളം ആയതിനാൽ താമസിക്കാൻ ബുദ്ധിമുട്ടാണെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീടിന് മുകളിൽ വീണ കവുങ്ങ് മുറിച്ചുമാറ്റാൻ മരം മുറിക്കാരനെയും കൂട്ടി ബ്രിട്ടോ ചെന്നപ്പോഴാണ് കവുങ്ങിന് നേരത്തെ വീഴാൻ പാകത്തിൽ മടവെച്ചതായി (മുറിച്ച് വെച്ചത്) കണ്ടത്. സമീപത്തെ ഒരു വലിയ മുരിക്കിന്റെ ചുവട്ടിലും തൊലികളഞ്ഞ് ഉണങ്ങാൻ പാകത്തിൽ നിർത്തിയിരിക്കുകയാണ്. ഇത് ബോധപൂർവം ചെയ്തതാണെന്ന മനസിലാക്കിയതോടെ ഇസ്മയിലിന്റെ മകൾ നബീസ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി. മൂന്ന് വർഷം മുൻപാണ് തേനൂരിലെ ഭൂവുടമ സിദ്ധിഖ് ലയൺസ് ക്ലബ്ബ് പ്രസിഡന്റായപ്പോൾ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി അന്യജില്ലക്കാരായ ഇസ്മയിലിനും കുടുംബത്തിനും തന്റെ വക സ്ഥലത്ത് അഞ്ച് സെന്റ് ഭൂമിയും ഒരു ഓടിട്ട വീടും നിർമ്മിച്ച് നൽകിയത് . സമീപത്തെ ഭൂമി സിദ്ധിഖ് പൂന്തുറ ജോസ് എന്നയാൾക്ക് വിറ്റു.ഇയാളുടെ പറമ്പിലെ കവുങ്ങാണ് വീടിന് മുകളിൽ വീണത്.ഇസ്മയിലിന്റെ മകൾ നബീസ ഹോട്ടൽ ജോലിയും മറ്റും ചെയ്താണ് കുടുംബം പോറ്റുന്നത്. കോവിഡ് കാലത്ത് ആവരുമാനവും നിലച്ചു. ഇസ്മയിലിന്റെ മൂത്തമകളും ഭർത്താവും വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ മരിച്ചതോടെ അവരുടെ രണ്ട് കുട്ടികളും ഇവരുടെ തണലിലാണ്. ഇങ്ങനെ എല്ലാതരത്തിലും കഷ്ടതയിലായ കുടുംബത്തെ വീണ്ടും ദുരിതത്തിലാക്കാനുള്ള ശ്രമമാണ് സാമൂഹ്യദ്രോഹികൾ നടത്തുന്നത്. വീടിനും ജീവനും സംരക്ഷണം നൽകണമെന്നാവശ്യപാപെട്ട് നബീസ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി.

No comments