Breaking News

ബളാൽ പഞ്ചായത്ത് ഒന്നാംവാർഡ് നായ്ക്കയം പാലവളപ്പ് പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം മരങ്ങളും കാർഷിക വിളകളും വേരോടെ നിലംപതിച്ചു, നിരവധി വീടുകൾക്ക് നാശനഷ്ടം


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് ഒന്നാം വാർഡ്  നായിക്കയം പാലവളപ്പ് പ്രദേശത്ത് വെള്ളിയാഴ്ച്ച പുലർച്ചെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മരങ്ങളും, കാർഷിക വിളകളും വേരോടെ പിഴുതു വീണു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ 4 മണിക്ക് ശക്തമായ മഴയുള്ള സമയത്ത് വലിയ ശബ്ദത്തോടെ പ്രത്യക ദിശയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ആ ഭാഗത്തുള്ള മരങ്ങളേയും കാർഷിക വിളകളേയും വേരോടെ പിഴുതെറിയുകയായിരുന്നു.  

അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു വീണതിനാൽ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും നിലച്ചു. ഇലക്ട്രിസിറ്റി ജീവനക്കാർ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ചുഴലിക്കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര പറന്നു പോയി. വീടിന് മുകളിൽ കവുങ്ങ് പൊട്ടിവീണ്  ഏലിയാമ്മ തോമസിന് പരിക്ക് പറ്റി.  കരുണാകരൻ നായരുടെ തെങ്ങ്, കവുങ്ങ്, റബ്ബർ, തേക്ക് എന്നിവ പൊട്ടിവീണ് നശിച്ചു. കെ.ദീപുകുമാർ, എം.രതീഷ്, ഏലിയാമ്മ തോമസ്, നിർമ്മല തുടങ്ങിയവരുടെ  വീടിൻ്റെ മേൽക്കൂര തകർന്നു. കെ.കെ ചന്ദ്രൻ്റെ തെങ്ങ്, റബ്ബർ, കശുമാവ് എന്നിവ നശിച്ചു, മൺകട്ടയും ഷീറ്റും വിരിച്ച ഇവരുടെ പഴയ വീടിൻ്റെ തൊട്ടടുത്തായാണ് മരം പൊട്ടിവീണത്, കൊച്ചു കുട്ടികൾ അടക്കം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നാരായണൻ്റെ ശുചിമുറി തകർന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, വാർഡ് മെമ്പർ ജോസഫ് വർക്കി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ നാശനഷ്ടം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചു.

സി.പി.എം ലോക്കൽ കമ്മറ്റിയംഗം സാബു കാക്കനാട്ട് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശമനുസരിച്ച് പരപ്പ വില്ലേജ് ഓഫീസർ ഇൻ ചാർജ് പി.വി ബാബു, താലൂക്ക് ഓഫീസ് ക്ലർക്ക് പ്രവീൺ കുമാർ എന്നിവർ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങൾ  വിലയിരുത്തി. വൈകിട്ടോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. 

നിരവധി പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് അവരുടെ ഉപജീവന മാർഗമായ ഒട്ടേറെ കാർഷിക വിളകൾ നശിച്ചതായും അവർക്ക് അർഹിക്കുന്ന നഷ്ട പരിഹാരം നൽകാൻ അധികൃതർ മുൻകൈ എടുക്കണമെന്നും കർഷകസംഘം നേതാവ് ദാമോദരൻ കൊടക്കൽ പറഞ്ഞു






No comments