അശാസ്ത്രീയ നിയന്ത്രണം; നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ വെള്ളരിക്കുണ്ടിലെ വ്യാപാരികൾ ശനിയാഴ്ച്ച കടകൾക്ക് മുന്നിൽ കുടുംബസമേതം ഉപവാസ സമരം നടത്തും
വെള്ളരിക്കുണ്ട് : കണ്ടെയ്മെന്റ് സോൺ നിശ്ചയിക്കുന്നതിലുള്ള അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ടിലെ വ്യാപാരികൾ ശനിയാഴ്ച്ച തങ്ങളുടെ കടകൾക്ക് മുന്നിൽ കുടുംബ സമേതം ഉപവാസസമരം നടത്തും
വെള്ളരിക്കുണ്ട് ടൗണിൽ നിന്നും കിലോമീറ്ററുകൾ ദൂരത്ത് കോവിഡ് രോഗ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ടൗൺ അടച്ചിട്ടതിലെ മാനദണ്ഡം എന്തെന്ന് വ്യക്തമാക്കണമെന്നും വ്യാപാരികൾക്ക് ഉണ്ടായ അടച്ചു പൂട്ടൽ ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ശനിയാഴ്ച മുതൽ പൂട്ടി കിടക്കുന്ന വ്യാപാര സ്ഥാപങ്ങൾക്ക് മുന്നിൽ ഉപവാസസമരം സംഘടിപ്പിക്കുവാൻ വെള്ളിയാഴ്ച ചേർന്ന വ്യാപാരികളുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.
ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡിൽ 30ൽ അധികം പേർക്ക് കോവിഡ് പോസ്റ്റിവ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാർഡ് ജില്ലാ കളക്റ്റർ കണ്ടെയ്മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൗണിൽ നിന്നും മൂന്ന് കിലോമീറ്ററുകൾ മാറിയാണ് രോഗ വ്യാപന പ്രദേശം.
രോഗ വ്യാപനം ഉണ്ടായ പ്രദേശം മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണാക്കി പ്രഖ്യാപിക്കണം എന്നും താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, ആർ. ടി. ഒ. ഓഫീസ്, ആശുപത്രികൾ, ബാങ്കുകൾ എന്നിവ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് ടൗൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികൾ ഉപവാസത്തിന് ഒരുങ്ങുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ തിങ്കളാഴ്ച്ച മുതൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കാനാണ് വ്യപാരികളുടെ തീരുമാനം.
സമരം പിൻവലിച്ച സംസ്ഥാന പ്രസിഡണ്ടിൻ്റെ തെറ്റായ നിലപാടിനെ വെള്ളരിക്കുണ്ട് യൂണിറ്റ് യോഗം അപലപിച്ചു.യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി ഇടപാടിയിൽ അധ്യക്ഷത വഹിച്ചു.
മേഖലപ്രസിഡന്റ് കെ. എം. കേശവൻ നമ്പീശൻ. യൂണിറ്റ് സെക്രട്ടറി തോമസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു
No comments