Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് " ബാദാമി ഐഹോളെ, പട്ടടയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് ''


ചരിത്ര വീഥികളിലൂടെ ഉള്ള എന്റെ ഇന്നത്തെ യാത്ര കർണാടകയിലെ തന്നെ അടുത്തടുത്ത ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ചില ചരിത്ര സ്മാരകങ്ങൾ തേടിയാണ്. ഏഴാം നൂറ്റാണ്ടിൽ ചാലൂക്യ രാജാക്കന്മാരുടെ കാലത്തെ നിർമ്മിതികൾ ആയ  ഐഹൊളെ, പട്ടടയ്ക്കൽ ചാലൂക്യരാജാക്കന്മാരുടെ രണ്ടാം തലസ്ഥാനമായിരുന്ന,പട്ടടയ്ക്കൽ, ബാഗൽകോട്ട് ജില്ലയിലെ പ്രശസ്ത ഗുഹാക്ഷേത്രങ്ങൾ ഉള്ള ബാദാമി എന്നിവിടങ്ങളിലേക്കാണ് ഇത്തവണത്തെ യാത്ര.






ഹംപിയിലെ മനോഹര ദൃശ്യങ്ങൾ കണ്ടു മതിയാവും മുമ്പേ, സമയപരിമിതി മൂലം ഞങ്ങളുടെ യാത്രാസംഘം അടുത്ത ലക്ഷ്യസ്ഥാനമായ ഐഹൊളെ പുരാതന ക്ഷേത്രസമുച്ചയങ്ങൾ കാണുവാൻ യാത്രതിരിച്ചു. ജൈന-ബുദ്ധ, ഹൈന്ദവ സംസ്കൃതികളുമായി ബന്ധപ്പെട്ട ധാരാളം ചരിത്ര സ്മാരകങ്ങൾ, ചിതറിക്കിടക്കുന്ന ഈ ഭൂപ്രദേശം ഒരു കാലത്ത് ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. മാലപ്രഭാ നദീതീരത്ത് വ്യാപിച്ചുകിടക്കുന്ന ഈ ചരിത്രവിസ്മയം, ചാലൂക്യ വാസ്തുവിദ്യയുടെ മഹനീയതയ്ക്ക് മകുടോദാഹരണമാണ്. വഴിയിൽ പലയിടത്തും ധാരാളം സൂര്യ കാന്തിപ്പാടങ്ങൾ കാണുവാൻ കഴിഞ്ഞു. ആദ്യമായി ഞങ്ങൾ എത്തിച്ചേർന്നത്, അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ലഡ്കൻ ക്ഷേത്രത്തിലാണ്. ക്ഷേത്രങ്ങളിൽ പലതും പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ് കാണുവാൻ കഴിഞ്ഞത്. പൂജാദികർമ്മങ്ങളും മറ്റും നടക്കുന്നതായി കണ്ടില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അധീനതയിൽ ഈ പ്രദേശം സംരക്ഷിക്കപ്പെടുന്നു.


ബദാമിയിലെ പടിഞ്ഞാറൻ ചാലൂക്യരാജവംശത്തിലെ പുലികേശി ഒന്നാമന്റെ കാലത്താണ് ഐഹോളെയിലെ ഈ ക്ഷേത്രസമുച്ചയങ്ങളുടെ നിർമ്മാണമാരംഭിച്ചതെന്ന് കരുതുന്നു. പഴയകാലത്ത് ഇവിടം ആര്യപുര എന്ന് അറിയപ്പെട്ടിരുന്നു. ഇവിടത്തെ ലഡ്കൻ ക്ഷേത്രത്തിന്റെ നിർമ്മാണരീതി, ആധുനിക രീതിയിലുള്ള ഒരു വീടിനെ സൂചിപ്പിക്കുന്നു. മേൽക്കൂരയിൽ ശിലാപാളികൾ പ്രത്യേകരീതിയിൽ വിന്യസിച്ചിരിക്കുന്നു.  450CE യോടടുത്താണ് ഇതിന്റെ നിർമ്മാണം നടന്നത്. ഇതിന് തൊട്ടടുത്താണ് 742 CE യിൽ പണിത ദുർഗ്ഗാക്ഷേത്രം. ഇതൊരു ബുദ്ധമതവിഹാരമായിരുന്നെന്ന് കരുതപ്പെടുന്നു.ഇതിന്റെ പുറംചുവരുകളിൽ, നരസിംഹ, മഹിഷാസുരമർദ്ദിനി, വരാഹം, വിഷ്ണു, ശിവൻ, അർദ്ധനാരീശ്വര രൂപങ്ങൾ, ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. മുകൾ ഭാഗത്ത് ചെറിയൊരു ഗോപുരവും, ഉള്ളിലേക്ക് വെളിച്ചം കടക്കും വിധം ധാരാളം കിളിവാതിലുകളുമുള്ള ഈ നിർമ്മിതിയ്ക്ക് ദീർഘവൃത്താകൃതിയാണ് ഉള്ളത്.



ഇവിടം ചുറ്റിനടന്ന് കണ്ടശേഷം ഞങ്ങൾ എട്ടാം നൂറ്റാണ്ടിലെ നിർമ്മിതിയായ കോട്ടേജ് ടെമ്പിളിന് സമീപമെത്തി.ഇതിന്റെ മേൽക്കൂരചരിച്ച് മേഞ്ഞത് പോലെ കാണപ്പെടുന്നു. ഗർഭഗൃഹം, പ്രദക്ഷിണപഥം, മുഖമണ്ഡപം എന്നിവയോട് കൂടിയ ഈ ക്ഷേത്രത്തിന്റെ കട്ടിളപ്പടിയിൽ മുകൾ ഭാഗത്ത് ഗജലക്ഷ്മി രൂപം കൊത്തി വച്ചിരിക്കുന്നു



ഒമ്പതാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ബഡിഗരെ ക്ഷേത്രവും, സൂര്യനാരായണഗുഡിയും, ഗൗഡരെ ക്ഷേത്രവുമെല്ലാം ഞങ്ങൾ ചുറ്റിനടന്ന് കണ്ടു.ഒമ്പതാം നൂറ്റാണ്ടിലെ തന്നെ നിർമ്മിതിയായ ചക്രഗുഡിയിൽ ഇരുപതോളം  ദമ്പതീ ശിൽപ്പങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. രണ്ട് സർപ്പങ്ങളെ കൊത്തിപ്പറന്നുയരുന്ന ഗരുഡനെ ക്ഷേത്രച്ചുമരിൽ കൊത്തി വച്ചിരിക്കുന്നു.



ഇനി ഞങ്ങൾ പോവുന്നത് മൂന്ന് ക്ഷേത്രങ്ങളുള്ള, അംബിഗരെ ക്ഷേത്രസമുച്ചയങ്ങളിലേക്കാണ്. പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന, ഇവിടെ, സൂര്യൻ, വിഷ്ണു രൂപങ്ങളും, രണ്ട് സ്ത്രീരൂപങ്ങളും കാണാം.ഇതിന് സമീപത്തായി നിവസിച്ചിരുന്ന അംബിഗരെ (boatsman) സമുദായത്തിന്റേതാണ് ഈ ക്ഷേത്രം.





ഏഴാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചിക്കിക്ഷേത്രവും, 708 CE യിൽ നിർമ്മിച്ച ഹച്ചിമല്ലി മന്ദിരവും ഇവിടെ കാണാം. നിരവധി ദമ്പതി ശിൽപ്പങ്ങൾക്ക് പുറമെ, ഗംഗ, യമുന, ഗരുഡൻ, ത്രിമൂർത്തികൾ, ഗന്ധർവ്വന്മാർ, ആനകൾ എന്നിവയെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഹച്ചിമല്ലിയിലെ സഭാ മണ്ഡപത്തിൽ, ഇന്ദ്രൻ, യമൻ, കുബേരൻ എന്നീ ദേവന്മാരുടെ ശിൽപ്പങ്ങളാണുള്ളത്.

ആറാം നൂറ്റാണ്ടിലെ തും, ശിലയിൽ കൊത്തിയുണ്ടാക്കിയതുമായ, രാവണഫഡിയാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച എന്ന് പറയാതെ വയ്യ. ഗ്രാമത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന ഇവിടുത്തെ പ്രധാനഹാളിൽ ആയുധമേന്തി നൃത്തം ചെയ്യുന്ന ശിവരൂപവും സമീപത്തായി ശിരസ്തകർക്കപ്പെട്ട രീതിയിലുള്ള ഒരു ശിൽപ്പവും കാണാം.


കാഴ്ചകൾ കാണാനായി മാത്രം ഐഹോളെ യിലെത്തുന്ന ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ദൃശ്യങ്ങൾ അത്ര ആസ്വാദ്യകരമാവണമെന്നില്ല. എന്നാൽ ചരിത്ര ഗവേഷകരെയും, ഭാരതത്തിന്റെ പൗരാണിക സംസ്കൃതിയെ ഇഷ്ടപ്പെടുന്നവരെയും സംബന്ധിച്ച് ഇവിടം അറിവിന്റെ അക്ഷയഖനികൾ തന്നെയാണ്. ഇവിടെവരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടുന്ന ചില ചരിത്ര സ്മാരകങ്ങളെക്കുറിച്ച് സൂചിപ്പിക്കട്ടെ; ഗൗരിഗുഡി, മല്ലികാർജുന ക്ഷേത്രം, ആറാം നൂറ്റാണ്ടിലെ ബുദ്ധവിഹാരങ്ങൾ, ദ്രവീഡിയൻ മാതൃകയിലുള്ള ജൈനക്ഷേത്രമായ 'മെഗിട്ടി', പരന്ന മേൽക്കൂരയും അനേകംതൂണുകളുമുള്ള കോന്തിഗുഡി, ത്രൈംബകേശ്വര ക്ഷേത്രവും, ഇതിന് സമീപമുള്ള ബൗദ്ധ-ജൈന സ്മാരകങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ടത് തന്നെയാണ്. സമയക്കുറവും, സഹയാത്രികരുടെ തിരക്ക്കൂട്ടലും നിമിത്തം ഇവിടെ അധികസമയം ചിലവഴിക്കാനോ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനോ ശ്രമിക്കാതെ ഉച്ചഭക്ഷണത്തിന് ശേഷം, ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ പട്ടടയ്ക്കൽ എന്ന സ്ഥലത്തേക്ക് പോവുകയാണ്.



അഞ്ച്മുതൽ പന്ത്രണ്ട് വരെയുള്ള നൂറാണ്ടുകളിൽ പണികഴിപ്പിക്കപ്പെട്ടതും, വളരെ വിശാലമായ പ്രദേശത്ത് പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ ക്ഷേത്ര, കോട്ട സമുച്ചയങ്ങളുള്ള ഐഹൊളെ, ചുരുങ്ങിയ സമയം കൊണ്ട് കണ്ടു തീർക്കേണ്ടി വന്നതിലുള്ള വിഷമം ഉള്ളിലൊതുക്കി യാത്രാ സംഘത്തോടൊപ്പം പട്ടടയ്ക്കലിലേക്ക്.....



മെയിൻറോഡിൽ നിന്ന് വിട്ട് കുറച്ചു ദൂരം ഓടിയ ഞങ്ങളുടെ വാഹനം മൂന്ന് മണിയോടെ, ബാദാമിയിലെ ചാലൂക്യരാജാക്കന്മാരുടെ കാലത്തെ ചരിത്ര സ്മാരകങ്ങളുള്ള, പട്ടടയ്ക്കൽ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. കർണ്ണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ, മാലപ്രഭാനദിയുടെ സമീപത്താണ് ഈ സ്ഥലം. ഏഴും എട്ടും നൂറ്റാണ്ടുകളിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ളതും, ഇന്തോ-ആര്യൻ -ദ്രവീഡിയൻ വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞതുമായ നിരവധി ക്ഷേത്രസമുച്ചയങ്ങൾ ഇവിടെയുണ്ട്. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ, പട്ടടയ്ക്കൽ ഇടംനേടിയിട്ടുണ്ട്.



ചാലൂക്യരാജാക്കന്മാർ തങ്ങളുടെ യുദ്ധവിജയങ്ങളുടെ സ്മാരകമായി നിർമ്മിച്ചിട്ടുള്ളവയാണ്, ശിലാ നിർമ്മിതങ്ങളായ ഈ മന്ദിരങ്ങൾ.ബാദാമിയിലെ ചാലൂക്യരാജാക്കന്മാരായിരുന്ന മംഗളേശന്റെയും, പുലികേശിയുടെയും കാലത്ത് കീർത്തി കേട്ടതായിരുന്നു ഈ ദേശം. ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട  കടസിദ്ധേശ്വര ക്ഷേത്രം, ജംബുലിംഗ, ഗളനാഥ മന്ദിരങ്ങൾ എന്നിവയും, എട്ടാം നൂറ്റാണ്ടിലെ നിർമ്മിതികളായ, സംഗമേശ്വര, പാപനാഥ, കാശി വിശ്വേശ്വര, മല്ലികാർജുന, വിരൂപാക്ഷ ക്ഷേത്രങ്ങളും, ചാലൂക്യകാലഘട്ടത്തിലെ വാസ്തുവിദ്യയുടെയും, ശിൽപ്പ വൈദഗ്ധ്യത്തിന്റെയും മാസ്മരിക ഭംഗി വിളിച്ചോതുന്നവയാണ്.




ഇവയിൽ 740CE യിൽ പണികഴിപ്പിക്കപ്പെട്ട വിരുപാക്ഷക്ഷേത്രത്തിന്റെ കിഴക്കെ ഗേറ്റിന് സമീപം കറുത്തശിലയിൽ തീർത്ത ഒരു വലിയ നന്തിശിൽപ്പമുണ്ട്. നാം കർണ്ണാടകയിലെ മറ്റ് ചില സ്ഥലങ്ങളിൽ കാണുന്ന നന്തീ രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഈ ശിൽപ്പത്തിനുള്ളത്.


ഇവിടെയുള്ള പതിനെട്ടോളം കൂറ്റൻകരിങ്കൽ തൂണുകളിൽ, രാമായണ, മഹാഭാരത, ഭാഗവത കഥാസന്ദർഭങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.ഇതിനകത്തുള്ള ഒരു ഇരുൾ നിറഞ്ഞ ഹാളിലെ തൂണുകളിൽ സ്ത്രീ പുരുഷ ജോഡികളുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ധാരാളം ശിൽപ്പങ്ങൾ നമുക്ക് കാണാൻ കഴിയും. തങ്ങളുടെ ജോലി തിരക്കിനിടയിൽ വീണ്കിട്ടുന്ന സമയങ്ങളിൽ, സ്വകാര്യ സംഭാഷണം നടത്തുന്ന ദമ്പതികളോ, കമിതാക്കളോ ആണ് അവരെന്ന് നമുക്ക് തോന്നിപ്പോവും. ഒന്നിനൊന്ന് വ്യത്യസ്തവും, മനോഹരവുമായ നിർമ്മിതികളാണ് അവയെല്ലാം.




ഞങ്ങൾ ഇവിടെയെത്തിയ സമയത്ത് നേരിയ തോതിൽ മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ, പുറത്തെ കാഴ്ചകൾ നടന്ന് കാണാൻ സാധിച്ചില്ല. ഇവിടെ നിന്ന് ഞങ്ങൾപോവുന്നത്, പഴയകാലത്ത് വാതാപിപുര' എന്നറിയപ്പെട്ടിരുന്നതും, ഞങ്ങളുടെ ഇത്തവണത്തെ യാത്രയിലെ പ്രധാന ലക്ഷ്യവുമായിരുന്ന ബാദാമി ഗുഹാക്ഷേത്രങ്ങൾ കാണുവാനാണ്.


പട്ടയ്ക്കൽ നിന്നും ഇങ്ങോട്ടുള്ള യാത്രയിൽ റോഡ് അൽപ്പം മോശമായിരുന്നുവെങ്കിലും, ഞങ്ങളുടെ ഡ്രൈവർ സതീഷ് അഞ്ച്മണിയോടെ ഞങ്ങളെ ബാദാമിയിൽ എത്തിച്ചു. ലക്ഷ്യസ്ഥാനത്തെത്തും മുമ്പുതന്നെ അകലെയായി, ഒന്നിന് മുകളിൽ ഒന്നായി കാവിനിറത്തിലുള്ള പാറക്കെട്ടുകൾ അടുക്കി വച്ചത് പോലെ ഒരു മല കാണുവാൻ സാധിച്ചു. ഇതുവരെ കണ്ട ചരിത്ര സ്മാരകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി; ഒരുമലയിൽ തുരന്ന് ഉണ്ടാക്കിയ അനേകം ഗുഹാക്ഷേത്രങ്ങളോട് കൂടിയ സ്ഥലമാണ് ബാദാമി. ജൈന - ശൈവ-വൈഷ്ണവമതവിഭാഗങ്ങളുടെ കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതും, അതതു വിഭാഗക്കാരുടെ വിശ്വാസ സങ്കൽപ്പങ്ങളുമായി ബന്ധപ്പെടുന്നതുമായ ധാരാളം ശിൽപ്പങ്ങൾ ഇവിടെയുണ്ട്. ആറാംനൂറ്റാണ്ടിൽ ചാലൂക്യരാജാവായ ഇമ്മാദിപുലികേശി രാജാവിന്റെ കാലത്ത് തലസ്ഥാനം പട്ടടയ്ക്കലിൽ നിന്നും, ബദാമിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്.  പുരാണങ്ങളിൽ പരാമർശമുള്ള വാതാപി എന്നും ഇല്വലൻ എന്നും പേരുള്ള രാക്ഷസ സഹോദരന്മാരുടെ കഥയുമായി ഈ സ്ഥലനാമംബന്ധപ്പെട്ടിരിക്കുന്നു. പൗരാണിക കാലത്ത് ഒരു പ്രമുഖ വാണിജ്യ സംസ്കാരിക കേന്ദ്രമായിരുന്ന ബാദാമിയെക്കുറിച്ച്, രണ്ടാം നൂറ്റാണ്ടിൽ ഇവിടെത്തിയ ഗ്രീക്ക് സഞ്ചാരിയായ "ടോളമി തന്റെ ഗ്രന്ഥത്തിൽ 'ബഡോമെയി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാപ്രഭാ നദീതീരം പൗരാണിക സംസ്കാരത്തിന്റെ ഒരു കളിത്തൊട്ടിൽ ആണെന്ന് തന്നെ പറയാം. ശിലായുഗത്തിൽ ഉപയോഗിച്ചിരുന്ന കൽമഴുവിന്റെയും, പാർപ്പിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ബാദമിക്ക് അടുത്തുള്ള സബരാഫഡി' എന്ന സ്ഥലത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പ്രാചീനശിലായുഗത്തിലെതെന്ന് കരുതപ്പെടുന്നതും, അക്കാലത്തെ ജീവിതവുമായി ബന്ധപ്പെട്ടതുമായ ധാരാളം ചിത്രപ്പണികൾ, ബാദാമിയുടെ തെക്കുഭാഗത്തുള്ള രംഗനാഥ മലനിരകളിൽ കാണാവുന്നതാണ്.



ബദാമിയിലെ കാഴ്ചകളിലേക്ക് കടക്കും മുൻപ്, ഇവിടെ ഞാൻ കണ്ട രസകരമായ ഒരു ദൃശ്യത്തെക്കുറിച്ച് അൽപ്പം പറയട്ടെ. മെയിൻ റോഡിൽ നിന്നും വിട്ട് ഇരുവശവും വീടുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് ഞങ്ങൾ ഗുഹാക്ഷേത്രത്തിന് സമീപത്തെത്തിയത്. ബസ്സിറങ്ങിയ ഞങ്ങളെ സ്വീകരിക്കാനെന്നവണ്ണം ആദ്യം ഓടിയെത്തിയത് വാനരന്മാരുടെ ഒരു സംഘമായിരുന്നു.ഇവർ പൊതുവെ ഉപദ്രവകാരികളല്ലെങ്കിലും, തരം കിട്ടിയാൽ, ഭക്ഷണ സാധനങ്ങളെന്ന് കരുതി ബാഗ്, മൊബൈൽ എന്നിവ തട്ടിയെടുക്കുമെന്നും, സൂക്ഷിക്കണമെന്നും ഡ്രൈവർ മുന്നറിയിപ്പ് തന്നിരുന്നു .പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഞങ്ങളുടെ ബസ്സിന്റെ മുകളിൽ കയറിയിരുന്ന്, അടച്ചിട്ട ഗ്ലാസ്സുകൾ ഒരു കോലുകൊണ്ട് കുത്തിതുറക്കാൻ ശ്രമിക്കുന്ന ഒരു വാനരവീരനെയും,ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ അടയ്ക്കുവാൻ ശ്രമിക്കുമ്പോൾ, തന്റെ നീണ്ടവാൽ ഉള്ളിലേക്കിട്ട് തടസ്സം സൃഷ്ടിക്കുന്ന മറ്റൊരു  കപി ശ്രേഷ്ഠനെയും ഞാൻ കണ്ടു. പാർക്ക് ചെയ്ത ബൈക്കിന്റെ സൈഡ് ബോക്സിൽ നിന്നും സാധനങ്ങൾ അടിച്ച് മാറ്റുന്ന ഒരു കുട്ടിക്കുരങ്ങനെയും കാണാനുള്ള അവസരം എനിക്കും സുഹൃത്തായ അനീഷിനും, സംഘത്തിലുണ്ടായിരുന്ന കുട്ടികൾക്കും മാത്രം സാധിച്ചു. മറ്റുള്ളവർ സമീപത്തുള്ള വെള്ളച്ചാട്ടം കാണുവാൻ തിരക്കിട്ട് പോയിരുന്നു. ഇനി ബാദാമിയിലെ കാഴ്ചകളെപ്പറ്റി പറയാം.പ്രധാന കവാടത്തിലെത്തും മുൻപ് അൽപം വലതുമാറി നമുക്ക് അഗസ്ത്യ തീർത്ഥം കാണാം.ബാദാമി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന അക്ക-തങ്കി വെള്ളച്ചാട്ടം ഈ തടാകത്തിലാണ് പതിക്കുന്നത്.അഗസ്ത്യ തീർത്ഥത്തിന് ഇടത് ഭാഗം ചുറ്റി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് നടക്കുമ്പോൾ ദൂരെയായി കാണുന്ന ഒരു വലിയ മന്ദിരം ലക്ഷ്യമാക്കി ഞാനും അനീഷും നടന്നു.



ഈ പാതയുടെ ഇരുവശത്തുമായി അനേകം മുസ്ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇന്തോ- പേർഷ്യൻ മാതൃകയിലുള്ള ഒരു പുരാതന മസ്ജിദ് ഇവിടെയുണ്ട്. അതിന് സമീപമുള്ള ഹാളിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്നതിനാൽ, അതിനുള്ളിൽ പ്രവേശിക്കാതെ ഞങ്ങൾ പ്രധാന കാഴ്ചകൾ കാണാനായി പുറപ്പെട്ടു.


നിരവധി പടവുകൾ കയറി നമുക്ക് ഗുഹാക്ഷേത്രങ്ങളിലെത്താം. ഇവിടുത്തെ പാറക്കൂട്ടങ്ങൾക്ക് പൊതുവെ മഞ്ഞകലർന്ന ചുവപ്പ് നിറമാണ്. ആകാശംമുട്ടെ ഉയർന്ന് നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ പ്രകൃതിദത്തമായ അനേകം ഗുഹകളും, ജൈന -വൈഷ്ണവ-ശൈവ രീതിയിലുള്ളതും പാറയിൽ കൊത്തിയെടുത്തതുമായ ധാരാളം മണ്ഡപങ്ങളും, ഭീമാകാരമായ കരിങ്കൽ തൂണുകളോട് കൂടിയ വിശാലമായ ഹാളുകളും നമുക്ക് കാണാവുന്നതാണ്.




ഇവ ചാലൂക്യരാജാക്കന്മാരുടെ കാലത്തെ നിർമ്മിതികളാണ്. ബുദ്ധ-ജൈനസന്യാസിമാർ തങ്ങളുടെ ധ്യാനത്തിനും, സ്നാനാദികർമ്മങ്ങൾക്കും മറ്റുമായി ഇവിടം ഉപയോഗിച്ചിരുന്നു.എല്ലാ മതവിഭാഗങ്ങളെയും, ഒരുപോലെ കണ്ടിരുന്ന ചാലൂക്യരാജാക്കന്മാരുടെ കാലത്ത് വിവിധദേശങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർ ഇവിടം സന്ദർശിച്ചിരുന്നു.പടികൾ കയറി മുകളിലെത്തുന്ന നാം ആദ്യം കാണുന്നത്, 543 CE യിൽ പണികഴിപ്പിക്കപ്പെട്ട ശൈവ ഗുഹാക്ഷേത്രത്തിലേക്കാണ്.



കട്ടിയുള്ള പാറയിൽ കൊത്തിയെടുത്തതും, ഏറ്റവും പഴക്കമുള്ളതുമായ ഒന്നാംഗുഹയ്ക്ക്, സഭാമണ്ഡപം, മുഖമണ്ഡപം, ശ്രീകോവിൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മഹിഷാസുരമർദ്ദിനി, ഹരിഹര, അർദ്ധനാരീശ്വര രൂപങ്ങൾ ഇവിടത്തെ ചുമരിൽ ചിത്രീകരിച്ചിട്ടുണ്ട്.ഇതിൽ ഏറ്റവും മനോഹരവും, ശ്രദ്ധേയവുമായത്, പ്രവേശന കവാടത്തിന്റെ വലതു ചുമരിൽ കാണുന്ന, പതിനെട്ട്കരങ്ങളോട് കൂടിയ 'ശിവതാണ്ഡവനൃത്യ' ശിൽപ്പമാണ്. ഉയർത്തിപ്പിടിച്ച രണ്ട് കരങ്ങളിൽ സർപ്പങ്ങളെയും, മറ്റ് കയ്യുകളിൽ ഡമരു, ജപമണി, പുഷ്പം, ത്രിശൂലം, വീണ എന്നിവയും കാണാം. ശിവരൂപത്തിന്റെ ഇടതുപാദത്തിന് സമീപത്തായി ഗണപതിയുടെയും, ഇതിന് പുറകിലായി നടനം നിരീക്ഷിക്കുന്ന വാദ്യ വായനക്കാരെയും നമുക്ക് കാണാം. വലതു പാദത്തിന് സമീപത്തായി നന്തീരൂപവും ഉണ്ട്.


ഇടതേഭിത്തിയിൽ കാണുന്ന മഹിഷമർദ്ദിനി രൂപത്തിന് സമീപം മയിൽ വാഹനനായ മുരുഗനെയും, മോദകമേന്തിയ ഗണപതിയെയും ചിത്രീകരിച്ചിരിക്കുന്നു.


ഇടത് ഭാഗത്ത് നിന്ന് നോക്കിയാൽ ആനയുടെയും, വലത് ഭാഗത്ത് നിന്ന് വീക്ഷിക്കുന്നവർക്ക് കാളയുടെയും, രൂപം കാണുന്ന ഗജ-ഋഷഭരൂപം ചാലൂക്യ ശിൽപ്പകലാ വൈദഗ്ധ്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു. ശിവനും വിഷ്ണുവും ചേർന്നതോ, അതോ അർദ്ധനാരീശ്വര സങ്കൽപ്പത്തിലുള്ളതോ, എന്ന് തോന്നിക്കുന്ന ഒരു ശിൽപ്പവും, കപാലമേന്തി ആനത്തോലുടുത്ത ശിവരൂപവും, ശംഖചക്രധാരിയായ വിഷ്ണു രൂപവും, ലക്ഷ്മി, പാർവ്വതി, നന്തീശിൽപ്പങ്ങളും കേവ് നമ്പർ ഒന്നിലെ അതി മനോഹര സൃഷ്ടികൾ തന്നെയാണ്.


ഇവിടെയൊരു ഭാഗത്ത് ആകാശമാർഗ്ഗേന സഞ്ചരിക്കുന്ന ചില രൂപങ്ങളെയും ചിത്രീകരിച്ചിട്ടുണ്ട്. താഴെ നിന്ന് മുകളിലേക്ക് തലയുയർത്തി നോക്കുന്ന ഒരു മൃഗരൂപം ശ്രദ്ധിച്ചാൽ നമുക്കിത് മനസ്സിലാവും.


ഇവിടെനിന്നും മുന്നോട്ട് പോയാൽ നമുക്ക് കേവ് രണ്ടിൽ എത്താം. ഇത് വൈഷ്ണവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വിഷ്ണു സങ്കൽപ്പങ്ങളായ ഭൂവരാഹം, ത്രിവിക്രമ, മത്സ്യാവതാര, സ്വസ്തിക രൂപങ്ങൾ ഇവിടെ കാണാം.



വിഷ്ണുവിന്റെ അഞ്ചാമത് അവതാരമായ വാമനനെയാണ് ത്രിവിക്രമനായി പറയുന്നത്. മഹാബലിയോട് മൂന്നടിമണ്ണ് ചോദിക്കാനെത്തുന്ന വാമനനെയും, മഹാബലിയെയും, ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ഇതിന് സമീപത്ത് തന്നെ ചാലൂക്യ വിജയനഗര രാജാക്കന്മാരുടെ രാജകീയ ചിഹ്നമായ വരാഹ രൂപവുമുണ്ട്.


രണ്ടാമത്തെ ഗുഹക്ക് സമീപത്താണ് പത്മപാണിയായി ധ്യാനത്തിലിരിക്കുന്ന ശ്രീബുദ്ധരൂപ മുള്ള ബൗദ്ധഗുഹയുള്ളത്.




578 CE യിൽ പണികഴിപ്പിക്കപ്പെട്ട,മൂന്നാമത്തെ ഗുഹാക്ഷേത്രത്തിലേക്കാണ് ഇനി നമ്മൾ പോവുന്നത്. കേവ് ഒന്നിലേത് പോലെ L' ആകൃതിയുള്ള ഒരു നിർമ്മിതിയാണിത്. തന്റെ സഹോദരനായ കീർത്തിവർമ്മന്റെ പന്ത്രണ്ട് വർഷത്തെ ഭരണത്തിന്റെ ഓർമ്മയ്ക്കായി, മംഗളേശനാണ് ഇത് പണികഴിപ്പിച്ചത്. ഹിരണ്യനിഗ്രഹത്തിന് ശേഷം അട്ടഹസിക്കുന്ന വിജയനരസിംഹ രൂപവും, സമീപത്തായി പ്രഹ്ളാദൻ, മനുഷ്യമുഖമുള്ള ഗരുഡരൂപം എന്നിവയും ഇവിടെ കാണാം.


അൽപ്പം ഇടുങ്ങിയ വഴിയിലൂടെ പടികൾ കയറിയാൽ നമ്മൾ എത്തിച്ചേരുന്നത്, ജൈനമത വിശ്വാസവുമായി ബന്ധപ്പെട്ട നാലാമത് ഗുഹാക്ഷേത്രത്തിലേക്കാണ്. ജൈനമത തീർത്ഥങ്കരന്മാരുടെ പൂർണ്ണകായ രൂപങ്ങൾ നമുക്കിവിടെ കാണാം. ഇവിടെ നിന്നും അഗസ്ത്യ തീർത്ഥവും, ചുറ്റുപാടുമുള്ള മലനിരകളും, ജനവാസ കേന്ദ്രങ്ങളും വെള്ളച്ചാട്ടവും ഉൾപ്പെടുന്ന ബദാമിയുടെ മനോഹരദൃശ്യം നമുക്ക് കാണാവുന്നതാണ്.




ബാദാമിയിലെ നാല് പ്രധാന ഗുഹാക്ഷേത്രങ്ങളും കണ്ടതിനു ശേഷം ഞങ്ങൾ മടങ്ങുകയാണ്. ഇതുവരെ ഞാൻ വിവരിച്ച കാഴ്ചകൾ ഒരു സാധാരണ വിനോദ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത്ര വലിയ ആകർഷണമൊന്നുമായിരിക്കില്ല. ശിലായുഗകാലം മുതൽ (ഒരു പക്ഷെ അതിനും വളരെ മുൻപ് തന്നെ) ഇവിടെനിന്നിരുന്ന ഒരു മഹത്തായ സംസ്കാരത്തിന്റെയും, രാജവംശങ്ങളുടെയും, വ്യത്യസ്ത മതവിഭാഗങ്ങളുടെയും, ചരിത്രവും, വിശ്വാസവും, ഐതിഹ്യവുമെല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു മഹാകാവ്യം തന്നെയാണ് ഈ പ്രദേശങ്ങളെല്ലാം എന്ന് നിസ്സംശയം പറയാം.

ആറ് മണിക്ക് തന്നെ മടക്കയാത്ര ആരംഭിക്കണമെന്ന് കർശന നിർദ്ദേശമുള്ളതിനാൽ ബദാമിയിലെ മലമുകളിലെ കോട്ട മതിലിലെ പീരങ്കിയുടെയും, വെള്ളച്ചാട്ട ഉറവിടത്തിന്റെയും വിദൂരദൃശ്യം മാത്രം ആസ്വദിച്ച്, ഇവിടുത്തെ ഇടുങ്ങിയ വഴികളോടും, പന്നിക്കൂട്ടങ്ങളോടും, വാനരന്മാരോടും യാത്രപറഞ്ഞ്, ഞാൻ യാത്രാ സംഘത്തോടൊപ്പം ചേർന്നു. ഇതിനിടെ കൂട്ടത്തിൽനിന്ന് വേർപെട്ട് ഷോപ്പിംഗിന് പോയ തമ്പാൻ മാഷിനെയും സുഹൃത്തുക്കളെയും അൽപ്പസമയം കാത്ത് നിൽക്കേണ്ടി വന്നു. മടക്കയാത്രയിൽ അവിടവിടെയായി നിരവധി ക്ഷേത്ര അവശിഷ്ടങ്ങൾ കാണാൻ കഴിഞ്ഞു.ഗ്രാമപ്രദേശമായത് കൊണ്ടാവാം, സഞ്ചാരികൾക്ക് ഷോപ്പിംഗിന് ഉള്ള സാദ്ധ്യതയൊന്നും ഇവിടെയില്ല. മടങ്ങുംവഴി ഞങ്ങൾ  ബനശങ്കരി ക്ഷേത്രത്തിലെത്തിച്ചേർന്നു. രാത്രി ഭക്ഷണം തയ്യാറാവാൻ അൽപ്പസമയമെടുത്തതിനാൽ, മൂന്ന് മണിക്കൂറോളം ഇവിടെ ചിലവഴിക്കേണ്ടി വന്നു. സംഘാംഗങ്ങൾ, കുഞ്ഞമ്പുവേട്ടൻ, മധു, ബാലചന്ദ്രൻ, തമ്പാൻമാഷ്, ശ്യാമള, രാധ, ത്രിവേണി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനുള്ളിൽ ഭജന അവതരിപ്പിച്ചു. ബനശങ്കരി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ വലിയ ഓട്ടു മണിയും, മൂന്ന് കൂറ്റൻ കൽവിളക്കുകളും അത്ഭുതമായി തോന്നി.



ബംഗ്ലൂരിൽ നിന്ന് ഇങ്ങോട്ടേക്ക് നേരിട്ടുള്ള യാത്രാ സൗകര്യങ്ങളുണ്ട്. നമ്മുടെ നാട്ടിൽ നിന്ന് ഷിമോഗ -ഹരിഹർ - ഹൊസ്പെട്ട് വഴി അഞ്ഞൂറ്റമ്പത് കിലോമീറ്ററോളം യാത്ര ചെയ്താൽ, ബദാമി, ഐഹോളെ, പട്ടടയ്ക്കൽ എന്നിവിടങ്ങളിലെത്താം. ബാദാമിയിൽ നിന്നും 190 കി.മീ അകലെയുള്ള ബൽഗാമിലാണ് ഏറ്റവുമടുത്ത വിമാനത്താവളമുള്ളത്. ട്രെയിൻ മാർഗം ബദാമിയിലെത്തിയ ശേഷം,  ഐഹോൾ, പട്ടടയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് പൊതുഗതാഗത സംവിധാനമുപയോഗിച്ചും എത്താവുന്നതാണ് ഒരു ജന്മം മുഴുവൻ കണ്ടാലും മതിവരാത്തത്ര കാഴ്ചകളുള്ള ഈ പ്രദേശങ്ങൾ ക്രമേണ മനസ്സിൽ നിന്ന് മാഞ്ഞു പോയേക്കാം. അവസരം കിട്ടിയാൽ വീണ്ടും ഇവിടേക്ക് എത്തുമെന്ന് മനസ്സിൽ ഉറപ്പിച്ച്, രാത്രി ഭക്ഷണത്തിന് ശേഷം: ഒമ്പത് മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.


എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)

കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 


"" ബുദ്ധിമാനായ വിഡ്ഢിയും, ദരിദ്രന്റെ താജ് മഹലും - ഔറംഗബാദ് യാത്ര''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/08/Aurangabad-tourisam.html


"ശപിക്കപ്പെട്ട നഗരം തേടിയുള്ള യാത്ര"

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/Thallakad-somanathapura-.html


"ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/ajantha-ellora-caves-t.html


"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html


'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html















No comments