Breaking News

സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്രവീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന്.. ''സാലഭഞ്ജികമാരുടെ നാട്ടിലേക്ക് "



നമ്മുടെ യാത്രകൾ പലതും ആസ്വാദ്യകരമാവുന്നത്, സഹയാത്രികരുടെ മനോഭാവമനുസരിച്ചായിരിക്കും. പല യാത്രകളിലും എന്റെ കൂടെയുണ്ടായിരുന്നത്; യാത്രകൾ
ഇഷ്ടപ്പെടുന്ന, അവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ ശ്രമിക്കുന്ന, അതിലെല്ലാമുപരിയായി എനിക്ക് സഹോദരതുല്യരായ ചില സുഹൃത്തുക്കളായിരുന്നു.. കർണാടകയിലേക്കുള്ള ആദ്യ യാത്രയിൽ കൂടെ വന്നത് ഗിരീഷും, ബിജു ഓപ്പോൾ, എന്നിവരും ആയിരുന്നെങ്കിൽ, രണ്ടാമത്തെ യാത്രയിൽ എന്റെ വാഹനത്തിന്റെ വളയം നിയന്ത്രിച്ചത്, പൊതുവെ സംഭാഷണപ്രിയനും കുടുംബസുഹൃത്തുമായ ഹരി പൊതുവാൾ ആയിരുന്നു. ഇത്തവണത്തെ യാത്രയെ മറക്കാനാവാത്ത ഒരനുഭവമായി മാറ്റിയത്, ഹരികൃഷ്ണൻ, ചന്ദ്രു എന്നിവരുടെ കൂട്ടായ്മയാണ്. നമ്മുടെ നാട്ടിലെ സ്കൂളുകളിൽ നിന്ന് പണ്ടുമുതൽക്കേ മൈസൂരിലേക്ക് വിനോദയാത്ര പോവുന്നത് പതിവാണ്. പൊതുവെ അവർ ചെന്നെത്തുന്നത് മൃഗശാല, ബൃന്ദാവൻ ഗാർഡൻ, ചാമുണ്ഡിഹിൽസ്, മൈസൂർ പാലസ് എന്നിവിടങ്ങളിലേക്കാണ്. എന്നാൽ ചരിത്ര പ്രാധാന്യമുള്ള, കുട്ടികളിൽ വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്ന് നൽകുന്ന പല കാഴ്ചകളും, മൈസൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടെന്ന കാര്യം സംഘാടകർ മറക്കാറാണ് പതിവ്.


കർണ്ണാടകയിലെ ഹസ്സൻജില്ലയിൽ, പഴയകാലത്ത് വേലാപുരി എന്നറിയപ്പെട്ടിരുന്ന ബേലൂർ താലൂക്കിലാണ് പ്രസിദ്ധമായ ബേലൂർ ചെന്നകേശവ ക്ഷേത്രവും, ഹലെബീഡു ഹൊയ്സാലേശ്വര ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.


പതിനൊന്ന് മുതൽ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളിൽ ഇവിടം ഭരിച്ചിരുന്ന ഹൊയ്സാല രാജവംശത്തിന്റെ ആദ്യതലസ്ഥാനം ദ്വാരസമുദ്രം എന്നറിയപ്പെട്ടിരുന്ന ഹലെബീഡു ആയിരുന്നു. ദൽഹി സുൽത്താൻമാരുടെ കാലത്ത് നിരന്തര അക്രമണത്താലും,കൊള്ളയടിയാലും തകർക്കപ്പെട്ട ഹലെബീഡുവിൽ നിന്ന് തലസ്ഥാനം പിന്നീട് ബേലൂരുവിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ഹൊയ്സാല രാജാക്കന്മാരുടെ ഭരണകാലം ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെയും, ശിൽപ്പകലയുടെയും, നൃത്ത-സംഗീതാദി കലകളുടെയും സുവർണ്ണകാലം തന്നെയായിരുന്നു എന്നതിന് മികച്ച തെളിവാണ് ബേലൂരുവിലെ ചെന്ന കേശവക്ഷേത്രം. 'മനുഷ്യനിർമ്മിതമായ മഹാത്ഭുതം' എന്നാണ് പേർസിബ്രൗൺ എന്ന ലോകപ്രശസ്ത വാസ്തുവിദ്യാ വിദഗ്ധൻ ഇവിടങ്ങളിലെ നിർമ്മിതികളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇവിടെ നിന്നും ഇരുന്നൂറ് കിലോമീറ്ററോളം ദൂരെയുള്ള തുംകൂർ എന്ന സ്ഥലത്ത് നിന്ന് കൊണ്ടുവന്ന കറുത്ത നിറത്തിലുള്ള പ്രത്യേകതരം ശിലകളുപയോഗിച്ചാണ് ഈ മഹാത്ഭുതം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നൂറ്റിമൂന്ന് വർഷത്തോളം വേണ്ടിവന്നു ഇതിന്റെ പണി പൂർത്തിയാക്കാൻ എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു

ഹൊയ്സാല രാജവംശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പത്താം നൂറ്റാണ്ടോടു കൂടിയാണ്.രാഷ്ട്രകൂട-ഗംഗാ രാജവംശങ്ങളുടെ പതനത്തോടെ, വിനയാദിത്യ എന്ന രാജാവിന്റെ നേതൃത്വത്തിൽ ഈ രാജവംശം ദക്ഷിണേന്ത്യയിലെ പ്രഗത്ഭ ശക്തികളിൽ ഒന്നായി തീർന്നു. ഹൊയ്സാല രാജാക്കന്മാരിൽ പ്രമുഖനായ വിഷ്ണുവർദ്ധന്റെ കാലത്താണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിന്റെ നിർമ്മാണമാരംഭിച്ചത്. മുപ്പത്തിരണ്ടോളം കോണുകളോട് കൂടി നക്ഷത്ര മാതൃകയിൽ അടിത്തറയുള്ളതും ശിലാനിർമ്മിതവുമായ ഈ നിർമ്മിതിയുടെ പുറംചുവരുകൾ മുഴുവൻ വളരെ സൂക്ഷ്മമായും മനോഹരമായും ചെയ്തിട്ടുള്ള കൊത്തുപണികളാലും, ശിൽപ്പങ്ങളാലും അലംകൃതമാണ്.



അക്കാലഘട്ടത്തിലെ ജീവിതരീതികളും, നൃത്ത-സംഗീത സംബന്ധിയായ കാര്യങ്ങളും, പുരാണേതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളും ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവർദ്ധന്റെ പത്നിയും നർത്തകിയുമായ ശന്തളാദേവിയുടെ തന്നെ നൃത്തം ചെയ്യുന്നതും, വ്യത്യസ്ത രൂപഭാവങ്ങളോട് കൂടിയതുമായ ശിൽപ്പങ്ങളാണ് ഇവിടെ കൊത്തി വച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. ഇതിൽ ദർപ്പണസുന്ദരി' എന്ന ശിൽപ്പം വളരെ പ്രസിദ്ധമാണ്.


ഇനി ഞാൻ ഇവിടുത്തെ ചില കാഴ്ചകളെപ്പറ്റിപ്പറയാം. പ്രധാനവീഥിയോട് ചേർന്ന് സുവർണ്ണനിറത്തിൽ ഉയർന്ന് നിൽക്കുന്ന ഗോപുരം കടന്ന്, കല്ലുകൾ പാകിയ പാതയിലൂടെ നടന്നാൽ നാമെത്തിച്ചേരുന്നത് ചെന്നകേശവ അഥവാ വിഷ്ണു ക്ഷേത്രത്തിലെ പ്രധാന മണ്ഡപത്തിലേക്കാണ്. ഇവിടത്തെ മനോഹരമായ കാഴ്ച എന്നത്; ദശാവതാരം കൊത്തിയിട്ടുള്ള ഭീമാകാരമായ കരിങ്കൽതൂണാണ്(Rotating Pillar).കല്ല് കൊണ്ടുള്ള ബെയറിംഗുകളിൽ ഘടിപ്പിച്ച് വട്ടത്തിൽ കറങ്ങുന്ന രീതിയിലായിരുന്നു ഈ പില്ലർ ഉണ്ടായിരുന്നത് എന്ന് എന്നോടൊപ്പമുണ്ടായിരുന്ന ഗൈഡ് പറഞ്ഞു തന്നു. വ്യത്യസ്ത തരം ശിൽപ്പങ്ങളും നിരവധി പ്രത്യേക തകളുമുള്ള ഇത്തരം നിരവധി തൂണുകൾ ആ ഹാളിനുള്ളിൽ നമുക്ക് കാണാവുന്നതാണ്.




ഉള്ളിലെ കാഴ്ചകൾ കണ്ട ശേഷം ഞാൻ പുറത്തിറങ്ങി, ക്ഷേത്രച്ചുമരുകളിലെ കാഴ്ചകൾ കാണാനായി ചുറ്റി നടന്നു. പുറംചുവരിൽ ഏറ്റവും അടിഭാഗത്തായി ആനകൾ, സിംഹ രൂപങ്ങൾ, കുതിരകൾ എന്നിവയാണ് ഓരോനിരയിലായി ചുറ്റോട് ചുറ്റും കൊത്തി വച്ചിരിക്കുന്നത്.
ഇവ യഥാക്രമം കരുത്ത്, വേഗത, ധൈര്യം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. താഴെ നിന്ന് മുകളിലോട്ട് കണ്ണോടിക്കുമ്പോൾ ഓരോ നിരകളിലായി യുദ്ധരംഗങ്ങളും, പുരാണ ഇതിഹാസ കഥാസന്ദർഭങ്ങളുംമനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നതായി കാണാം. ഏറ്റവും മുകളിലെ നിരയിൽ കാണുന്ന ശിലാസുന്ദരിമാരുടെ അഥവാ സാലഭഞ്ജികമാരുടെ വ്യത്യസ്ത രൂപഭാവങ്ങളാണ് ഇവയിലെ പ്രധാന ആകർഷണം. ഞാൻ മുൻപ് പറഞ്ഞ കണ്ണാടിയിൽ മുഖം നോക്കി നിൽക്കുന്ന സുന്ദരിയും, കയ്യിലിരിക്കുന്ന കിളിയോട് കൊഞ്ചുന്ന ശുകഭാഷിണിയും, വേട്ടക്കാരിയായ സ്ത്രീരൂപവും, നാട്യമോഹിനി തുടങ്ങി ഏകദേശം പതിനെട്ടോളം സുന്ദരിരൂപങ്ങളെ ഇതേ നിരയിൽ നമുക്ക് കാണാം. പത്തൊമ്പതാമത് ശിൽപം മുതൽ യഥാക്രമം: ശിവജലന്ധര, പൂതന, മഹാബലിയും വാമനനും, ബ്രഹ്മാവ്, സൂര്യദേവൻ, അർജുനന്റെ അസ്ത്രപരീക്ഷ, എന്നിവയാണ്. അവയിൽ എടുത്ത് പറയേണ്ടത്, ആധുനിക വേഷധാരണത്തോടെ കയ്യിൽ, ചങ്ങലയിൽ ബന്ധിച്ച നായയുമായി സവാരിക്കിറങ്ങുന്ന ഒരു വിദേശ വനിതയുടെ ശിൽപ്പമാണ്. തുടർന്ന് വരുന്ന ശിൽപ്പങ്ങളിൽ വ്യത്യസ്ത വാദ്യോപകരണങ്ങൾ വായിക്കുന്നതും, ആയുധ പ്രയോഗം, നാട്യപ്രകടനം എന്നിവ നടത്തുന്നതുമായ സ്ത്രീരൂപങ്ങളാണ് ഉള്ളത്.




ഇനി നമുക്ക് പ്രധാനക്ഷേത്രത്തിന് പുറത്തുള്ള ചില കാഴ്ചകൾ കാണാം. നാൽപ്പത്തി രണ്ടോളം അടി ഉയരമുള്ളതും ഒറ്റക്കല്ലിൽ തീർത്തതുമായ 'ഗുരുത്വാകർഷണസ്തംഭം'അഥവാ ഗ്രാവിറ്റി പില്ലർ ആണ് ഒരു മുഖ്യ ആകർഷണം.പഴയകാലത്ത് ഇതിന്റെ ഒരു മൂല മാത്രമാണ് തറയിൽ മുട്ടിയിരുന്നത് എന്നും, സിമന്റോ മറ്റ് കൂട്ടുകളോ ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ല എന്നും ഗൈഡ് പറഞ്ഞു തന്നു. വിഷ്ണു പ്രതിഷ്ഠയുള്ള പ്രധാനക്ഷേത്രത്തിന് ചുറ്റുമായി കപ്പെചെന്നിഗരായ ക്ഷേത്രം, വീരനാരായണ, സൗമ്യനായകി, ആണ്ടാൾക്ഷേത്രങ്ങളും നമുക്ക് കാണാവുന്നതാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ ഇവിടെനിന്ന് യാത്ര തിരിച്ചു. 




പതിനാറ് കിലോമീറ്റർമാത്രം അകലെയുള്ള ഹലെബീഡു അഥവാ ഉപേക്ഷിക്കപ്പെട്ട നഗരം ആണ് അടുത്ത ലക്ഷ്യം. ദൽഹി സുൽത്താന്മാരുടെ കാലത്ത് മാലിക് കഫൂറിന്റെ നേതൃത്വത്തിൽ കൊള്ളയടിക്കും, അക്രമങ്ങൾക്കും വിധേയമായ ഈ പ്രദേശത്തെ മനോഹരങ്ങളായ നിർമ്മിതികൾ ഏറെക്കുറെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ട രീതിയിലാണുള്ളത്. ശിൽപ്പങ്ങളിൽ പലതിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.



പ്രധാന ക്ഷേത്രത്തിനു പുറക് വശത്തുള്ള ഉദ്യാനത്തിൽ ഭാഗികമായി തകർക്കപ്പെട്ട ഒരു ഗണേശരൂപം കാണാം. തൊട്ടടുത്തായി ഒരു ശിവലിംഗ പ്രതിഷ്ഠയും പുരാവസ്തു മ്യൂസിയവും, ഒരു വലിയ നന്തീശിൽപ്പവും ഉണ്ട്.




1121CE യിൽ പണിതുടങ്ങി 1207ൽ പൂർത്തിയാക്കപ്പെട്ട ഹലെബീഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത് വിഷ്ണുവർദ്ധന്റെ രാജ്യസഭയിലെ ഉദ്യോഗസ്ഥനായിരുന്ന 'കേതമല്ല'യുടെ കാലത്താണ്. നാം മുൻപ് കണ്ട ബേലൂരിലെ ക്ഷേത്രത്തിലേതുപോലെ തന്നെ നിരവധി ശിൽപ്പങ്ങളും കൊത്തുപണികളും ഇവിടെയുമുണ്ട്. കൈലാസത്തെ ഒന്നാകെയെടുത്ത് അമ്മാനമാടുന്ന രാവണരൂപം, അതിന്റെ സങ്കീർണ്ണവും, സൂക്ഷ്മവും ആയ നിർമാണരീതികൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. ഹൊയ്സാല രാജാക്കന്മാരുടെ രാജകീയ ചിഹ്നമായ 'സിംഹത്തെ എതിരിടുന്ന പോരാളി' രൂപം പലയിടങ്ങളിലും കാണാവുന്നതാണ്.



ഇവിടെയെത്തുന്നവർ ക്ഷേത്രത്തിന് മുൻവശത്ത് വലതുഭാഗത്തുള്ള ചുമരിൽ ചിത്രീകരിച്ചിട്ടുള്ള യുദ്ധരംഗം കാണാൻ മറക്കരുത്. ആ ദൃശ്യത്തിൽ ദൂരദർശിനിയേന്തിയ ഒരു രൂപവും ഒരേസമയം ഒന്നിലധികം ആയുധങ്ങൾ പ്രയോഗിക്കുന്ന പോരാളിരൂപവും നമുക്ക് കാണാം.




മലയാളമുൾപ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണത്തിന് ഇവിടം വേദിയായിട്ടുണ്ട്. മോഹൻലാൽ, ഭാനുപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന രാജശിൽപ്പി എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചതാണ്.ആദ്യമായി ഇവിടെ വരുന്നവർ ഒരു ഗൈഡിന്റെ സഹായം തേടുന്നത് നല്ലതാണ്. നമ്മുടെ കണ്ണിൽപ്പെടാത്തതും  മനസ്സിലാക്കാൻ കഴിയാത്തതുമായ ഒട്ടേറെകാര്യങ്ങൾ പറഞ്ഞുതരാൻ അവർക്ക് കഴിയും. ഒരോട്ടപ്രദക്ഷിണത്തിലൂടെ ഹലെബീഡുവിലെയും ബേലൂരിലെയും ദൃശ്യങ്ങൾ മനസ്സിലാക്കാനാവില്ലെന്ന് എനിക്ക് അനുഭവത്തിൽ നിന്ന് മനസ്സിലായി.നമ്മുടെ നാട്ടിൽ നിന്ന് റോഡ് മാർഗം ഇവിടെയെത്താനാഗ്രഹിക്കുന്നവർക്ക് കാഞ്ഞങ്ങാട്-പാണത്തൂർ-ഭാഗമണ്ഡല വഴി മടിക്കേരിയിലും അവിടെ നിന്ന് സൊമവാർപെട്ട് വഴി ഹസ്സനിലും എത്താവുന്നതാണ്. വഴിയിലെങ്ങും മനോഹര കാഴ്ചകളുണ്ടെങ്കിലും, വിജനമായ സ്ഥലങ്ങളും വനപ്രദേശങ്ങളും കൂടുതൽ ഉള്ളതിനാൽ രാത്രിയാത്ര ഒഴിവാക്കുന്നതാണുത്തമം. മംഗലപുര- ബെംഗലൂരു റൂട്ടിൽ സഞ്ചരിച്ചാലും ഹസ്സനിലെത്താം. ഇവിടെ നിന്ന് മുപ്പത്തെട്ട് കിലോമീറ്റർ പോയാൽ ബേലൂരിലും, അവിടെ നിന്ന് പതിനാറ് കിലോമീറ്റർ യാത്ര ചെയ്താൽ ഹലെബീഡു വിലുമെത്താം.........

എഴുത്ത്: സന്തോഷ് നാട്യാഞ്ജലി
ചിത്രങ്ങൾ: ചന്ദ്രു വെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്

No comments