Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് ''മിനാരങ്ങളുടെ നാട്ടിലേക്ക് - ഹൈദരാബാദ് യാത്ര''


ഇത്തവണത്തെ നമ്മുടെ യാത്ര നിലവിൽ ആന്ധ്രപ്രദേശിന്റെയും, തെലുങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമായ ഹൈദരാബാദിലേക്കാണ്. 5.09.17 ചൊവ്വാഴ്ച നാല് മണിക്ക് യാത്രയാരംഭിച്ചു. പ്രദീപിന്റെ നേതൃത്വത്തിൽ പരപ്പയിൽ നിന്ന് തുടങ്ങിയ ഈ യാത്രയിൽ നമ്മുടെ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ളവരാണു ണ്ടായിരുന്നത്. യാത്രയെ സജീവമാക്കാൻ ചായ്യോത്ത് കാരിമൂല ഭാഗത്ത് നിന്നുള്ള ഒരു സംഘം ചെറുപ്പക്കാരും ഉണ്ടായിരുന്നു.


രാത്രി പത്ത് മണിയോടെ മംഗലാപുരം വഴി മൂഢബിദ്രി, ശൃംഗേരി എന്നിവ പിന്നിട്ട് രാത്രി ഒരു മണിയോടെ എൻ.ആർ പുര ശിവമോഗ റൂട്ടിൽ പ്രവേശിച്ചു. അവിടെ നിന്നും തുംഗഭദ്രറിവർ ബ്രിഡ്ജ് റോഡെന്ന് പേരുള്ള ദുർഘടമായ പാതയിലൂടെ യാത്ര തുടർന്നു . തീരുമാനിച്ചതിൽ നിന്നും രണ്ടു മണിക്കൂർ നേരത്തെ നാട്ടിൽനിന്ന് പുറപ്പെട്ടുവെങ്കിലും പുലർച്ചെ എട്ട് മണിയോടെയാണ് ഹൊസ്പെട്ട് എത്തിയത് .

പതിവ്‌പോലെ ഹംപി നഗരക്കാഴ്ചകൾ കണ്ടശേഷം ആറു മണിക്ക് ഹൈദരാബാദ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. എട്ടു മണിക്ക് കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതി എന്ന സ്ഥലത്തുള്ള പെട്രോൾ പമ്പിന് സമീപം വച്ച് ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം റേയ്ച്ചൂർ റോഡിലൂടെ യാത്ര തുടർന്ന ഞങ്ങൾ ഒൻപതരയ്ക്ക് വലിയൊരു പുഴയും പാലവും കടന്ന്, മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ ഒരു നഗരത്തിലെത്തി. സിന്ധന്നൂർ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. വിശാലമായി പരന്ന്കിടക്കുന്ന വിജനമായ കൃഷിസ്ഥലങ്ങൾ പിന്നിട്ട് ഞങ്ങളുടെ വാഹനം മോശമല്ലാത്ത വേഗതയിൽ കുതിച്ച് പായുകയാണ്. ഇരുട്ടായതിനാൽ പുറം കാഴ്ചകൾ കാണാനാവാത്തതുകൊണ്ട് എന്റെ കണ്ണുകൾ വാഹനത്തിന്റെ സ്പീഡ് മീറ്ററിലും, ഡ്രൈവറുടെ മുഖത്തും തങ്ങിനിന്നു. ന്യൂജെൻ സഹോദരങ്ങളിൽ ചിലർ ഉറങ്ങാതെ ലാലേട്ടന്റെ പുലിമുരുകനിലെ അവസാനഭാഗം കണ്ടിരിക്കുന്നു.അത് ഇപ്പോൾ തീരുമല്ലോ എന്ന ആശ്വാസത്തോടെ ഞാനും. ഇരുട്ടിലും കാണാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഇനിയും വളരെയധികം കാഴ്ചകൾ എന്റെ നേത്രങ്ങൾകൊണ്ട് ഒപ്പിയെടുക്കുമായിരുന്നു.


പുലർച്ചെ നാല് മണിയോടെ ഹൈദരാബാദിൽ എത്തി, റൂമിൽനിന്ന് ഫ്രഷ് ആയശേഷം ഞങ്ങൾ ആദ്യം പോകാനുദ്ദേശിച്ചത് രാമോജി ഫിലിംസിറ്റീയിലേക്കാണ്.റോഡിൽ ട്രാഫിക് തടസം നേരിട്ടത് കൊണ്ടും, ഭക്ഷണം തയ്യാറാവാൻ താമസിച്ചത് കൊണ്ടും ഫിലിം സിറ്റിയിൽ എത്താൻ വൈകി. അവിടെ നിന്ന് ടിക്കറ്റെടുത്ത് അവരുടെ വാഹനത്തിൽ കയറി അൽപ്പദൂരം പോയ ശേഷം അവിടെയെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രസ്റ്റുഡിയോകളിൽ ഒന്നായ റാമോജി ഫിലിം സിറ്റി രണ്ടായിരത്തോളം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യാവസാനജോലികളെല്ലാം ഇവിടെ നടത്താവുന്നതാണ്.മലയാളമുൾപ്പെടെ നിരവധി സിനിമകൾക്ക് ഇവിടത്തെ കാഴ്ചകൾ പശ്ചാത്തലമായിട്ടുണ്ട്. കുട്ടികളെയും ആദ്യമായി ഇത്തരം കാഴ്ചകൾ കാണുന്നവരെയും സംബന്ധിച്ച് അത്ഭുതങ്ങളുടെ കലവറയാണ് രാമോജി ഫിലിം സിറ്റി. എന്നാൽ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ആനന്ദോപാധികളോട് എനിക്ക് താൽപ്പര്യം കുറവായതിനാൽ ഞാൻ പ്രധാന കാഴ്ചകൾ കണ്ട ശേഷം ഒരിടത്ത് വിശ്രമിച്ചു. പ്രവേശനഫീസ്, അകത്തെ ഭക്ഷണം എന്നിവയുൾപ്പെടെ ഒരു വലിയതുക ഓരോ വ്യക്തിക്കും ഇവിടെ ചിലവാകും. ഫിലിംസിറ്റി കണ്ടശേഷം മടങ്ങിയെത്തി.

യാത്രസംഘങ്ങളിൽ പലരും രണ്ടു ദിവസത്തെ തുടർച്ചയായ യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ഞങ്ങൾ താമസസ്ഥലത്തിന് അടുത്ത് തന്നെയുള്ള ചാർമിനാർ, മെക്കാമസ്ജിദ് എന്നിവ കണ്ടു.



ഇനി ചാർമിനാറിന്റെ വിശേഷങ്ങൾ പറയാം. ഹൈദരാബാദ് നഗരത്തെ ഭീതിയിലാഴ്ത്തിയപ്ലേഗ് എന്ന മഹാമാരിയെ നിയന്ത്രിച്ചതിന്റെ സ്മരണക്കായി 1591 CE യിൽ, കുത്തബ്ഷാഹി രാജ വംശത്തിലെ സുൽത്താൻ മുഹമ്മദ്ഷാ കുത്ബ്ഷാഹ് യുടെ കാലത്താണ്: നാലുമിനാരങ്ങളുള്ള ഈ മന്ദിരം നിർമ്മിക്കപ്പെട്ടത്. ഗ്രാനൈറ്റ്, ചുണ്ണാമ്പ് കല്ല്, കരിങ്കല്ല്, എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ ഓരോ വശത്തിനും ഇരുപത് മീറ്റർ നീളവും, മിനാര ങ്ങൾക്ക് 48.7 മീറ്റർ ഉയരവും, മുകളിലേക്ക് നൂറ്റിനാൽപത്തി ഒൻപത് പടികളുമുണ്ട്. ടിക്കറ്റെടുത്ത് മുകളിലെത്തിയാൽ നമുക്ക് ഹൈദരാബാദ് നഗരത്തിന്റെ ഒരു മനോഹരദൃശ്യം കാണാവുന്നതാണ്.

ഇതിന് തൊട്ടടുത്ത് തന്നെയാണ് മെക്കാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഏകദേശം പതിനായിരത്തോളം ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു അത്ഭുതനിർമ്മിതിയാണിത്. മുഹമദ് ഖുലി ഖുത്തബ്ഷാ യുടെ കാലത്ത് ഇതിന്റെ നിർമ്മാണമാരംഭിച്ചുവെങ്കിലും, പണി പൂർത്തിയാക്കിയത് 1693 ൽ ഔറംഗസേബ് ആണ്. ഇന്ത്യയിലെ ഏറ്റവും പുരാതനവും വലുതുമായ മസ്ജിദ് കളിൽ ഒന്നാണിത്. ഇസ്ലാം മതവിശ്വാസികളുടെ പുണ്യ കേന്ദ്രമായ മെക്കയിൽ നിന്ന് കൊണ്ടുവന്ന മണ്ണുപയോഗിച്ച് നിർമ്മിച്ച ഇഷ്ടികകൾ ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. വിശുദ്ധന്മാരുടെ തെന്ന് തോന്നിപ്പിക്കുന്ന അലങ്കരിച്ച  ഖബറിടങ്ങൾ അവിടെകണ്ടു. ആർക്കും ഉള്ളിൽ പ്രവേശിക്കാമെങ്കിലും പ്രാർത്ഥനാ സമയമായതിനാൽ അവരെ ബുദ്ധിമുട്ടിക്കേണ്ടയെന്ന് കരുതി, മസ്ജിദ് ന് ചുറ്റും പറന്ന് നടക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രാവിൻ കൂട്ടങ്ങൾക്കായി കയ്യിൽ കരുതിയ ധാന്യമണികൾ വിതറിയശേഷം അവിടെ നിന്ന് പിരിഞ്ഞു.

ഇവിടങ്ങളിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. പുരാത നാണയങ്ങളും, അലങ്കാര വസ്തുക്കളും വിൽക്കുന്ന കച്ചവടക്കാരെയും, സഞ്ചാരികളെ പ്രത്യേകിച്ച് സ്ത്രീകളെ ആകർഷിക്കുന്ന ഫാൻസി ആഭരണങ്ങളും വസ്ത്രങ്ങളും വിൽക്കുന്നവരെയും ഇവിടെ കാണാം. ഇവരുടെ പ്രധാന ലക്ഷ്യം ഇവിടെയെത്തുന്ന സഞ്ചാരികളെ കൊള്ളയടിക്കുക എന്നത് മാത്രമാണെന്ന് അനുഭവത്തിൽ നിന്നെനിക്ക് മനസ്സിലായി. പഴയ കാല നാണയങ്ങളെന്ന് പറഞ്ഞ് അവർ വിൽക്കുന്നത് കുടിൽ വ്യവസായത്തിലൂടെ ഇപ്പോൾ നിർമ്മിക്കുന്ന വ്യാജ നാണയങ്ങളാണ്. നമ്മുടെ നാട്ടിലെ ഫാൻസി കടകളിൽ ലഭിക്കുന്ന തരത്തിലുള്ള ഫാൻസി മുത്തുമാലയ്ക്ക് അഞ്ഞൂറും ആയിരവുമൊക്കെ പറയുമെങ്കിലും, വിലപേശാൻ കഴിഞ്ഞാൽ അമ്പത് രൂപയ്ക്കും അത് കിട്ടും.

ഇന്ന് ഞങ്ങൾ പോവുന്നത് "ആട്ടിടയന്മാരുടെ കുന്ന് " എന്നും, വൃത്താകൃതിയുള്ള മലനിരകൾ എന്നും എല്ലാം അർത്ഥം പറയാവുന്ന ഗൊൽക്കൊണ്ട യിലെ കോട്ട കാണാനാണ്.


തെലുങ്കാനയിലെ ഹൈദരാബാദ് നിന്നും പതിനൊന്ന് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണിത്. പഴയകാലത്ത് ഇവിടം 

മംഗൾവാരം എന്നറിയപ്പെട്ടിരുന്നു. 1143CE യിൽ വാറംഗൽ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കാകതീയ രാജാക്കന്മാരുടെ കാലത്താണ് ഇതിന്റെ നിർമ്മാണമാരംഭിച്ചത്. ഈ രാജവംശത്തിലെ പ്രതാപരുദ്രമഹാ രാജാവിന്റെയും, രുദ്രമ്മ ദേവിയുടെയും കാലത്ത് ഈ കോട്ട പുതുക്കിപ്പണിതു. വാറംഗലിലെ രാജാ കൃഷ്ണദേവയുടെ കയ്യിൽ നിന്നും ഈ പ്രദേശം 1363 CE യിൽ, ഗുൽബർഗാ, ബിദാർ എന്നിവ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബാഹ്മനി സാമ്രാജ്യത്തിലെ മൊഹമ്മദ് ഷായുടെ കയ്യിൽ എത്തിച്ചേർന്നു.അക്കാലത്ത് ഇവിടം മുഹമ്മദ്നഗർ എന്നറിയപ്പെട്ടിരുന്നു. 1687 CE യിൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ സൈന്യം ഈ കോട്ട അക്രമിക്കുകയും, ഖുത്തബ്ഷാഹ് രാജവംശത്തിലെ ഏഴാമത് ഭരണാധികാരിയായിരുന്ന അബ്ദുൾ ഹസ്സൻ തനീഷയെ ചതിയിൽ പരാജയപ്പെടുത്തി കോട്ടയുൾപ്പെടെയുള്ള ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തു. ഇതോടെ 1518 മുതൽ 1687വരെ നീണ്ടു നിന്ന 

ഖുത്തബ്ഹാഹ് സാമ്രാജ്യത്തിന്റെ പതനം പൂർത്തിയായി. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉയർന്ന മലനിരകളുടെ അടിവാരം മുതൽ മുകളറ്റം വരെ വ്യാപിച്ചുകിടക്കുന്ന ഗൊൽക്കൊണ്ട കോട്ടയ്ക്കും അനുബന്ധമന്ദിരങ്ങൾക്കും ഓരോന്നിനും അതിന്റെതായ ദൃശ്യമികവും ചരിത്രപ്രാധാന്യവുമുണ്ട്. അവയിൽ പലതും നേരിട്ട് കണ്ടാൽ മാത്രം മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നവയാണെന്ന് എനിക്ക് തോന്നുന്നതിനാൽ കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ പ്രധാന കാഴ്ചകളിലേക്ക് കടക്കുകയാണ്. പഴയകാലത്ത് ലോകപ്രസിദ്ധമായ നിരവധി രത്നഖനികളുടെ നാടായിരുന്നു,ഗൊൽക്കൊണ്ട. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ കവർന്നെടുത്തതും ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കിരീടത്തിൽ പതിച്ചിട്ടുള്ളതുമായ കോഹിനൂർ രത്നം ഇവിടെ നിന്ന് കണ്ടെത്തിയതാണ് നവാബ് അബ്ദുള്ള ഖുത്തബ് ഷായുടെ കാലത്ത്, കൃഷ്ണാ നദിയുടെ തീരത്ത് നിന്നാണ് "മലമുകളിലെ പ്രകാശം" എന്നർത്ഥം വരുന്ന കൊഹ്-ഇ- നൂർ രത്നം കണ്ടെത്തിയത്. ഇത് ക്രമേണ ഡൽഹി സുൽത്താനായ നാദിർഷായുടെയും 1649 ൽ, പഞ്ചാബിലെ മഹാരാജരഞ്ജിത് സിംഗിന്റെയും കൈവശമെത്തുകയും ചെയ്തു. 1852 ൽ രഞ്ജിത് സിംഗിന്റെ പുത്രനായ ദിലീപ് സിംഗിൽ നിന്നും, ബ്രിട്ടീഷ്കാർ കൈക്കലാക്കിയതും, 'ശപിക്കപ്പെട്ട രത്നം' എന്ന് പേരുള്ളതുമായ ഈ അമൂല്യരത്നം പിന്നീട് വിക്ടോറിയ രാജ്ഞിയുടെ കിരീടത്തെ അലങ്കരിച്ചു. ശപിക്കപ്പെട്ട രത്നം എന്ന് പറയാൻ കാരണം; ഇത് കൈവശം വച്ചിരുന്ന എല്ലാ രാജവംശങ്ങളുടെയും പതനം അധികം വൈകാതെ സംഭവിച്ചു എന്നത് കൊണ്ട് തന്നെയാണ്.

കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള  ബാലഹിസാർഗേറ്റ് ആണ് പ്രധാന പ്രവേശന കവാടം. ഇത് കൂടാതെ എട്ട് പ്രവേശന കവാടങ്ങളും അമ്പത്തിരണ്ടോളം ചെറു വാതിലുകളും, നാൽപ്പത്തിയെട്ട് ഭൂഗർഭ ടണലുകളും ഈ കോട്ടയിലുണ്ടെന്ന് പറയപ്പെടുന്നു. ബാലഹിസാർ എന്നത്; മലമുകളിലേക്ക് ഒന്നര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വലുതും ചെറുതുമായ നിരവധി മന്ദിരങ്ങളുടെ ഒരു സമുച്ചയമാണ്. ഇവിടത്തെ ഗേറ്റിന്റെ ആർച്ചിന് ചില പ്രത്യേകതകൾ പറഞ്ഞുകേട്ടിട്ടുണ്ട്. മൂർച്ചയേറിയ ഉരുക്ക് കുന്തങ്ങൾ തറപ്പിച്ചു നിർത്തിയിട്ടുള്ള ഭീമാകാരങ്ങളായ കനത്ത മരവാതിലുകൾ, ആനകളെക്കൊണ്ട് വാതിൽ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽ നിന്ന് കോട്ടയെ സംരക്ഷിക്കുന്നവയാണ്. ശത്രു പടയാളികളുടെ വരവ് ഒളിച്ചിരുന്ന് കാണാനും, അവരുടെ മേൽ തിളച്ച എണ്ണയോ, ഉരുക്കിയ ഈയമൊ ഒഴിച്ച് സംഹരിക്കുവാനുമുള്ള രഹസ്യ സംവിധാനങ്ങൾ ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാന കവാടം കടന്ന് അൽപ്പം നീങ്ങിയപ്പോൾ ഒരു ചെറിയ ഹാളിലെത്തി. എനിക്ക് മുന്നെ വന്നവർ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് കൈകൊട്ടുന്നതും പരസ്പരം അഭിപ്രായങ്ങൾ പറയുന്നതും ഞാൻ കണ്ടു. ഇവിടെ നിന്ന് കൈകൊട്ടിയാൽ അതിന്റെ പ്രതിധ്വനി: കിലോമീറ്ററുകളോളം നീണ്ട് കിടക്കുന്ന ആർച്ചുകളോട് കൂടിയ ഈ കോട്ടയുടെ ഏറ്റവും മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജമന്ദിരത്തിൽ വരെ ചെന്നെത്തുമായിരുന്നത്രെ. ഉദ്യോഗസ്ഥർക്കും, പടയാളികൾക്കും ചില സന്ദേശങ്ങൾ പെട്ടെന്ന് സുൽത്താന്റെയടുത്ത് എത്തിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നിരിക്കാം ഇത് എന്നെനിക്ക് തോന്നി.


ഇവിടെ നിന്ന് കടന്നാൽ നാമെത്തിച്ചേരുന്നത് ഒരു വിശാലമായ സ്നാനമന്ദിര ത്തിന് സമീപമാണ്.നഗിനാബാദ് എന്നറിയപ്പെടുന്ന ഇവിടുത്തെ നീന്തൽകുളത്തിൽ;മൺപൈപ്പുക ളുപയോഗച്ച് രാജകീയസ്നാനത്തിനായി ചൂട് വെള്ളവും, തണുത്ത വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. കാവൽഭടന്മാരുടെ വിശ്രമകേന്ദ്രവും, ഭരണാധികാരിയായിരുന്ന  അബ്ദുൾ ഹസ്സൻതനീഷയുടെ രണ്ട് പ്രധാന ഉപദേശകർ അക്കണ്ണയുടെയും, മദ്ദണ്ണയുടെയും ഓഫീസുകൾ കണ്ടു. ഒരു നാടിനെ മുഴുവൻ അടക്കി വാണിരുന്ന ഒരു വ്യക്തിക്ക് വേണ്ടി നയപരവും, തന്ത്രപരവുമായ തീരുമാനങ്ങൾ എടുത്തിരുന്ന ആ രണ്ട് ഉദ്യോഗസ്ഥരുടെ അദൃശ്യസാന്നിദ്ധ്യം ഇപ്പോഴും അവിടെയുള്ളതായി എനിക്ക് തോന്നി. ഇനിയും ധാരാളം ചെറുപടികൾ കയറി വേണം കോട്ടയുടെ മുകളിലെത്താൻ. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ പ്രകൃതിദത്തമായ ഒരു വലിയകുളം കണ്ടു. ഇതിന് സമീപമുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ ഗുഹകൾക്ക് സമീപം അൽപ്പസമയം ചിലവഴിച്ചശേഷം മുന്നോട്ടുള്ള യാത്ര തുടർന്നു. പൊതുവെ വിജനമായിക്കിടക്കുന്ന ഈ ഭാഗത്ത് അധികസമയം തങ്ങുന്നത് നല്ലതല്ലെന്ന് ചില കാഴ്ചകളിൽ നിന്നെനിക്ക് മനസ്സിലായി. കഞ്ചാവ് പൊതികളുമായി യുവാക്കളെ സമീപിക്കുന്ന വിൽപ്പനക്കാരെയും, ചില വഴിവിട്ട രഹസ്യസല്ലാപങ്ങൾ നടത്തുന്ന കമിതാക്കളെന്ന് തോന്നിപ്പിക്കുന്നവരെയും ഞാനവിടെ കണ്ടു.


മലമുകളിലേക്ക് വളഞ്ഞുപുളഞ്ഞ് കിടക്കുന്ന ഏകദേശം മൂന്നൂറ്റി അമ്പതോളം പടികൾ കയറി വേണം കോട്ടയുടെ ഏറ്റവും മുകളിലെത്തുവാൻ പോകുന്ന വഴിയിൽ ഒരു വലിയ മഴവെള്ള സംഭരണിയും ഭഗവാൻ രാമദാസനെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽമുറിയും കണ്ടു. 1674ൽ നവാബായിരുന്ന അബ്ദുൾഹസൻ തനീഷയുടെ കാലത്ത്, ഭദ്രാചല ദേശത്ത് ജീവിച്ചിരുന്ന, തെലുഗുഭക്തകവി ആയിരുന്നു, കഞ്ചർലഗോപണ്ണ എന്ന ഭക്തരാമദാസർ. തടവിൽ കഴിയുന്ന കാലത്ത് അദ്ദേഹം സ്വയം നിർമ്മിച്ച് പ്രതിഷ്ഠിച്ചതെന്ന് കരുതുന്ന ഹനുമാൻപ്രതിഷ്ഠ ഇവിടെ കാണാം. ഭദ്രാചലം ദേശത്തെ തഹസിൽദാരായിരുന്ന ഇദ്ദേഹം നികുതി പിരിച്ച് കിട്ടിയ പണം കൊണ്ട്, ഭദ്രാചലം ശ്രീരാമ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയെന്നും, അപ്രകാരം പ്രജാക്ഷേമത്തിന് വിനിയോഗിക്കേണ്ടിയിരുന്ന നികുതിപ്പണം വകമാറ്റി ചെലവിട്ടതായുള്ള തെറ്റിദ്ധാരണയെ തുടർന്നാണ് അദ്ദേഹത്തെ ഗോൽക്കൊണ്ട കോട്ടയിൽ തടവിലിട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.


മുന്നോട്ട് പോയപ്പോൾ, ഇബ്രാഹിം ഖുലി ഖുത്തബ്ഷായുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു മുസ്ലിം ആരാധനാലയം കണ്ടു. ഇവിടെ നിന്നൽപ്പം മാറി മുകളിലേക്ക് കയറിച്ചെന്നാൽ എല്ലമ്മ ദേവി ക്ഷേത്രം കാണാം. തന്റെ വിശ്വസ്ത അനുയായികളും ഹൈന്ദവ വിശ്വാസികളുമായ അക്കണ്ണയ്ക്കും, മദ്ദണ്ണയ്‌ക്കും തങ്ങളുടെ പ്രാർത്ഥനാദികർമ്മങ്ങൾ നടത്തുന്നതിന് വേണ്ടി നവാബായ അബ്ദുൾഹസ്സൻ തനീഷ നിർമ്മിച്ചു നൽകിയതാണ് ഈ ക്ഷേത്രമെന്ന് ചരിത്രം പറയുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ അക്കാലത്ത് ഉണ്ടായിരുന്ന പരസ്പര സാഹോദര്യത്തിന് ഇതിൽപ്പരം തെളിവുകൾ ആവശ്യമില്ല.


നടന്ന് നടന്ന് ഒടുവിൽ ഞാനെത്തിയത്, സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും, ഹൈദരാബാദ് നഗരത്തിന്റെ ഒരു പൂർണ്ണദൃശ്യം തന്നെ കണ്ണുകളിൽ ഒപ്പിയെടുക്കാനാവുന്നതുമായ പ്രധാന അസംബ്ലി ഹാളിലേക്കാണ്.


ഒടുവിൽ ഞാൻ, നഷ്ടപ്രതാപത്തിന്റെ സ്മരണകൾ പേറിനിൽക്കുന്ന ഗോൽക്കൊണ്ട കോട്ടയുടെ ഏറ്റവും മുകൾ ഭാഗത്ത് ഉള്ള രാജമന്ദിരത്തിൽ എത്തിച്ചേർന്നു. നീലാകാശത്തിന് കീഴെ, ചക്രവാളങ്ങൾ അതിരുകൾ തീർക്കുന്ന ഒരു വിശാല ഭൂപ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും സമഭാവനയോടെ കണ്ടിരുന്ന ഒരു കൂട്ടം ഭരണാധികാരികളുടെ ജീവച്ഛ്വാസം നിറഞ്ഞ് നിന്നിരുന്ന, ആ മന്ദിരത്തിൽ ഏകനായി അൽപ്പസമയം ഇരുന്നപ്പോൾ പല ചിന്തകളും മനസിലുയർന്നു വന്നു. ശക്തമായ ഒരു കോട്ട പടുത്തുയർത്താൻ ഇവിടം പര്യാപ്തമാണെന്ന് രാജാവിനെ ഉപദേശിച്ച; ചരിത്ര താളുകളിൽ പേര് രേഖപ്പെടുത്താതെ പോയ ആട്ടിടയനെയും, ചരിത്രപുസ്തകങ്ങളിൽ യാതൊരു വിധ പ്രാധാന്യവും നൽകാതെ നമ്മൾ അവഗണിച്ച  കാകതീയ രാജവംശവും, ധീരവനിതയായ രുദ്രമ്മദേവിയും, വിശാലമായ ഒരു മുസ്ലിം സാമ്രാജ്യത്തിന് അടിത്തറയിട്ട നവാബ് ഖുലിഖുത്തബ്ഷായും. കടുത്ത മുസ്ലിം വിശ്വാസിയെങ്കിലും മറ്റ് മതവിഭാഗങ്ങളെയും അവരുടെ വിശ്വാസാനുഷ്ഠാനങ്ങളെയും ബഹുമാനിക്കുകയും ചെയ്തിരുന്ന അബ്ദുൾ ഹസ്സൻ തനിഷയും മുന്നിൽ വന്ന് നിൽക്കുന്നത് പോലെ എനിക്ക് തോന്നി. ഒപ്പം അവർക്ക് സംരക്ഷകരായും, ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ചും ആ വിശാലമായ കോട്ടയിലെമ്പാടും ഓടി നടക്കുന്ന ഒരു കൂട്ടം അനുയായികളും അദൃശ്യരായ എന്റെ മനസ്സിന്റെ വെള്ളി തിരയിലൂടെ നടന്ന് നീങ്ങി...

പ്രകൃതിദത്തമായ ഒരു മഹാമേരുവിനെ, യാതൊരു വിധ അംഗഭംഗവും വരുത്താതെ അതിന്റെ തനിമയോടെ നിലനിർത്തിക്കൊണ്ട്, ഭാരമേറിയ ശിലാഖണ്ഡങ്ങളുപയോഗിച്ച്, ഇന്നും കാര്യമായ കേടുപാടുകളില്ലാതെ നിൽക്കുന്ന ശക്തമായ ആ കോട്ടയെ പടുത്തുയർത്തിയ ഒരു കൂട്ടം തൊഴിലാളികളുടെ ജീവരക്തത്താൽ തീർക്കപ്പെട്ട തെലുങ്കാനയിലെ ഗോൽക്കൊണ്ട കോട്ടയിൽ നിന്ന് ഞാൻ മടങ്ങുകയാണ്. ഇവിടെ നിന്ന് താഴോട്ട് ഇടത് വശത്തുള്ള വഴിയിലൂടെ നടന്ന ഞാൻ കോട്ടയുടെ മറ്റൊരു വശത്തുള്ള വിശാലമായ ഹാളിലെത്തി ചേർന്നു. എന്നോടൊപ്പമുണ്ടായിരുന്നവർ പലവഴിക്കായി പിരിഞ്ഞു പോയിരുന്നു. എന്റെ കൂടെ  നാട്ടുകാരായ മനുവും അനീഷുമുണ്ട്. ഞങ്ങളെ കൂടാതെ ധാരാളം പേർ ആ ഹാളിലുണ്ടായിരുന്നു. ഇവിടെ കണ്ട ഒരു മഹാത്ഭുതത്തെയും പുകഴ്പെറ്റ കോഹിനൂർ രത്നത്തെയും കുറിച്ച് പറയാതെ ഈ വിവരണം പൂർത്തിയാക്കാനാവില്ല. ആ ഹാളിന്റെ ഏതെങ്കിലും ഒരു മൂലയിൽ മുഖം ചേർത്ത് നാം ശബ്ദം കുറച്ച് പാടുകയോ, പറയുകയോ ചെയ്താൽ നമ്മുടെ ശബ്ദം, എതിർവശത്തുള്ള മൂലയിൽ നിന്ന് ചെവിയോർക്കുന്നവർക്ക് കേൾക്കാൻ കഴിയും. ഹാളിൽ നിൽക്കുന്ന മറ്റുള്ളവർ ഇത് കേൾക്കില്ല താനും. നിർമ്മാണ പ്രക്രിയയിലെ  എന്തോ ഒരു സൂത്രപ്പണിമൂലം ശബ്ദതരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കാതെ, ചുമരിലൂടെ എതിർവശത്തുള്ള ആളിൽ എത്തുന്നു. ഭടന്മാർക്ക് പരസ്പരം രഹസ്യ സൂചനകൾ നൽകാനുള്ള സംവിധാനമായിരുന്നിരിക്കാം ഇതെന്നെനിക്ക് തോന്നുന്നു. പലരും ഇവിടെ പരീക്ഷണങ്ങൾ നടത്തി നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ തീപ്പെട്ടിയിൽ നീണ്ട നൂൽ കെട്ടി ഫോൺ വിളിച്ച് കളിക്കുന്ന ബാല്യകാലം എനിക്കോർമ്മ വന്നു. എന്റെ ഒപ്പമുണ്ടായിരുന്ന ഗായകനും കൂടിയായ മനുവിന്റെ ശബ്ദത്തിനായി എതിർചുമരിൽ ചെവിയോർക്കുന്ന ചില പെൺകുട്ടികളെ കണ്ടു. ഇവിടെ കണ്ട അത്ഭുതത്തെക്കാൾ എന്നെ ഞെട്ടിച്ചത്; പാട്ട് കഴിഞ്ഞപ്പോൾ അവരടുത്ത് വന്ന് പറഞ്ഞ വാക്കുകളാണ്; "ചേട്ടാ പാട്ട് നന്നായിരുന്നു, എവിടെയാണ് നാട്? " എന്ന് പച്ച മലയാളത്തിൽ.

ഗൊൽക്കൊണ്ടയിൽ നിന്നിറങ്ങിയ ശേഷം ഞാൻ കണ്ട കാഴ്ചകൾ ഒട്ടും മനസിൽ തങ്ങിനിൽക്കുന്നതായിരുന്നില്ല. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രിയായിരുന്ന, എൻ. ടി രാമറാവുവിന്റെ പേരിലുള്ള സ്മാരകവും, സമീപത്തുള്ള ഗാർഡൻ പാർക്കും, സഞ്ചാരികളുടെ കീശ കാലിയാക്കാൻ മാത്രമുള്ളവയാണ്.


പിന്നീട് ഞങ്ങൾ പോയത് ബിർളമന്ദിർ കാണാനാണ്. പതിമൂന്ന് ഏക്കറോളം സ്ഥലത്ത് 280 അടി ഉയരമുള്ള കുന്നിൻമുകളിൽ, 1976 ൽ പണി കഴിപ്പിക്കപ്പെട്ട ഒരു ആരാധനാലയമാണിത്. പൂർണ്ണമായും വെളുത്ത മാർബിളിൽ നിർമ്മിച്ചിട്ടുള്ള ഇവിടം രാത്രിയിലെ കൃത്രിമ ദീപസംവിധാനത്തിൽ ഒരു മനോഹര കാഴ്ചയായി മാറും. 


ഇവിടെയെത്തുന്ന കാഴ്ചക്കാരിൽ, എല്ലാ മതവിശ്വാസത്തിൽപ്പെട്ടവരെയും കയ്യിലെടുക്കാനുള്ള കച്ചവട തന്ത്രമാവാം: മാർബിളിൽ തീർത്ത് പോളിഷ് ചെയ്തു മിനുക്കിയ, വിവിധ മതവിഭാഗക്കാരുടെ ദൈവങ്ങൾ അവർക്കനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ കിടന്നും, ഇരുന്നുമൊക്കെ സമയം കൊല്ലുന്നുണ്ടായിരുന്നു. വൈകിട്ട് ആറ് മണിക്ക് ഞങ്ങളുടെ യാത്രാസംഘം നാട്ടിലേക്ക് മടങ്ങുകയാണ്. ഞാൻ മുമ്പൊരു വിവരണത്തിൽ പറഞ്ഞത് പോലെ യാത്രകളെ ആസ്വാദ്യകരമാക്കുന്നത് സംഘാംഗങ്ങളുടെ മനോഭാവം തന്നെയാണ്. ആദ്യകാഴ്ചയിൽ അൽപ്പം പ്രശ്നക്കാരെന്ന് എനിക്ക് തോന്നിയെങ്കിലും, കാരിമൂലയിൽ നിന്നെത്തിയ യുവാക്കളുടെ സംഘം ഇത്തവണത്തെ യാത്രയെ അടിപൊളിയാക്കി തീർത്തു. ഒരു പാട്ട് പാടാൻ ആവശ്യപ്പെടുമ്പോഴൊക്കെ, " പുഷ്പനെയറിയാമൊ.... എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ പല്ലവി മാത്രം ആവർത്തിക്കുന്ന ഒരു കൊച്ചു കുട്ടിയും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. യാത്രാരംഭത്തിൽ സൗഹൃദം ഒന്നും . കാണിച്ചില്ലെങ്കിലും, ഹൈദരാബാദ് ചെന്നിറങ്ങിയപ്പോൾ, അൽപ്പം പരുങ്ങലോടെയും, വിനയത്തോടെയും എന്റടുത്ത് വന്ന് "സാർ ഇവിടെ ഈ ബീവറേജ് എവിടെയെന്ന് ഒന്ന് ബോർഡ് നോക്കി പറഞ്ഞു തരുമോ? ഞങ്ങൾക്ക് തെലുഗിലെഴുതിയ ബോർഡ് കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല" എന്ന് നിഷ്കളങ്കതയോടെ ചോദിച്ച അവരു ടെ ആവശ്യപ്രകാരം വിദേശമദ്യങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റിൽ ചെന്നെത്താനായതും യാത്രക്കിടയിലെ ഒരു പുതുമയുള്ള അനുഭവമായിരുന്നു.


എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)

കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 

'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html



                                           






No comments