Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന യാത്രാവിവരണ പരമ്പര ചരിത്രവീഥികളിലൂടെ.. ഇന്ന് 'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'


ഹംപിയിലേക്കുള്ള യാത്ര നാട്ടിൽ നിന്ന് രാവിലെ പത്തു മണിക്ക് ആരംഭിച്ചു. ദേവാർച്ചന ടൂർസ് & ട്രാവൽസ് ഉടമ പ്രദീപിന്റെ നേതൃത്വത്തിൽ,ഭാരതപര്യടനം തന്നെ നടത്തിയിട്ടുള്ള കരിച്ചേരി കുഞ്ഞമ്പു നായർ, മധുവട്ടിപ്പുന്ന, കസബസ്കൂൾ അദ്ധ്യാപകരായ ആൻഡ്രൂസ് സാർ, പ്രസാദ് മാഷ്, സജീവൻ എന്നിവരും യാത്രാസംഘത്തിലുണ്ടായിരുന്നു. മംഗലാപുരത്ത് നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം രാത്രിയോട് കൂടി എൻ.ആർ.പുര വഴി ഞങ്ങൾ ശിവമോഗയിലെത്തിച്ചേർന്നു. ഇവിടെ നിന്ന് ഞങ്ങൾക്ക് പോവേണ്ടത് ബെല്ലാരിയിലേക്കാണ്. കർണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ, ഹൊസ്പെട്ട് താലൂക്കിലാണ് ഹംപി എന്ന വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ നിലകൊള്ളുന്നത്. പിറ്റേദിവസം വെളുപ്പിന്  ഹൊസ്പെട്ട് നഗരത്തിലെ ഞങ്ങളുടെ വിശ്രമകേന്ദ്രമായ യാത്രിനിവാസിൽ എത്തിച്ചേർന്നു. അതിരാവിലെ തന്നെ പണിയായുധങ്ങളുമായി തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് നടന്ന് നീങ്ങുന്ന ഗ്രാമീണരെയും, പ്രായലിംഗഭേദമന്യെ കയ്യിൽ ഒരു ചെറിയ മൊന്തയിൽ വെള്ളവുമായി വെളിംപ്രദേശത്തേക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താനിറങ്ങുന്ന ആൾക്കാരെയും യാത്രയ്ക്കിടയിൽ കാണാമായിരുന്നു. പഴയകാലത്ത് നഗലാപുരം എന്നറിയപ്പെട്ടിരുന്ന ഹൊസ്പെട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ ദൂരമുണ്ട് ഹംപിയിലേക്ക്.

പ്രഭാതഭക്ഷണത്തിന് ശേഷം, ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും, നൈർമ്മല്യവും വിളിച്ചോതുന്ന കാഴ്ചകളും കണ്ട് കൊണ്ട് ഞങ്ങൾ യാത്രയാരംഭിച്ചു. ഹംപി വിരൂപാക്ഷ ക്ഷേത്രത്തിന് സമീപം ചെന്നിറങ്ങുമ്പോൾ ഗൈഡ് ആയ ഉമേഷ് ഒരു സൗഹൃദച്ചിരിയോടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരു ചരിത്ര ഗവേഷണവിദ്യാർത്ഥിയായ അദ്ദേഹത്തിന് മിക്കവാറും എല്ലാ ഭാഷകളും വശമുണ്ടായിരുന്നു- മലയാളമൊഴികെ...





ഹംപിയുടെ ചരിത്രത്തെപ്പറ്റി ഒരു ലഘു വിവരണം നൽകുകയാണ് ഗൈഡ് ഉമേഷ് ആദ്യംചെയ്തത്. തുംഗഭദ്രാ നദീതീരത്ത് 1336CE യിൽ സംഗമ രാജവംശത്തിലെ, ഹരിഹരരായ, ബുക്കരായ എന്നിവരാണ് ഈ സാമ്രാജ്യത്തിന് അടിത്തറയിട്ടത്.


ഈ രാജവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കൃഷ്ണദേവരായർ.പ്രജാക്ഷേമതൽപ്പരനും, പണ്ഡിതനുമായ ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോട് കൂടിയുള്ള നടപടികളാണ് വിജയനഗരസാമ്രാജ്യത്തെ ദക്ഷിണേന്ത്യയിലെ പ്രഗത്ഭ ശക്തികളിൽ ഒന്നാക്കി മാറ്റിയത്. 

ഹംപിയെക്കുറിച്ചുള്ള ഒരു ഐതീഹ്യം ഇതാണ്. ബ്രഹ്മപുത്രിയായ ഹംപാംബയെ ശ്രീ പരമേശ്വരൻ വിവാഹം കഴിച്ചത് ഇവിടെ വച്ചാണെന്നും, ശിവൻ കാമദേവനെ ഭസ്മമാക്കിയത് ഇവിടെയാണെന്നും കഥകളുണ്ട്. ഹംപാ ദേവിയിൽ നിന്നാണ് ഹംപി എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. പൗരാണിക കാലത്ത് ഇവിടം, ഹമ്പാക്ഷേത്ര, ഭാസ്കരക്ഷേത്ര എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. രാമായണത്തിൽ പരാമർശമുള്ള ബാലിസുഗ്രീവന്മാരുടെ സാമ്രാജ്യമായിരുന്ന കിഷ്കിന്ധയാണ് ഇന്നത്തെ ഹംപി. ഗന്ധമാദന പർവ്വതം, മതംഗമല, ശബര്യാ ശ്രമം, ഹേമ കൂടപർവ്വതം, രാജാവായ ബാലിക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്ന ഋഷ്യമൂകാചലം എന്നീ സ്ഥലങ്ങളെല്ലാം അതേ പേരിൽ തന്നെ ഇന്നും ഇവിടെ കാണാം.


ഹനുമാന്റെ ജനന സ്ഥലമായി കരുതുന്ന ആഞ്ജനേയാദ്രിയും ഇതിന് സമീപത്താണ്. വളഞ്ഞ് തിരിഞ്ഞ് മലമുകളിലേക്ക് നീങ്ങുന്ന, ഏകദേശം അഞ്ഞൂറോളം പടികൾ കയറി വേണം ഇവിടെയെത്താൻ..


വികൃതികളെങ്കിലും സഞ്ചാരികളോട് ഇണക്കമുള്ളതും, വ്യത്യസ്ത വർഗ്ഗത്തിൽപ്പെട്ടതുമായ വാനര സംഘങ്ങളെ നമുക്കിവിടെ കാണാം. ഗൈഡിനോടൊപ്പം ഞങ്ങൾ ആദ്യമെത്തിയത് നൂറ്റിയറുപത്തഞ്ച് അടിയോളം ഉയരമുള്ള ഗോപുരത്തോടു കൂടിയ വിരൂപാക്ഷ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലാണ്.


സ്വദേശികളും വിദേശികളുമായ നൂറ്കണക്കിന് സഞ്ചാരികൾ ഹംപിയിലെ കാഴ്ചകൾ കാണാൻ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. ഈ ക്ഷേത്രസമുച്ചയം പൂർണ്ണമായും, വലിയ ശിലാഖണ്ഡങ്ങൾ ഇന്റർലോക്ക് സംവിധാനത്തിൽ ഒന്നൊന്നായി ചേർത്ത് പണിതുയർത്തിയതാണ്.1565 CE മുതൽ ഡക്കാൻ സുൽത്താന്മാർ നിരന്തരമായ അക്രമണം നടത്തിയെങ്കിലും ഈ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതിന് കാരണമായി ഗൈഡ് ഉമേഷ് പറഞ്ഞുതന്ന കാര്യം രസകരമാണ്. വിജയനഗര രാജാക്കന്മാരുടെ രാജകീയ ചിഹ്നമായ വരാഹരൂപത്തെ ഈ ക്ഷേത്രഗോപുരത്തിന്റെ പ്രവേശന കവാടത്തിൽ കൊത്തിവച്ചിട്ടുണ്ട്. വരാഹം അഥവാ പന്നിയെ വെറുക്കപ്പെട്ട മൃഗമായും, ദുശ്ശകുനമായും കണ്ടിരുന്ന മുസ്ലിം പടയാളികൾ ഇവിടം അക്രമിക്കാൻ ധൈര്യപ്പെടില്ലായിരുന്നുവത്രെ. കഥ എന്തായാലും ഒരു പന്നിമൂലം സംരക്ഷിക്കപ്പെട്ട ഒരേയൊരു സ്ഥലമായിരിക്കാം ഇത്.

പിന്നീട് ശിൽപ്പാലംകൃതമായ അനേകം തൂണുകളുള്ള പൂജാമണ്ഡപം അഥവാ കല്യാണമണ്ഡപം കണ്ടതിന്ശേഷം വിരൂപാക്ഷ പ്രതിഷ്ഠക്ക് മുന്നിലെത്തി. ഇവിടുത്തെ സീലിംഗ് മുഴുവനും പുരാണ ഇതിഹാസ കഥാസന്ദർഭങ്ങളെ പ്രകൃതിദത്തമായ ചായക്കൂട്ട് ഉപയോഗിച്ച് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു, അവയിൽ ചിലതിന് കടുംനീല നിറം കൂടുതലായി കണ്ടു. ഇത് പിന്നീട് നവീകരിച്ചതാകാനാണ് സാധ്യതയെന്ന് തോന്നുന്നു. ഗൈഡ് കൂടെയുള്ളതുകൊണ്ട് സീലിംഗിലെ ഓരോ പെയിന്റിംഗിന്റെയും പ്രത്യേകതകൾ മനസ്സിലാക്കാൻ കഴിഞ്ഞു.




നാം കഥകളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള രാജകൊട്ടാരങ്ങളും, ആയുധപ്പുരകളും, അന്തപ്പുരങ്ങളും, നാട്യമണ്ഡപങ്ങളുമെല്ലാം നിറഞ്ഞ, ശിലയിൽ തീർത്ത മഹാത്ഭുതങ്ങൾ തന്നെയാണ് ഹംപിയിലെ ഓരോ കാഴ്ചകളും. ആധുനിക എഞ്ചിനീയറിംഗ് സാങ്കേതിക വൈദഗ്ധ്യത്തോടെ ഇന്ന് നാം നിർമ്മിക്കുന്ന പാലങ്ങളുടെയും കെട്ടിടങ്ങളുടെയും പണിതീർന്നയുടനെ അവയുടെ ''പണിതീരുന്ന" ഇക്കാലത്ത്, കാലപ്പഴക്കത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്ന ഇത്തരം ചരിത്ര സ്മാരകങ്ങളെ ലോകമഹാത്ഭുതങ്ങൾ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതാണ്. പിന്നീട് ഞങ്ങൾ വടക്കുഭാഗത്തായി ഉള്ള പമ്പാ ദേവിയുടെയും, ഭുവനേശ്വരിയുടെയും, നവഗ്രഹങ്ങളുടെയും പ്രതിഷ്ഠകൾ ഉള്ള സ്ഥലത്തെത്തി.  വിരൂപാക്ഷ ക്ഷേത്രത്തിന്റെ വടക്ക്ഭാഗത്തുള്ള ഗോപുരത്തിന് കനകഗിരി ഗോപുരമെന്ന് പറയുന്നു. ഇതിനടുത്താണ് രത്നഗർഭഗണപതിയുടെയും, ദേവിയുടെയും പ്രതിഷ്ഠയുള്ളത്. ഇതിന് സമീപമുള്ള വലിയ തടാകത്തിന് മന്മഥ തടാകം എന്നാണ് പേര്.




ഇവിടത്തെ കാഴ്ചകൾ കണ്ട ശേഷം ഗൈഡ് ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് പൂർണ്ണമായും അടച്ചിട്ട ഒരു ഇരുണ്ട മുറിയിലേക്കാണ്. ആദ്യമൊന്ന് അമ്പരന്നെങ്കിലും നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത ഒരു അത്ഭുതം അവിടെ നമ്മെ കാത്തിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ പഴയ ക്യാമറകളിലെ പ്രവർത്തനതത്വമായിരുന്നു ഞാനവിടെ കണ്ടത്. ഒരു ഭിത്തിയിലെ ചെറിയ ദ്വാരത്തിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിൽ; നാം ആദ്യം കണ്ട ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം: അതേ സുവർണ്ണനിറത്തിൽ എതിർഭിത്തിയിൽ തലകീഴായി പ്രതിഫലിക്കുന്ന അതിമനോഹര കാഴ്ചയായിരുന്നു അത്. ബ്രിട്ടീഷുകാരുടെ കാലത്ത്, ഇതിന്റെ സത്യാവസ്ഥ അറിയാനായി നിരവധി പരീക്ഷണ ങ്ങൾ നടത്തിയിരുന്നതായി ഗൈഡ് പറഞ്ഞുതന്നു.
കേവലം ഏതാനും വാക്കുകൾ കൊണ്ട് മാത്രം ഈ മഹാത്ഭുതത്തെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്. കാരണം ഇത് നേരിൽ കണ്ട് മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം തന്നെയാണ്. ഇവിടെ നിന്നും പുറത്തിറങ്ങിവ്യത്യസ്തവഴികളിലൂടെ
നീങ്ങിയാൽ വേറെയും ധാരാളം ചരിത്ര നിർമ്മിതികൾ കാണാനാവും. ചാലൂക്യരാജാക്കന്മാരുടെ കാലത്ത് നിർമിക്കപ്പെട്ട ശിലാമണ്ഡ പത്തോട്കൂടിയ മതംഗമലയും, അവിടെനിന്ന് അൽപ്പം ഉയരെ നടന്ന് കയറിയാൽ വീരഭുവനേശ്വര ക്ഷേത്രവും കാണാവുന്നതാണ്. ഇവിടെനിന്നിറങ്ങി വിട്ടലക്ഷേത്രത്തിലേക്കുള്ള വഴിയെ നടന്നാൽ വലതു വശത്തായി കോദണ്ഡരാമ ക്ഷേത്രവും, 
ചക്രതീർത്ഥവും സ്ഥിതിചെയ്യുന്നു.


കൃഷ്ണദേവരായരുടെ സഹോദരനായ അച്യുതരായരുടെ കാലത്ത് (1513-1539) നിർമ്മിക്കപ്പെട്ട അച്യുതരായ ക്ഷേത്രം ഹംപിയിലെ പ്രധാന ആകർഷണമാണ്. ഇവിടെയുള്ള ഇരട്ട തൂണുകളിൽ ദശാവതാര രൂപങ്ങളും, ആന, കുതിര എന്നിവയെ വ്യാപാരം ചെയ്യുന്നവരുടെയും, അറബ് ക്കച്ചവടക്കാരുടെയും മറ്റ് വിദേശികളുടെയും രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്.



ഞാൻ മുൻപ് നടത്തിയ യാത്രകളിൽ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി, കിലോമീറ്ററുകളോളം ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന അതിവിശിഷ്ടങ്ങളായ ധാരാളം കെട്ടിടങ്ങളോടും, മറ്റ് നിർമ്മിതികളോടും കൂടിയ കാഴ്ചകളായിരുന്നു ഹംപിയിലേത്. പുരന്ദരമണ്ഡപം കണ്ടതിന് ശേഷം ഞങ്ങൾ കിഴക്ക് ഭാഗത്തുള്ള " കിംഗ്സ് ബാലൻസ് " കാണാനായി പോയി.ഇത് പഴയ കാലത്ത് വിശേഷ ദിവസങ്ങളിൽ രാജാവിനെ തുലാഭാരം തൂക്കിയിരുന്ന: രണ്ട് ഉയർന്ന കരിങ്കൽ സ്തംഭങ്ങളിൽ കുറുകെ വച്ചിട്ടുള്ള ഒരു കരിങ്കൽ ബാറോടു കൂടിയ തുലാഭാരത്തട്ടാണ്.


രാജാവിന്റെ ഭാരത്തിനൊത്ത് രത്നങ്ങളും, സ്വർണ്ണം, വജ്രം മുതലായവയും തൂക്കംവച്ചശേഷം അവ അഗതികളുടെ ക്ഷേമത്തിനായി ദാനം ചെയ്യുമായിരുന്നത്രെ.. ഏറെക്കുറെ പൂർണ്ണമായി നശിച്ച രീതിയിലുള്ളതും എടുത്ത് പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്തതുമായ കൃഷ്ണ ക്ഷേത്രവും, കറുപ്പും ചുവപ്പും നിറത്തിലുള്ള ശിലകളിൽ തീർത്ത ഭീമാകാരമായ ശശിവെക്കാലു, കടലെക്കാലു ഗണപതി രൂപങ്ങളും കണ്ടശേഷം ഉഗ്ര നരസിംഹ രൂപത്തിന് സമീപത്തെത്തി.



ലക്ഷ്മിനരസിംഹ  അഥവാ ഉഗ്രനരസിംഹ രൂപത്തിന് സമീപത്താണ്, ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു വലിയ ശിവലിംഗ പ്രതിഷ്ഠയുള്ളത്. ഇത് ബഡവലിംഗം എന്നറിയപ്പെടുന്നു. ദീർഘകാലം ഇവിടെ പൂജകൾ നടത്തിയിരുന്ന വൃദ്ധബ്രാഹ്മണൻ അടുത്തകാലത്ത്
ശിവസന്നിധി പൂകിയ വാർത്ത മലയാള പത്രമാദ്ധ്യമങ്ങളിൽ വന്നിരുന്നു.

ഇനി ഞങ്ങൾ പോവുന്നത് എട്ട് ഇതളുകളുള്ള താമരയുടെ ആകൃതിയിൽ ഇന്തോ- മുഗൾ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചതും, നാല് ഭാഗത്ത് നിന്ന് നോക്കിയാലും ഒരേപോലെ കാണുന്നതും രണ്ട് നിലകളുള്ളതുമായ ലോട്ടസ്മഹൽ കാണാനാണ്.

ഇവിടെനിന്ന് അൽപ്പദൂരം മുന്നോട്ട് നടന്നാൽ രാജാവിന്റെ ആനകളെ പ്രത്യേക പരിചരണത്തോടെ പാർപ്പിച്ചിരുന്ന എലിഫെൻറ് സ്റ്റേബിൾ കാണാം

ഇതിന് സമീപമുള്ള മ്യൂസിയത്തിൽ ഒരോട്ടപ്രദക്ഷിണം നടത്തിയശേഷം ഞങ്ങൾ രാജ്ഞിയുടെ സ്നാന മന്ദിരത്തിന് സമീപം എത്തി. രാജവനിതകളുടെ നീരാട്ടിനും മറ്റുമായി കരിങ്കല്ല് പാകിയുണ്ടാക്കിയ ഈ വലിയ കുളത്തിൽ, വളരെ ദൂരെ നിന്ന് ചെറിയ ചാലുകൾ വഴി വെള്ളമെത്തിക്കുകയായിരുന്നു പതിവെന്ന് ഗൈഡ് പറഞ്ഞു. ആസൂത്രിതമായ രീതിയിൽ പണിത ജലനിർഗ്ഗമന മാർഗ്ഗങ്ങളും, ഇപ്പോഴും പ്രവർത്തനക്ഷമമായ ഓവുചാലുകളും ഇവിടുണ്ട്.


നവരാത്രി ആഘോഷങ്ങൾക്ക് വേദിയായിരുന്ന നവരാത്രിദിബ്ബ എന്ന ഓപ്പൺ ഓഡിറ്റോറിയവും, രാജാവ് ഉദ്യോഗസ്ഥരുമായും, വിദേശ പ്രതിനിധികളുമായും രഹസ്യ ചർച്ചകൾ നടത്തിയിരുന്ന അണ്ടർഗ്രൗണ്ട് പാസ്സേജും കണ്ടശേഷം ഞങ്ങൾ അതിവിശിഷ്ടമായ ശിൽപ്പങ്ങളോട് കൂടിയ ഹസാരെ രാമസ്വാമിക്ഷേത്രത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിൽ പണിതതും, ദ്രവിഡിയൻ വാസ്തുവിദ്യയുടെ മൂർത്തരൂപവുമായ ശ്രീരാമ ക്ഷേത്രമാണിത്. രാമജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളും, ഭാഗവത പുരാണകഥകളും ഇവിടത്തെ തൂണുകളിൽ കൊത്തി വച്ചിരിക്കുന്നു. കറുപ്പ് കലർന്ന ഗ്രാനൈറ്റ് ശിലയിൽ തീർക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും കൊത്തുപണികളാൽ അലംകൃതമാണ്. ഇവയുടെ നിർമ്മാണത്തിന് ലെയ്ത്ത്മെഷീൻ പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.



ഇവിടെ നിന്നും ഞങ്ങൾ പോവുന്നത് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള വിജയവിത്തല ക്ഷേത്രസമുച്ചയും കാണാനാണ്. ചുറ്റും ആരോ എടുത്തു വച്ചത് പോലെയുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ മലനിരകളെയും,
ഇടയ്ക്കിടെ വഴിതടയാനെത്തുന്ന ആട്ടിൻപറ്റങ്ങളെയും പിന്നീട്ട്‌ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. നാം 
ഇങ്ങോട്ടേയ്ക്കു വരുന്നവഴിയിലും ധാരാളം കാഴ്ചകൾ കാണാനുണ്ട്. ഇനി നമുക്ക് വിജയവിറ്റല ക്ഷേത്രക്കാഴ്ചകൾ കാണാം.
        ഏകദേശം അമ്പതോളം തൂണുകളോട് കൂടിയ ഒരു വലിയ നാട്യമണ്ഡപം ഇവിടെയുണ്ട്. ഇതിൽ തന്നെ അടുത്തടുത്തായി എട്ടോ പത്തോ തൂണുകൾ കാണാം. ഇവ മ്യൂസിക്കൽപില്ലർ എന്നറിയപ്പെടുന്നു.ഇവയിൽ കൈ കൊണ്ട് പ്രത്യേക രീതിയിൽ തട്ടിയാൽ മൃദംഗം, ജലതരംഗം, താളം, ഡമരു, കോളിംഗ് ബെൽ മുതലായവയുടെ നാദവും സപ്തസ്വരങ്ങളും കേൾപ്പിക്കുവാൻ കഴിയുമെന്ന് ഗൈഡ് പറഞ്ഞു തരികയും കാണിച്ച് തരികയും ചെയ്തു. ഇത്തരം, സംഗീതം പൊഴിക്കുന്ന 
കൽതൂണുകൾ ദക്ഷിണേന്ത്യയിലെ മറ്റ് ചില ക്ഷേത്രങ്ങളിലും നമുക്ക് കാണാവുന്നതാണ്. ഇവയുടെ നിർമ്മാണപ്രക്രിയയിലെ വൈദഗ്ദ്യം ആധുനികലോകത്തിന് ഇന്നും അജ്ഞാതമാണ്. ഒരേപോലെ കാണുന്ന തൂണുകളുടെ നിർമ്മാണ സമയത്ത് അളവുകളിൽ നേരിയ വ്യത്യാസം വരുത്തിയാണ് ഈ അത്ഭുതം സാധിക്കുന്നതെന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്.


വിജയവിത്തല ക്ഷേത്രത്തിന് സമീപമാണ് പുതിയ അമ്പത് രൂപാനോട്ടിലെ ചിത്രത്തിൽ നാം കാണുന്ന കരിങ്കൽ നിർമ്മിതമായ രഥമുള്ളത്. ധാരാളം കൊത്തുപണികളുള്ള ഈ രഥം ഒറ്റക്കല്ലിൽ നിർമ്മിച്ചതാണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെ യല്ലെന്നും നൂറിലധികം ശിലാഖണ്ഡങ്ങൾ തികഞ്ഞ വൈദഗ്ദ്യത്തോടെ കൂട്ടിയോജിപ്പിച്ച് നിർമ്മിച്ചതാണ് ആ രഥമെന്നും ഗൈഡ് പറയുകയുണ്ടായി.വിജയനഗര സാമ്രാജ്യമെന്ന ഒരു മഹാമേരുവിനെ ഇത്തിരിയോളം പോന്ന ഒരു കൊച്ചു മലയോട് ഉപമിക്കുവാനേ എന്റെ ഈ എഴുത്ത്കൊണ്ട് സാധിക്കൂ എന്നെനിക്കറിയാം. കാരണം ഇവിടത്തെ കാഴ്ചകൾ കണ്ടുത്തീർക്കണമെങ്കിൽ ഒരു നൂറ് മനുഷ്യായുസ്സ് തന്നെ വേണ്ടിവരും.










ഇന്നത്തെ ഒരു പകൽ മുഴുവനും ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഹംപിയിലെ കാഴ്ചകൾ വിവരിച്ചുതന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഗൈഡ് ഉമേഷ്, മലയാളത്തിൽ ശുഭയാത്ര നേർന്ന് ഞങ്ങളെ യാത്രയാക്കി. ഇനി ഞങ്ങൾ പോവുന്നത് അഞ്ച്കിലോമീറ്റർ അകലെയുള്ള തുംഗഭദ്രഡാം സൈറ്റിലേക്കാണ്. ലക്ഷ്യസ്ഥാനത്തെത്തി, ഇരുപത് രൂപ പ്രവേശനഫീസ് നൽകി ടിക്കറ്റെടുത്ത ശേഷം ഞങ്ങൾ ഡാമിനെ ലക്ഷ്യമാക്കി നടന്നു. വൈദ്യുതി നിർമ്മിക്കുന്ന പവ്വർഹൗസ് ഉള്ളതിനാൽ ഇവിടം സുരക്ഷിത മേഖലയായി തിരിച്ചിട്ടുണ്ട്. അണക്കെട്ടിന് മുകളിലെത്തി അസ്തമനസൂര്യന്റെ മനോഹാരിത ആസ്വദിച്ചശേഷം ഞങ്ങൾ തൊട്ടടുത്തുള്ള പാർക്കിലെത്തി വിശ്രമിച്ചു. പൂക്കളും, വൃക്ഷങ്ങളു, പുൽതകിടിയും, കൃത്രിമജലധാരകളും നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനമാണിത്. അൽപ്പസമയം സൊറപറഞ്ഞിരിക്കുന്നതിനിടയിൽ, കാലാവസ്ഥയിൽ ചില മാറ്റങ്ങൾ വരുന്നതായി ഞങ്ങൾക്ക് തോന്നി. ഞങ്ങളെപ്പോലെ അവിടെ വിശ്രമിച്ചിരുന്നവർ സ്ഥലം കാലിയാക്കാനുള്ള ശ്രമത്തിലാണ്. അൽപ്പം കൂടി കാത്തു നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവങ്ങൾ തെളിയിച്ചു. ശക്തമായ കാറ്റിൽപ്പെട്ട് മരച്ചില്ലകൾ ഒടിഞ്ഞു വീഴുവാനും കനത്തമഴ പെയ്യുവാനുമാരംഭിച്ചു. എങ്ങോട്ടെന്നില്ലാതെ ഓടിയ ഞങ്ങൾ ഒരു വലിയ കെട്ടിടത്തിൽ എത്തി. സെക്യൂരിറ്റി വേഷം ധരിച്ച ഒരാൾ ഞങ്ങളെ അകത്ത് കയറ്റി വാതിലടച്ചു. ഞങ്ങൾക്ക് മുന്നെ അവിടെ അഭയം പ്രാപിച്ചവരിൽ വ്യത്യസ്തദേശക്കാർ, വിഭിന്ന ഭാഷകൾ സംസാരിക്കുന്നവർസ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എല്ലാവരുമുണ്ട്. ഏകദേശം ഒരു മണിക്കൂർ ഭീതിദമായ അന്തരീക്ഷത്തിൽ അവിടെ കഴിഞ്ഞു. കാറ്റും മഴയും അൽപ്പം കുറഞ്ഞതായി സെക്യൂരിറ്റിഗാർഡ് പറഞ്ഞതിനെതുടർന്ന്, ഞങ്ങൾ പുറത്തിറങ്ങി നടന്നു. എങ്ങും വലിയ മരങ്ങൾ കടപുഴകിയും ചില്ലകളൊടിഞ്ഞും വീണുകിടക്കുന്നു. കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. പാർക്ക് ചെയ്ത  വാഹനങ്ങളിൽ പലതും നശിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർ മരിച്ചതായി പിന്നീട് അറിയാൻ കഴിഞ്ഞു.യാത്രയിൽ കണ്ട കാര്യങ്ങളിൽ മനസ്സിൽ തങ്ങിയ ചിലത് സൂചിപ്പിച്ചു കൊണ്ട് നിർത്താം.




ഗ്രാമീണജീവിതത്തിന്റെ നിഷ്കളങ്കതയും ദാരിദ്ര്യവും ഒക്കെ നമുക്ക് എങ്ങും കാണാമെങ്കിലും,ചോളപ്പാടങ്ങളും, നിറയെ പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങളും, മറ്റ് 
ഫല-ധാന്യവർഗ്ഗ കൃഷികളും നിറഞ്ഞ ഈ സമതലപ്രദേശത്തെ കാഴ്‌ചകൾ ഏതൊരു സഞ്ചാരിയിലും ഉളവാക്കുന്ന  ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. യാത്രക്കിടയിൽ അല്പസമയം ഗ്രാമീണ രോടൊത്ത് ചിലവഴിക്കാൻ ശ്രമിച്ചാൽ അത് നല്ലൊരു അനുഭവമാകും. പരിഷകാരികളെന്നും, വൃത്തിയുള്ളവരെന്നും മേനിനടിക്കുന്ന നമ്മൾ മലയാളികൾക്ക്, ഒരുപക്ഷേ അവരുടെ ജീവിതസാഹചര്യങ്ങൾ അംഗീകരിക്കാൻ  കഴിഞ്ഞെന്ന് വരില്ല. ടിൻഷീറ്റ് മേൽക്കൂര യുള്ള കൊച്ചുവീടുകളും, അവയോട് ചേർന്ന് കാലികൾ, ആടുകൾ, എന്നിവയുടെ ആലകളും കാണാം. കെട്ടിക്കിടക്കുന്ന ചളിയിൽ മദിച്ച് കൂത്താടുന്ന പന്നിക്കൂട്ടങ്ങൾ ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ഇവ ഒരു പരിധിവരെ  പൊതുശൗചാലയങ്ങൾ കൂടിയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളെന്ന് നമുക്ക് തോന്നുമെങ്കിലും നമ്മുടെ നാട്ടിൽ കാണുന്നതുപോലെ, ഇടയ്ക്കിടെ ഹോസ്പിറ്റൽ ബോർഡുകളും, മരുന്ന്കടകളും ഒന്നും ഇവിടെ കാണാൻ കഴിഞ്ഞില്ല. പ്രകൃതിയോട് ഇണങ്ങി ച്ചേർന്നുള്ള ജീവിതം അവിടുള്ളവരെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടാവാം. കൂട്ടത്തിൽ ഒരുകാര്യം കൂടി പറയട്ടെ;
  നമ്മുടെ നാട്ടിലെപ്പോലെ മേഘസന്ദേശം അയക്കുന്ന ഉയർന്ന ഗോപുരങ്ങളോ, ഉള്ളംകയ്യിൽ ചൂണ്ടുവിരലുകൾ കൊണ്ട് ചിളളിക്കൊണ്ട് തലകുനിച്ച് നടക്കുന്ന ചുള്ളന്മാർരെയോ എങ്ങും കാണാനില്ല. കൊച്ചുകുട്ടികളും വൃദ്ധരുമടക്കം കൃഷിയിലും, വീട്ടുകാര്യങ്ങളിലും ഏർപ്പെട്ട് നടക്കുന്നതായാണ്  ഞാൻ കണ്ടത്.
  നമ്മുടെ നാട്ടിൽനിന്ന് റോഡ്മാർഗം ഹംപിയിലേക്ക്, ഏകദേശം അഞ്ഞൂറ്റമ്പത് കിലോമീറ്ററാ ണുള്ളത്. മംഗലാപുരത്തുനിന്ന് എൻ.ആർ പുര റൂട്ടിൽ വന്നു ശിവമോഗയിലും, ശിവമോഗ ബസ് ടെർമിനലിന് സമീപത്ത് നിന്ന് വലത്തോട്ടുതിരിഞ്ഞ് അല്പംപോയാൽ ബെല്ലാരിയിലേക്കുള്ള മെയിൻറോഡിലുമെത്താം. വളരെ വിശാലമായ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കാഴ്ചകളായതിനാൽ ഹൊസ്‌പെട്ട്  എത്തിയശേഷം, കാർ, ബൈക്ക്, എന്നിവ വാടകകൊടുത്ത് ചുറ്റിക്കറങ്ങുന്നതാണ് ഉത്തമം. വിനോദങ്ങൾ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് തുംഗഭദ്ര നദിയിലൂടെ കുട്ട വഞ്ചിയിൽ സവാരിയാവാം. താൽപ്പര്യമുള്ളവർക്ക് ഹിപ്പിലാന്റിലും പോകാവുന്നതാണ്.  ബംഗളുരു നിന്നും ഹൊസ്പെട്ടിലേക്ക് ട്രെയിൻ സർവ്വീസുമുണ്ട്. അവിടെനിന്ന് ബസ്സിൽ നമുക്ക് ഹംപിയിലെത്താവുന്നതാണ്. മൈസൂരിൽനിന്നും രാത്രിയിൽ ഹംപി എക്സ്പ്രസ്സ്‌ എന്ന ട്രെയിൻ ഇങ്ങോട്ടേക്കുണ്ട്.
     നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഒരുതവണയെങ്കിലും ഇവിടം സന്ദർശിക്കുക. 'ആനന്ദം' മുതലായ സിനിമകളിൽ നാം കണ്ട  ഹംപിയുടെ മനോഹാരിത ആവോളം ആസ്വദിക്കുക. അതോടൊപ്പം സ്കൂൾ പാഠപുസ്തകങ്ങളിലെ  ചുരുക്കം ചില വരികളിലൂടെ മാത്രം നാം കേട്ടിട്ടുള്ള, മഹത്തായ വിജയനഗര  സാമ്രാജ്യത്തേക്കുറിച്ചും "മഹാനായ  കൃഷ്ണദേവരായരെ"ക്കുറിച്ചും ഒരു പഠനാന്വേഷണ യാത്ര  നടത്തുക.



എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)
ചിത്രങ്ങൾ: ചന്ദ്രു വെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്












No comments