Breaking News

ശനിയാഴ്ച ക്ഷേത്രത്തിൽ പോയ തൊഴിലാളി കുടുംബത്തിന് 17500 രൂപ പിഴയിട്ട് പൊലീസ് അഞ്ചംഗ കുടുംബത്തിലെ ഓരോരുത്തർക്കും 3500വീതം അടയ്ക്കാനാണ് നിർദ്ദേശം


ലോക്ക്ഡൗണില്‍ ക്ഷേത്രത്തില്‍ പോയ  തൊഴിലാളി കുടുംബത്തിന് പൊലീസ് 17500 രൂപ പിഴചുമത്തി . അഞ്ചംഗ കുടുംബത്തിലെ ഓരോരുത്തര്‍ക്കും 3500വീതം അടയ്ക്കാനാണ് നിര്‍ദ്ദേശം.

മുണ്ടക്കയം ഈസ്റ്റ് കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് ലോക്ഡൗണ്‍ യാത്രയ്ക്ക് പെരുവന്താനം പൊലീസ് ശിക്ഷ വിധിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മോഹനനും കുടുംബവും കൊടികുത്തിയില്‍ നിന്നും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് യാത്ര തിരിച്ചത്. ദേശീയ പാതയില്‍ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ഞാങ്ങാനത്തുവച്ച് അഡീഷണല്‍ എസ്.ഐ.രാജേഷിന്റെ നേതൃത്വത്തില്‍ ഇവരുടെ വാഹനം പരിശോധിച്ചു. ഇവര്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്നതു സംബന്ധിച്ച സത്യവാങ്മൂലം ഹാജരാക്കിയെങ്കിലും എസ്.ഐ സമ്മതിച്ചില്ല.

സ്ത്രികളടക്കം അഞ്ചുപേരും ക്ഷേത്രത്തിലെ ചടങ്ങിനായുളള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു യാത്ര. എന്നാല്‍ ഇതിന്റെ പേരിലും മോഹനനെ ആക്ഷേപിച്ചതായി പറയുന്നു.

അഞ്ചുപേരുടെ വിലാസം എഴുതിയെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ അവരോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം കോടതിയില്‍ അടച്ചാല്‍മതിയെന്നുംപറഞ്ഞു. നിര്‍ധനരായ ഇവര്‍ 17500രൂപ അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്.

എന്നാല്‍ സാമൂഹീക അകലം പാലിയ്ക്കാതെ ലോക്ഡൗണ്‍ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്നും തുക കോടതിയിലേ അടയ്ക്കാനാവു എന്നും പെരുവന്താനം സി.ഐ. ജയപ്രകാശ് മാധ്യമങ്ങളെ അറിയിച്ചു.എന്നാല്‍ സംഭവം നടന്നത് പീരുമേട് പൊലീസ്റ്റേഷന്റെ പരിധിയിലാണ്. ഇവിടെയാണ് പെരുവന്താനം പൊലീസ് പരിശോധനയും ശിക്ഷയും വിധിച്ചത് എന്നും ആരോപണമുണ്ട്.

കൂലി വേലക്കാരനാണ് എം. പി. മോഹനന്റെ രണ്ട് മക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പി. എച്. ഡി വിദ്യാര്‍ത്ഥികളാണ്.
കൈക്ക് സുഖമില്ലാതിരിക്കുന്ന മോഹനന്‍ ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണെന്നും ക്ഷേത്രത്തിലേക്ക് പോവുന്ന വഴിയില്‍ പോലീസുകാര്‍ തന്നെ കളിയാക്കിയെന്നും പറഞ്ഞു.

No comments