ബിവറേജിൽ കുപ്പി വാങ്ങാനുളള ക്യൂവിനിടെ റേഷൻ കാർഡ് കളഞ്ഞു; കണ്ടെത്തി നൽകി കരുതലോടെ പൊലീസ്
കോട്ടയം: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിന്നയാളുടെ റേഷൻ കാർഡ് നഷ്ടപ്പെട്ടു. വീട്ടിലെത്തിയപ്പോൾ റേഷൻ കാർഡ് കാണാനില്ല. പരാതിയുമായി എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഏതാനും മണിക്കൂറിനുള്ളിൽ പരിഹാരമായി. എരുമേലി കൊരട്ടിയിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
എരുമേലി കൊരട്ടിയില്‍ വിദേശ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങാനെത്തിയ മണിപ്പുഴ സ്വദേശിയുടെ റേഷൻ കാർഡാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് റേഷൻ കാർഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. പിന്നാലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എസ് എച്ച് ഒ എം. മനോജിന്റെ നിർദേശ പ്രകാരം സ്റ്റേഷനിലെ ക്യാമറാ സെൽ ജീവനക്കാർ ദൃശ്യങ്ങൾ പരിശോധിച്ചു. കൊരട്ടി ബിവറേജസിന് മുന്നിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു.
മദ്യം വാങ്ങാനെത്തിയ ആളുടെ പക്കൽ നിന്ന് രേഖകൾ നഷ്ടപ്പെടുന്നതും സ്കൂട്ടർ യാത്രികൻ എടുക്കുന്നതും നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ നമ്പർ മനസിലാക്കി ഉടമയെ കണ്ടെത്തിയാണ് ഏതാനും സമയത്തിനുള്ളിൽ റേഷൻ കാർഡ് പൊലീസ് തിരികെ വാങ്ങി ഉടമയ്ക്ക് കൈമാറിയത്.

No comments