Breaking News

എംഎസ്എഫിനോട് ലീഗ് കാണിച്ച നീതി ഹരിതയോട് കാണിച്ചില്ല; നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഫാത്തിമ തഹലിയ




എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. ഹരിതയ്‌ക്കെതിരായ നടപടി പാര്‍ട്ടി തീരുമാനമാണ്. ഹരിത നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ലെന്നും ഹരിതയ്‌ക്കെതിരായ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ഫാത്തിമ തഹലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.





മുസ്ലിം ലീഗ് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ടാണ് ഹരിത പരാതി ബോധ്യപ്പെടുത്തിയത്. പാര്‍ട്ടി വേദികളില്‍ പറഞ്ഞതിനുശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മിഷനെ സമീപിച്ചത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തഹലിയ പറഞ്ഞു.


‘എംഎസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന അവരുടെ പാര്‍ട്ടിക്ക് ഒരു തലവേദനയായി എന്ന മട്ടിലാണ് പലയിടത്തും വിമര്‍ശനങ്ങള്‍ ഉയരുന്നത്. അങ്ങേയറ്റം വേദനയും പ്രതിഷേധവുമാണ് അറിയിക്കാനുള്ളത്. ക്യാമ്പസിനകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ വക്താവായാണ് ഇപ്പോള്‍ താന്‍ സംസാരിക്കുന്നത്. ഹരിത രൂപീകരിച്ചതിന് ശേഷം നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. എംഎസ്എഫിന് പോലും പ്രവര്‍ത്തനമില്ലാത്ത ക്യാംപസുകളില്‍ ഹരിതയാണ് എംഎസ്എഫിനെ നയിക്കുന്നത്. ഇതുപോലെ നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കാന്‍ ഹരിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഹരിതയിലോ ഓരോ പ്രവര്‍ത്തകരും ഇടപെട്ടിട്ടുണ്ട്.

ലീഗില്‍ നിന്ന് സ്വാഭാവിക നീതി ലഭിക്കാത്തതതില്‍ വിഷമമുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളാണ് വനിതാ കമ്മിഷനെ സമീപിച്ചത്. ഇവര്‍ പത്ത് പേരും ഹരിതയിലെ സംസ്ഥാന ഭാരവാഹികളാണ്. അവരാരും പാര്‍ട്ടി വേദിയില്‍ അല്ലാതെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുറത്തുപറഞ്ഞിട്ടില്ല. ഹരിത മരവിപ്പിക്കുംമുന്‍പ് ആരും വിശദീകരണം ചോദിച്ചില്ല. വിഷയത്തില്‍ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെതിരെയും ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബിനെതിരെയും ഹരിത പരാതി നല്‍കിയിരുന്നു.




മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനുമാണ് ഈ പരാതി നല്‍കിയത്. എംഎഫ്എഫ് ദേശീയ കമ്മിറ്റി ഈ രണ്ട് കക്ഷികളെയും വിളിച്ച് സംസാരിച്ച് അതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.
എംഎസ്എഫിന്റെ വളര്‍ച്ചയില്‍ ഹരിത നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹലിയ വ്യക്തമാക്കി.

No comments