ഓണത്തിരക്ക്; കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണ മേർപ്പെടുത്തി
കാഞ്ഞങ്ങാട്: ഓണത്തിരക്ക് പ്രമാണിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ വിപുലമായ ക്രമീകരണമേർപ്പെടുത്തി. നഗരത്തിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് നോർത്ത് കോട്ടച്ചേരി അപ്സര ലോഡ്ജ് പരിസരം,മിനാർ ഗോൾഡ് പിറക് വശം, മോത്തി സിൽക്കിന് പിറക് വശം എന്നിവിടങ്ങളിൽ വിപുലമായ പാർക്കിംഗ് സൗകര്യമേർപ്പെടുത്തി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ താൽക്കാലിക വഴിയോര കച്ചവടം കർശനമായി നിരോധിക്കാനും തീരുമാനിച്ചു.നിലവിൽ നഗരസഭ തിരിച്ചറിയൽ കാർഡ് ലഭിച്ചവർ തങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് പരിമിതമായ അളവിൽ വഴിയോര കച്ചവടം നടത്താനും അനുമതി നൽകും.
ഓണ വിപണിയോടനുബന്ധിച്ചുള്ള പൂക്കച്ചവടം നോർത്ത് കോട്ടച്ചേരി മുതൽ പുതിയ കോട്ട വരെ കർശനമായി നിരോധിക്കാനും പൂക്കച്ചവടം ചെയ്യുന്നവർ ആലാമിപ്പള്ളി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നഗരസഭ നിശ്ചയിക്കുന്ന സ്ഥലത്ത് നടത്താനും അനുമതി നൽകും .
നോർത്ത് കോട്ടച്ചേരി മുതൽ പുതിയ കോട്ട വരെ റോഡിനിരുവശവുമുള്ള അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. നിരോധനം ലംഘിച്ച് വാഹനം പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പും പോലീസും നിയമനടപടികൾ സ്വീകരിക്കും
നഗരത്തിലെ സർവ്വീസ് റോഡിലുടെ ട്രാഫിക്ക് നിയമം തെറ്റിച്ച് സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറും മാസ്ക്കും നിർബന്ധമായി ഉപയോഗിക്കണം.വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് കച്ചവട സാഹചര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു.
No comments