കർണാടകത്തിലേക്ക് ചികിത്സയ്ക്ക് പോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്
കാസർഗോഡ് : കർണാടകത്തിലേക്ക് ചികിത്സയ്ക്ക് പോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽനിന്ന് ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ പോകുന്നത് തടയരുതെന്ന് ജസ്റ്റിസുമാരായ എസ്.മണികുമാർ, ഷാജി പി ചാലി എന്നിവരാണ് ഉത്തരവിട്ടത്. ഓഗസ്റ്റ് 25ന് കേസ് വീണ്ടും പരിഗണിക്കും. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേന്ദ്രസർക്കാരും കർണാടക, കേരള സർക്കാറുകളുമടക്കം എട്ടുപേരെ കക്ഷിചേർത്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. കർണാടകത്തിലേക്കുള്ള 24 റോഡും അടച്ചശേഷം, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായാലേ കടത്തിവിടൂ എന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭത്തിനൊപ്പം നിയമപരമായും നേരിടാന് സിപിഐഎം തീരുമാനിച്ചതിന്റെ ഭാഗമായാണ് ജയാനന്ദ ഹർജി നൽകിയത്. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ പി.വി.അനൂപ്, സിജോ പ്രതീഷ് അനൂപ്, ജി.ചന്ദ്രമോഹൻ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.
No comments