നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കകം കോളിയാർ-മുക്കുഴി റോഡ് തകർന്നു റോഡ് നിർമ്മാണത്തിലെ അപാകതയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ
ഇടത്തോട്: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം അനുവദിച്ച കോളിയാർ - മുക്കുഴി റോഡാണ് നിർമ്മാണത്തിലെ അപാകത മൂലം തകർന്നു കിടക്കുന്നത്. ബളാൽ, കോടോംബേളൂർ പഞ്ചായത്തുകളിലൂടെയുള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയാവുന്നതിലൂടെ മലയോരത്തെ ജനങ്ങൾക്ക് വളരെ കുറഞ്ഞ ദൂരത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ എത്തിച്ചേരാൻ കഴിയും. നിർമ്മാണം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞത് നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുക്കുഴി മുതൽ പാൽക്കുളം ക്ഷേത്രത്തിനടുത്ത് വരെയുള്ള 1.700 കിലോമീറ്ററോളം റോഡാണ് പലയിടങ്ങളിലായി തകർന്നു കിടക്കുന്നത്. അഞ്ചു വർഷത്തെ ഗ്യാരണ്ടിയോടു കൂടി നിർമ്മിക്കേണ്ടുന്ന പി എം ജി എസ് വൈ പദ്ധതി പ്രകാരമുള്ള ഈ റോഡിൻ്റെ തകർച്ചയ്ക്ക് കാരണം കരാറുകാരൻ്റെ അലംഭാവമാണെന്നാണ് നാട്ടുകാരുടെ ആരോപണം. 2018ൽ മൂന്ന് കോടി അമ്പത്തിയഞ്ച് ലക്ഷത്തിന് ടെൻഡർ വെച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് കോൺട്രാക്ടർ റോഡ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണത്തിലെ അപാകതയും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നില്ല എന്നതും കാണിച്ച് ജനകീയ കമ്മിറ്റി ജില്ലാ പഞ്ചായത്ത് അധികൃതർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകിയിട്ടുണ്ട്. റോഡിൻ്റെ ദുരവസ്ഥക്ക് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
No comments