ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്‍
കൊല്ലം: ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി ഷിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. ബാങ്കിന്റെ മുന്നിൽ ക്യൂ നിന്ന ഷിഹാബിന് പൊലീസ് പിഴ ചുമത്തിയതും ഗൗരിനന്ദ എന്ന വിദ്യാർഥിനി ഇതിനെ ചോദ്യം ചെയ്തതുമായ സംഭം സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ വൈറലായിരുന്നു.
ക്യൂവിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഷിഹാബിന് പിഴ ചുമത്തിയത്. ഇതിനെ പ്ലസ് ടു വിദ്യാർഥിനി ഗൗരിനന്ദ ചോദ്യം ചെയ്ത വീഡിയോ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ഷിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും ഷിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ഷിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങള്‍ക്കകം മോഷണ കേസില്‍ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ഷിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു.
No comments