Breaking News

മലയോരത്തെ ജനവാസ മേഖലയിലെ വന്യമൃഗശല്യം: സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം- മന്ത്രി എ.കെ. ശശീന്ദ്രൻ

 


വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാൻ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ കാസർകോട് കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ത്രിതല പഞ്ചായത്ത് തലത്തിൽ പദ്ധതികൾക്ക് രൂപം കൊടുക്കും.  ഇതിന് ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കാം. വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ത്രിതല പഞ്ചായത്തുകളുടെ ഒരു വിഹിതം വന്യമൃഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാം. എം.എൽ.എ ഫണ്ടും ഉപയോഗപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു.

ഇതിനായി ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ഓൺലൈനായി ചേർന്ന് അടിയന്തിരമായി പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു. നിലവിൽ സ്ഥാപിച്ച സോളാർ വേലികൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ട്. വനസംരക്ഷണ സമിതി ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കും. ഓരോ പ്രദേശത്തും ഏതൊക്കെ രീതിയിൽ പ്രതിരോധം തീർക്കാമെന്നതിനെക്കുറിച്ച് രൂപം നൽകാൻ ഇതുവഴി സാധിക്കുമെന്നും യോഗം വിലയിരുത്തി.

കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാർ തൂക്കു വേലികൾ, കിടങ്ങുകൾ തുടങ്ങിയവ ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ രീതിയിൽ നിർമ്മിക്കാം. നിലവിൽ കർണാടക വനത്തിൽ നിന്നുമാണ് ആനകൾ ഇറങ്ങുന്നത്. ആനകളെ ജനവാസ മേഖലയിലെത്താത്തവിധം നിശ്ചിത ദൂരത്തേക്ക് തുരത്താൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെയും സഹായം ആവശ്യമാണ്. കാസർകോട്, ദക്ഷിണ കന്നഡ ജില്ലാ കളക്ടർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സംയുക്ത യോഗം രണ്ടാഴ്ചക്കുള്ളിൽ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

നിലവിൽ വന്യമൃഗശല്യം മൂലം കൃഷി നാശമുണ്ടായാൽ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് തുക അനുവദിക്കുന്നത്. സാമ്പത്തിക ഞെരുക്കം കാരണം യഥാസമയം അത് കൊടുക്കാനും സാധിക്കുന്നില്ല. അതിനാൽ ജനങ്ങൾ വിളകൾ ഇൻഷുർ ചെയ്യാൻ ശ്രദ്ധിക്കണം.

വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജിൽ 1976ൽ പട്ടയം കിട്ടിയ 36 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ നടപടികൾ നേരിട്ടത്. വർഷങ്ങളായി താമസിച്ചു കൃഷി ചെയ്തിരുന്ന സ്ഥലത്തിന്റെ സർവേ നമ്പറിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു കുടിയൊഴിപ്പിക്കൽ. ഇതിനെതിരായ കേസിൽ താമസക്കാർക്ക് അനുകൂലമായാണ് ഫോറസ്റ്റ് ട്രിബ്യൂണൽ വിധി വന്നത്. ഇതിനെതിരെ അപ്പീൽ പോയാലും വനം വകുപ്പിന് അനുകൂല വിധിയുണ്ടാകില്ലെന്നാണ് നിയമോപദേശം. ഇതിനാൽ കോടതി നടപടികൾക്കനുസൃതമായി മുന്നോട്ട് പോകുമെന്നും യോഗത്തെ അറിയിച്ചു.

സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നേരത്തെ വെച്ചുപിടിപ്പിച്ച അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾ ഈ വർഷം തന്നെ മുറിച്ചു മാറ്റുമെന്ന് യോഗത്തെ അറിയിച്ചു. പകരമായി തനത് വൃക്ഷങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവ വെച്ചു പിടിപ്പിക്കും.

ടൂറിസം വികസന സാധ്യതകൾ ഏറെയുള്ള റാണിപുരം, വീരമലക്കുന്ന് പദ്ധതികൾ സംബന്ധിച്ച് ഡി.ടി.പി.സി, ഡി.എഫ്.ഒ എന്നിവർ ചേർന്ന് പ്രൊപ്പോസൽ തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. രണ്ട് വർഷം കൊണ്ട് വനം വകുപ്പിന് കൂടി പങ്കാളിത്തമുള്ള രണ്ട് ടൂറിസം കേന്ദ്രങ്ങൾ ജില്ലയിൽ യാഥാർഥ്യമാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ഡി.കെ, സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, കാസർകോട് സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ അജിത് കെ.രാമൻ, ആർ.ഡി.ഒ അതുൽ എസ്.നാഥ്, ഡെപ്യൂട്ടി കളക്ടർ കെ. രവികുമാർ, മറ്റ് റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

No comments