Breaking News

ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം; 7 മെഡലുകളുമായി ഇന്ത്യയുടെ മടക്കം




ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. വനിതാ വിഭാ​ഗം വോളിബോൾ, ബാസ്കറ്റ് ബോൾ സ്വർണമെഡൽ പോരാട്ടങ്ങളിൽ ഇന്ന് നടക്കും. സൈക്കിളിം​ഗ്, ബോക്സിം​ഗ് ഫൈനലുകളും ഇന്ന് നടക്കും.





ഒളിമ്പിക്സിൽ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡൽ നേട്ടം ഒരു സ്വർണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയർന്നു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോർഡാണ് 2021 ൽ ഇന്ത്യ തിരുത്തിയത്.


ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ആദ്യ ദിനം തന്നെ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമുയർത്തിയത് മീരാബായ് ചാനുവാണ്. ഭാരോദ്വഹനത്തിലായിരുന്നു മീരാബായ് ചാനുവിന്റെ പ്രകടനം. ​ഗുസ്തി മത്രസത്തിൽ രവി കുമാർ ദഹിയയും വെള്ളി സ്വന്തമാക്കി. തുടർന്നുള്ള മത്സരങ്ങളിൽ വനിതകളുടെ ബാഡ്മിന്റണിൽ പി.വി സിന്ധുവും, വനിതകളുടെ വെൽ‍റ്റർവെയ്റ്റ് ബോക്സിം​ഗിൽ ലോവ്ലീനയും, ഇന്ത്യൻ പുരുഷ ഹോക്കി ടീമും, ​ഗുസ്തിയിൽ ബജ്റം​ഗ് പൂനിയയും വെങ്കല മെഡലുകൾ നേടി. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മെഡൽ നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ചത് മലയാളിയായ പി.ആർ ശ്രീജേഷാണ്. ഇതോടെ ആദ്യമായി കേരളത്തിലേക്കും ഒളിമ്പിക്സ് മെഡൽ എത്തുകയാണ്.

നീരജ് ചോപ്ര മാത്രമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ജാവലിൻ ത്രോയിലായിരുന്നു അഭിമാന നേട്ടം കൈവരിച്ചത്. 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്.

No comments