Breaking News

ആഗസ്ത് 30 മുതൽ കണ്ണൂർ-മംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ ഓടിത്തുടങ്ങും


കാസർഗോഡ്: മെമു മംഗളൂരു വരെ നീട്ടാനുള്ള മുറവിളിക്കിടെ കണ്ണൂരിനും മംഗളൂരുവിനുമിടയിൽ പുതിയ ട്രെയിൻ അനുവദിച്ചു. ആഗസ്ത് 30നു ട്രെയിൻ ഓടിത്തുടങ്ങും. റിസർവേഷൻ കോച്ചുകളില്ലാത്ത എക്സ്പ്രസ് ട്രെയിനാണിത്. കണ്ണൂർ- മംഗളൂരു റൂട്ടിലെ യാത്രാദുരിതം കുറയ്ക്കാൻ പുതിയ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ അധികൃതർക്കു നിവേദനം നൽകിയിരുന്നു.  


അതേസമയം, കോവിഡ് കാലത്തിനു മുൻപ് ഇതേ റൂട്ടിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിനിനു സമാനമായ സമയക്രമമാണു പുതിയ ട്രെയിനിനും. 

രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന 06477 നമ്പർ ട്രെയിനിനു വളപട്ടണം(7.49), പാപ്പിനിശ്ശേരി(7.54), കണ്ണപുരം(7.59), പഴയങ്ങാടി(8.08), ഏഴിമല(8.14), പയ്യന്നൂർ(8.22), തൃക്കരിപ്പൂർ(8.28), ചെറുവത്തൂർ(8.43), നീലേശ്വരം(8.55), കാഞ്ഞങ്ങാട്(9.05), ബേക്കൽ ഫോർട്ട്(9.10), കോട്ടിക്കുളം(9.20), കാസർകോട്(9.35), കുമ്പള(9.45), ഉപ്പള(9.52), മഞ്ചേശ്വരം(10.01), ഉള്ളാൾ(10.10) സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 10.55നു മംഗളൂരു സെൻട്രലിൽ എത്തും. 


തിരികെ വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന 06478 നമ്പർ ട്രെയിൻ രാത്രി 8.40നു കണ്ണൂരിലുമെത്തും. വൈകിട്ട് 6 ന് കാസർക്കോടും 6.40ന് കാഞ്ഞങ്ങാടും എത്തും.12 ജനറൽ കോച്ചുകളും ഒരു എസ്എൽഎർ കോച്ചും ഉൾപ്പെടെ 14 കോച്ചുകളാണു ട്രെയിനിന് ഉണ്ടാകുക. മെമു മംഗളൂരുവിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു നീലേശ്വരം റെയിൽവേ വികസന ജനകീയ മുന്നണി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തുകയും എംപി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. മെമുവിന്റെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഇതേ റൂട്ടിൽ പുതിയൊരു ട്രെയിൻ ലഭിച്ച ആശ്വാസത്തിലാണു ട്രെയിൻ യാത്രക്കാർ.

No comments