ചുമട് താങ്ങുന്നതിനിടയിലും കാർഷികസമൃദ്ധിയുടെ പച്ചപ്പ് തീർത്ത് ഇരിയയിലെ ചുമട്ട് തൊഴിലാളികൾ
ഇരിയ : ഉപജീവനത്തിന് ഉപാധി ചുമടെടുക്കലാണെങ്കിലും അതിൻ്റെ ഇടവേളകളിൽ കൃഷിക്കായി സമയം കണ്ടെത്തി നൂറുമേനി വിളവിൻ്റെ തിളക്കത്തിലാണ് ഇരിയയിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ. രാജേഷ്,അഭിലാഷ്, ജ്യോതിഷ്, റെനീഷ്, എന്നീ ചുമട്ട് തൊഴിലാളികളാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. ഇത് രണ്ടാം തവണയാണ് 7 സ്റ്റാർ ഹാർഡ് വേയർ സ്ഥാപനത്തോട് ചേർന്ന് കൃഷിയിറക്കുന്നത്. പയർ, വെണ്ട ,വഴുതിന, ചെരങ്ങ, ചോളം, പച്ചമുളക് തുടങ്ങിയവയോടൊപ്പം നെല്ലും കൃഷിയിറക്കിയിട്ടുണ്ട്. ഒപ്പം അലങ്കാരത്തിനായി വിവിധ തരം പൂച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. കൃത്യമായ പരിചരണത്തോടൊപ്പം കൃഷിയിലെ താൽപര്യവും പകർന്നു നൽകുമ്പോൾ നൂറുമേനി വിളവ് തന്നെയാണ് പ്രകൃതി ഇവർക്ക് വേണ്ടി ഒരുക്കിയത്. ഇതിനോടൊപ്പം നാടിൻ്റെ ആപത്ഘട്ടങ്ങളിൽ ഓടിയെത്താനും ഈ ചുമട്ട് തൊഴിലാളികൾ മറക്കാറില്ല. ഒരു പാട് തവണ ഈ പരിസരത്തുണ്ടായ വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച സേവന മാതൃകയും ഈ തൊഴിലാളികൾക്കുണ്ട്. അദ്ധ്വാനവും,കാർഷിക സപര്യയും സേവന തൽപരതയും കൊണ്ട് നാടിൻ്റെ ഹൃദയ ഭിത്തിയിൽ അടയാളപ്പെടുത്തലുകൾ സമ്മാനിക്കുകയാണ് ഈ തൊഴിലാളികൾ
No comments