Breaking News

കളിമണ്ണിൽ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ തീർത്ത് വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ അമർനാഥ്


 

വെള്ളരിക്കുണ്ട്: പ്ലാച്ചിക്കരയിലെ സി ആർ അമർനാഥ് എന്ന പതിനൊന്നുകാരന്റെ കൈകളിൽ ഒതുങ്ങാത്ത രൂപങ്ങളില്ല. ഇപ്പോൾ ചയ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അമർനാഥ് വെള്ളരിക്കുണ്ട് സെൻ്റ്.ജോസഫ് യു .പി സ്ക്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ് കളിമണ്ണുമായുള്ള ചങ്ങാത്തം. അന്ന് സ്കൂളിലെ പ്രവർത്തിപരിചയ മേളയിൽ മണ്ണിൽ തീർത്ത ആമയുടെ രൂപമാണ് കൊച്ചു മനസിലെ ശിൽപിയെ ഉണർത്തിയത്. അച്ഛനോട് പറഞ്ഞ് നീലേശ്വരത്ത് നിന്ന് കളിമണ്ണ് വരുത്തിച്ച് മനസ്സിൽ തോന്നുന്ന രൂപങ്ങൾ നിർമ്മിച്ചു തുടങ്ങി. അധ്യാപകരും പ്രോത്സാഹിപ്പിച്ചതോടെ  നിരവധി ശിൽപ്പങ്ങൾ അമർനാഥിൻ്റെ കുഞ്ഞുകൈകളിലൂടെപിറന്നു. അബ്ദുൽകലാം , ആന, ദണ്ഡിയങ്ങാനത്ത് ഭഗവതി, ശിവൻ, ജോക്കർ തുടങ്ങി നിരവധി രൂപങ്ങൾ ആ കൈകളിൽ വിരിഞ്ഞു. ഇതിൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജീവൻ തുടിക്കുന്ന രൂപം ഏവരേയും ആകർഷിക്കുന്നതാണ് ചിത്രചനയിലും കഴിവ് തെളിയിച്ച അമർനാഥ് ഇതിനകം നിരവധി സമ്മാനങ്ങൾ  നേടി. എൽപി തലത്തിൽ ജില്ലാതലത്തിൽ രണ്ട് വിഭാഗത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.യുപിയിൽ സബ് ജില്ലവരെ മത്സരം ഉണ്ടായിരുന്നുള്ളു. അതിൽഎ ഗ്രേഡോടെ ഒന്നാം സ്ഥാനംനേടി. താലൂക്ക് ലൈബ്രറികൗൺസിൽ നടത്തിയ ചിത്രരചനാ, കാർട്ടൂൺ മത്സരങ്ങളിൽഒന്നാം സ്ഥാനം, സ്കൗട്ട്സ് ജില്ലാതല കബ് ബുൾ ബുൾ മത്സരങ്ങൾക്ക് പുറമെ ക്ലേമോഡലിൽ ഒന്നാംസ്ഥാനം എന്നിവയും കരസ്ഥമാക്കി ഈ കൊച്ച് മിടുക്കൻ. വിവിധ വായനശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. മികച്ച സ്കൗട്ട് വളൻഡിയറും ബാലസംഘം പ്രവർത്തകനുമാണ്.  സഹോദരൻ സി ആർ അഭിരാമും ചിത്രകലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. വെസ്റ്റ്എളേരി സഹകരണ ബാങ്ക് ജീവനക്കാരൻ പ്ലാച്ചിക്കരയിലെ സി.വി രാഘവന്റെയും പ്ലാച്ചിക്കര പൊതുജന വായനശാല ലൈബ്രേറിയൻ നിഷയുടെയും മകനാണ്.

No comments