Breaking News

ബളാൽ പഞ്ചായത്തിലെ വികസന മുരടിപ്പ്: ഇടതുമുന്നണി പ്രത്യക്ഷ സമരത്തിലേക്ക്.. ഒക്ടോബർ 1ന് വെള്ളരിക്കുണ്ട് നഗരമധ്യത്തിൽ സത്യാഗ്രഹം


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിലെ പതിറ്റാണ്ടുകൾ പിന്നിട്ട വികസന മുരടിപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബളാൽ പഞ്ചായത്തു കമ്മിറ്റി പ്രത്യക്ഷ സമരരംഗത്തേക്ക്.

ഇന്നലെ വെള്ളരിക്കുണ്ടിലെ സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന എൽ.ഡി.എഫ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഒക്ടോബർ ഒന്നിന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ ആറു മണി വരെ വെള്ളരിക്കുണ്ട് നഗരമധ്യത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു കൊണ്ട് മുന്നണി സമരപരമ്പരകൾക്ക് തുടക്കം കുറിക്കും .

ഇടതുമുന്നണിയുടെ ജില്ലാ - സംസ്ഥാന നേതാക്കൾ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബളാലിൽ പഞ്ചായത്തിൻ്റേതായ യാതൊരുവിധ വികസന പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

സമീപ പഞ്ചായത്തുകളെല്ലാം ആധുനിക സജ്ജീകരണങ്ങളോടെ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുമ്പോൾ ബളാലിൻ്റെ വികസനം മാത്രം പിന്നോട്ടാണ്. അടിസ്ഥാന സൗകര്യ രംഗത്ത് യാതൊരു പുരോഗതിയുമുണ്ടാക്കാത്തത് മൂലം ഈ വിദൂര ഗ്രാമീണ മേഖലയിലെ സാധാരണക്കാർ അനുഭവിക്കുന്ന ജീവിത പ്രതിസന്ധികളെക്കുറിച്ച് ഭരണ നേതൃത്വം ചിന്തിക്കുന്നതുപോലുമില്ല.


നിത്യവും ആയിരങ്ങൾ വന്നിറങ്ങി കയറിപ്പോകുന്ന വെള്ളരിക്കുണ്ടിലെ ബസ് സ്റ്റാൻഡിൻ്റെ  ശോചനീയാവസ്ഥ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്.

ഇതുവരെയും ഒരു പൊതു ശ്മശാനം രൂപപ്പെടുത്താൻ പഞ്ചായത്തിനായാട്ടില്ല. ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രക്ക് പോലും പറ്റാത്ത  സ്ഥിതിയിലാണ്. പൊതുശുചി മുറികളുടെ അപര്യാപ്ത വലിയ ബുദ്ധിമുട്ട് സാമാന്യ ജനത്തിനുണ്ടാക്കുന്നുവെന്ന് യോഗം ആരോപിച്ചു.


ഏറെ ശോചനീയമായ അവസ്ഥയിലാണ് പഞ്ചായത്തു പരിധിയിലെ  ദളിത് വിഭാഗങ്ങൾ. അവരുടെ  വേദനാ പൂർണമായ ആവശ്യങ്ങളെ അധികൃതർ ഗൗനിക്കുന്നതേയില്ലെന്നും യോഗം വിലയിരുത്തി. യോഗത്തിൽ എൽ.ഡി.എഫ് ചെയർമാൻ ചന്ദ്രൻ വിളയിൽ അധ്യക്ഷത വഹിച്ചു.

കൺവീനർ ടി.പി.തമ്പാൻ കാര്യങ്ങൾ വിശദീകരിച്ചു. മുൻ എം.എൽ.എ. എം.കുമാരൻ, സി.പി.ബാബു, സി.ദാമോദരൻ, ടോമി മണിയംതോട്ടം, സ്കറിയ കല്ലേക്കുളം, കെ. ഡി. മോഹനൻ, ജോർജുകുട്ടി തോമസ് മാടപ്പള്ളി, ഷാജൻ പൈങ്ങോട്ട് ,ദിനേശൻ നാട്ടക്കൽ, ടി.പി.നന്ദകുമാർ എന്നിവർ സംബന്ധിച്ചു.

No comments