Breaking News

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു


ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഈ മാസം സെപ്തംബറിലാണ് ളാഹ ഗോപാലന് കോവിഡ് ബാധിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചിത്സയിലായിരുന്നു നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള നേതാവാണ് ​ളാഹ ഗോപാലൻ. 2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്‍റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടിൽ കെട്ടിയായിരുന്നു സമരം. സമരത്തിന് പിന്നാലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ളാഹ ഗോപാലനാണ് നേതൃത്വം നല്‍കിയത്. അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെട്ട സമിതി ചര്‍ച്ച ചെയ്താണ് ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള പാക്കേജ് തയ്യാറാക്കിയത്. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികജാതിക്കാര്‍ക്ക് അരയേക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതവും നല്‍കാമെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ പാക്കേജ്. താമസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് പിന്നീട് പ്രതിഷേധമുണ്ടായി. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ളാഹ ഗോപാലന്‍ ചെങ്ങറയില്‍ നിന്ന് ഇറങ്ങി.

No comments