Breaking News

കോവിഡ് -19 വാക്സിനേഷനിൽ മികച്ച നേട്ടവുമായി കാസറഗോഡ് ജില്ല ബളാൽ, ബെള്ളൂർ, കുംബഡാജെ, കുമ്പള, കള്ളാർ, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, കാസറഗോഡ് നഗരസഭകളിലും തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യഡോസ് വാക്സിനേഷൻ സ്വീകരിച്ചു




കാസറഗോഡ്: കോവിഡ് -19 വാക്സിനേഷനിൽ മികച്ച നേട്ടം കൈവരിച്ച്  കാസറഗോഡ് ജില്ല. ജില്ലയിൽ ഇത് വരെയായി 80% പേർ ആദ്യ ഡോസ് വാക്‌സിനും 39% പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.. ബളാൽ, ബെള്ളൂർ, കുംബഡാജെ, കുമ്പള, കള്ളാർ, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും  കാഞ്ഞങ്ങാട്, കാസറഗോഡ് നഗരസഭകളിലും തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യഡോസ് വാക്സിനേഷൻ സ്വീകരിച്ച് കഴിഞ്ഞു. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്  ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

        ജില്ലാ തലത്തിലും കീഴ്സ്ഥാപനങ്ങളിലും നടത്തിയ കൃത്യമായ പ്രവർത്തനആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും മികവാണ് ജില്ലയെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ലഭ്യമാകുന്ന വാക്സിൻ ജില്ലാ കേന്ദ്രത്തിൽ നിന്നും കൃത്യമായി , സമയബന്ധിതമായി വിതരണം ചെയ്യാനും സ്ഥപനങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും സാധിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിക്കേണ്ടുന്ന ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അവധി ദിവസങ്ങളിൽ പോലും വാക്സിനേഷൻക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടാണ് ആരോഗ്യ വകുപ്പ് പ്രശംസനീയമായ നേട്ടത്തിലേക്കെത്തിയത്.

     കോളനികൾ, അഗതി പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചും ഭിന്ന ശേഷിക്കാർ , കിടപ്പു രോഗികൾ എന്നിവർക്ക് താമസ സ്ഥലത്തെത്തിയും വാക്സിൻ നൽകുന്ന പ്രവർത്തനം കാര്യക്ഷമമായി നടത്താൻ ജില്ലയിൽ സാധിച്ചു. വാക്സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘു വീഡിയോകൾ, ഡിജിറ്റൽ പോസ്റ്ററുകൾ തുടങ്ങിയ  മാർഗങ്ങളിലൂടെ നടത്തിയ നിരന്തരമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ വാക്സിനേഷന് അനുഗുണമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഏറെ  സഹായിച്ചിട്ടുണ്ട്.

        ജില്ലാ RCH ഓഫീസർ ഡോ.മുരളീധരനെല്ലൂരായ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ തലത്തിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വളരെ  ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അർഹരായ മുഴുവൻ പേർക്കും വാക്സിനേഷൻ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കാസർഗോഡ് ജില്ല .


No comments