Breaking News

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരത്തിന് ചെറുപുഴ പെരിങ്ങോം സ്വദേശി അഫ്സാന ലക്ഷ്മി അർഹയായി


പയ്യന്നൂര്‍: 45-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരത്തിന് പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി അഫ്സാന ലക്ഷ്മി ( ആദിത്യ ) അര്‍ഹയായി. വെളുത്ത മധുരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ചെറുപുഴ പെരിങ്ങോം സ്വദേശികളായ കെ.വി മധുസൂദനന്‍ - ശുഭ ദമ്പതികളുടെ മകളാണ്.


കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്ക്കാരമാണിത്. 


ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിൻ ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സെബിൻ രാജ് എന്നിവർ നിർമിച്ച 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണാ'ണ് ഏറ്റവും മികച്ച ചിത്രം. 'എന്നിവർ' എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ.


അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും, വെള്ളം ) ചേർന്ന് പങ്കിട്ടു.അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

No comments