Breaking News

കാസർകോട് വികസന പാക്കേജ്; ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 11.47 കോടിയുടെ കുടിവെള്ള- ജലസേചന പദ്ധതികൾ

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികൾ ജില്ലയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. കള്ളാർ പഞ്ചായത്തിലെ പാണത്തൂർ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിച്ച പദ്ധതിയാണ് ഇതിൽ ഏറ്റവും വലുത്. അഞ്ച് കോടി രൂപയാണ് ജലസേചന വകുപ്പ് നിർവ്വഹണ ഏജൻസിയായ പദ്ധതിയുടെ നിർമ്മാണ ചിലവ്.

ജില്ലയിൽ ജലസേചനത്തിനായി ചെക്ഡാമുകൾ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികളിൽ  13 എണ്ണം പൂർത്തിയായി. ബളാൽ പഞ്ചായത്തിലെ ദേവഗിരി കോളനിക്കടുത്ത് മൈക്കയത്ത് കൊന്നക്കാട്  ചൈത്രവാഹിനി തോടിന് കുറുകെ ട്രാക്ടർവേയോടു കൂടിയ തടയണ നിർമ്മാണം, കുമ്പള പഞ്ചായത്തിലെ ഉളുവാറിൽ കുടിവെള്ള വിതരണ പദ്ധതി, കാറഡുക്ക പഞ്ചായത്തിലെ കരണി അരിത്തളം തോടിന് കുറുകെ അരിത്തളത്ത് വി.സി.ബി കം ട്രാക്ടർവേ നിർമ്മാണം, കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാമ്പങ്ങാനം കൂട്ടമലത്തോടിന് കുറുകെ വിസിബി കം ബ്രിഡ്ജ് നിർമ്മാണം, തൃക്കരിപ്പൂർ പഞ്ചായത്തിലെ തൃക്കരിപ്പൂർ മാത്തിൽ റോഡ് വിസിബി കം ബ്രിഡ്ജ് നിർമ്മാണം, കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ-കടയമങ്കലം വി.സി.ബി നിർമ്മാണം, ചെറുവത്തൂർ പഞ്ചായത്തിലെ കാടൻകോട് കോയാമ്പുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ നിർമ്മാണം, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ജലസംരക്ഷണ സംവിധാനം, മടിക്കൈ പഞ്ചായത്തിലെ മധുരക്കോട്ട് വിസിബി നവീകരണം, അഗ്രോസർവ്വീസ് സെന്റർ ശാക്തീകരണവും യന്ത്രവത്ക്കരണവും സപ്പോർട്ട് സർവ്വീസും, കുമ്പള പഞ്ചായത്തിലെ ആരിക്കാടി-കുമ്പോലിൽ കുടിവെള്ള വിതരണ പദ്ധതി തുടങ്ങി വിവിധങ്ങളായ കുടിവെള്ള-ജലസേചന പദ്ധതികളാണ് സർക്കാരിന്റെ നൂറു ദിന പദ്ധതികളിൽ ഉൾപ്പെടുത്തി കാസർകോട് വികസന പാക്കേജിൽ പൂർത്തിയായത്. കുടിവെള്ള- ജലസേചന വിഭാഗത്തിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നത് 16.13 കോടി രൂപയുടെ പദ്ധതികളാണ്. വാട്ടർ അതോറിറ്റി നിർവ്വഹണ ഏജൻസിയാകുന്ന കാസർകോട് മെഡിക്കൽ കോളേജിലെ കുടിവെള്ള പദ്ധതിയാണ് ഇതിൽ ഏറ്റവും വലുത്. എട്ട് കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനമാണ് കാസർകോട് മെഡിക്കൽ കോളേജിൽ നടക്കാനിരിക്കുന്നത്.

No comments