Breaking News

കുമളി- പെർള കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ ചെറുപുഴ ജോസ് ഗിരി സ്വദേശിക്ക് സമ്മാനം


ചെറുപുഴ: പെർളയിൽ നിന്ന് ഉച്ചക്ക് 01.30 ന് പുറപ്പെട്ട്  കുറ്റിക്കോൽ, ചെറുപുഴയിൽ വൈകുന്നേരം 04.40, ആലക്കോട് 05.10, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പന വഴി കുമളിക്ക് ഓടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ദീർഘ ദൂരയാത്രക്കാർക്ക് വേണ്ടിയുള്ള സമ്മാനപദ്ധതിയുടെ രണ്ടാമത്തെ  നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എ.വി. രാജേഷ് നിർവഹിച്ചു. മലയോര മേഖല പാസഞ്ചർസ് അസോസിയേഷൻ ഭാരവാഹികളായ എം.വി. രാജുവും, കെ. ജനാർദ്ദനനും, വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം അംഗങ്ങളായ ഡാജി ഓടക്കൽ, പി.എൻ. വിജയനും പങ്കെടുത്തു. സമ്മാന പദ്ധതി തുടങ്ങി രണ്ടാഴ്ച  കഴിഞ്ഞുള്ള രണ്ടാമത്തെ  നറുക്കെടുപ്പിൽ സമ്മാനം ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി സ്വദേശി സോയി ജോസഫ് ആണ് നേടിയിട്ടുള്ളത്. സമ്മാനം ചെറുപുഴ പ്രസ്സ് ഫോറം പ്രസിഡന്റ്‌ ജിനോ ഫ്രാൻസീസ് ചെറുപുഴയിൽ വെച്ച് നൽകും. 

പെർള - കുമളി ബസിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനും, ഓൺലൈൻ ബുക്കിംഗ് സംവിധാനം വർദ്ധിപ്പിക്കുവാനും കാസറഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിലെ മലയോര മേഖലയിലെ ബദിയടുക്ക, മുള്ളേരിയ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, ആലക്കോട്, കരുവഞ്ചാൽ, ഒടുവള്ളി മുതലായ സ്ഥലങ്ങളിൽ നിന്നും ഇടുക്കി ജില്ലയിലെ കുമളി, കട്ടപ്പന, ഇടുക്കി, ചെറുതോണി മുതലായ സ്ഥലങ്ങളിൽ നിന്നും  350 രൂപക്ക് മുകളിൽ ഉള്ള തുകയ്ക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക്‌ ചെയ്തിട്ടുള്ള  ദീർഘ ദൂരയാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ട് ഓരോ ഭാഗ്യശാലികളെ ഇടക്കിടക്ക് തിരഞ്ഞെടുത്ത് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ് പദ്ധതി. ഒക്ടോബർ 15 ന് വെള്ളിയാഴ്ച  അവസാനിക്കുന്ന പദ്ധതി പ്രകാരം ആഴ്ച തോറും നറുക്കെടുപ്പ് നടത്തി രണ്ടു ഭാഗ്യശാലികൾക്ക് കൂടി സർപ്രൈസ് ഗിഫ്റ്റ് നൽകും. ഏറ്റവും കൂടുതൽ വരുമാനം പെർള -കുമളി സർവീസിൽ നിന്ന് നേടി തരുന്ന രണ്ടു കെഎസ്ആർടിസി ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്.

No comments